കെ പി രാമനുണ്ണിയുടെ വർഗീയ ദ്രുവീകരണത്തിനെതിരെയുള്ള നിലപാട്

ramanunniമതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേർന്നുള്ള പുസ്തകത്തിലെ സീൻ മതത്തിന്റെ അതിർ വരമ്പുകൾ തകർക്കുന്നവയാണ്. കൃഷ്ണൻ മുഹമ്മദിനെ മുത്തേ എന്നും മുഹമ്മദ് കൃഷ്ണനെ ഇക്കായെന്നും വിളിക്കുന്നത് സ്നേഹത്തിന്റെ ഒരുമയുടെ ഗൃഹാതുരതയുടെ സന്ദേശമാണ് വായനക്കാർക്ക് നൽകുന്നത്.

ഇന്നോളമുള്ള മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും അതിസാങ്കേതികതയും മതങ്ങളുമെല്ലാം ഈ ജീവപ്രപഞ്ചത്തെ അത്യന്തം കുടിലമാക്കുമ്പോൾ മഹാസ്നേഹത്തിന്റെ മതങ്ങളിൽ നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരികയാണ്. ലോക സംസ്ഥാപനത്തിനുള്ള പ്രേമഗീതയുമായി. കെ.പി.രാമനുണ്ണിയുടെ ഏറ്റവും ശ്‌ളാഖനീയമായ ഈ ചിന്തയാണ് ദൈവത്തിന്റെ പുസ്തകം. ലോകനവീകരണത്തിന്റെ പുതിയ മാനിഫെസ്‌റ്റോയാകുകയാണ് ഈ കൃതി.

നോവലിലെ ചില ഭാഗങ്ങളാണ് ഏറെ പ്രസക്തം. മുഹമ്മദ് നബിയുടെ ജനനവും ജീവിതവും അവതരിപ്പിച്ചത് സ്നേഹത്തിന്റെ അഗാധമായ ചിന്തയിൽ നിന്നാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ഉമ്മയായ ആമിനക്ക് പ്രസവവേദന പോലും ഉണ്ടാക്കാതെ വളരെ കരുതലോടെ കൊച്ചുനബി ഭൂമിയിലേക്ക് പ്രസവിച്ച് വീഴുന്ന രംഗത്തിലെ ഭാവനയെല്ലാം അത്യന്തം ഹൃദയഹാരിയാണ്. മുഹമ്മദിന്റെ സ്ഥൈര്യവും ദൃഢവിശ്വാസവും കാരുണ്യവും സഹജീവിസ്‌നേഹവും നീതിബോധവുമെല്ലാം നോവലിൽ മനോഹരമായി ഇതൾ വിടർത്തുന്നു. ശ്രീകൃഷ്‌ണൻ, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങി അവതാരങ്ങളും പ്രവാചകരുമായി അറിയപ്പെടുന്നവരെല്ലാം സഹോദരതുല്യരായി ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളതാണ് പരമപ്രധാനം.
ബാല്യം മുതല്‍ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോന്ന അവരുടെ നിയോഗങ്ങള്‍ തുടരുന്ന കാഴ്ചയിലേക്കാണ് ദൈവത്തിന്റെ പുസ്തകം കടന്നുചെല്ലുന്നത്.

book-1എഴുനൂറോളം പേജുകളുള്ള ദൈവത്തിന്റെ പുസ്തകം മലയാളത്തിലെ രാഷ്ട്രീയ പ്രാധാന്യമുള്ള ഏറ്റവും വലിയ പുസ്തകമെന്നു പറയാം. വർഗീയ ദ്രുവീകരണത്തിനെതിരെയുള്ള എഴുത്തുകാരന്റെ നിലപാടാണ് ഈ പുസ്തകം. അഞ്ച് ഭാഗങ്ങള്‍. അറുനൂറ്റെണ്‍പതില്‍പരം അച്ചടിച്ച പേജുകള്‍. കൃഷ്ണനും നബിയും മാര്‍ക്സും ഗാന്ധിയും ഹിറ്റ്ലറും ഹെഡ്ഗേവാറുമൊക്കെ കഥാപാത്രങ്ങള്‍. മഥുരമുതല്‍ മെക്കവരെയുള്ള വിവിധ നാടുകളില്‍ ജീവിക്കുന്നവര്‍. ദ്വാപരയുഗംമുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടുവരെയുള്ള കാലപ്പരപ്പ്. ബഹിരാകാശംവരെ നീളുന്ന കഥാസ്ഥലി. മാനവികതയെ നവീകരിക്കുന്ന കാഴ്ചകളിലൂടെ കെ.പി.രാമനുണ്ണി സഞ്ചരിക്കുന്നു.

മതങ്ങളിലെ ശരികളും തെറ്റുകളും തിരിച്ചറിയേണ്ടതുണ്ട്. പഴയകാലത്തെ ചില ശരികളായിരിക്കാം പില്‍ക്കാലത്തെ തെറ്റുകൾ. മറ്റുമതങ്ങളിലെ നന്മയുടെ വഴികളും മൊഴികളും വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. അതിനു പര്യാപ്തമായ മനോഹരമായ ഫാന്റസിയാണ് ദൈവത്തിന്റെ പുസ്തകം. വര്‍ത്തമാനകാലജീവിതവും രാഷ്ട്രീയവും നിറയുന്ന ഈ കൃതി മുന്നോട്ട് വയ്ക്കുന്നത് ആശയത്തെക്കാളുപരി ആഗ്രഹമാണ്. ലോകം നവീകരിക്കപ്പെടെണമെന്ന എഴുത്തുകാരന്റെ അദമ്യമായ ഇച്ഛ.
അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രികച്ചും വ്യത്യസ്തമായ നാല് പുറംചട്ടകളോടെ പ്രസിദ്ധീകരിച്ച ഈ നോവല്‍ വരുംനാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

വയലാര്‍ അവാര്‍ഡ് നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനു ശേഷം കെ.പി.രാമനുണ്ണി രചിച്ച നോവലാണ് ദൈവത്തിന്റെ പുസ്തകം. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുള്ള രാമനുണ്ണി ഇപ്പോള്‍ തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്ററാണ്.

കെപി രാമനുണ്ണിയുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ 

Categories: Editors' Picks, LITERATURE