DCBOOKS
Malayalam News Literature Website

ചരിത്രപഠിതാക്കള്‍ക്കായി ആര്‍.എസ്. ശര്‍മ്മ രചിച്ച പ്രാചീന ഇന്ത്യ

ഹാരപ്പന്‍ സംസ്‌കാരം, ആര്യന്മാരുടെ ആധിപത്യം, മൗര്യശതവാഹന കാലഘട്ടം, ഗുപ്തന്‍മാരുടെ വരവും സാമ്രാജ്യസ്ഥാപനവും തുടങ്ങി പ്രാചീന ഇന്ത്യയുടെ ചരിത്രസംഭവങ്ങളെ സവിസ്തരിക്കുന്ന പഠനസഹായിയാണ് പ്രാചീന ഇന്ത്യ. പ്രശസ്ത ചരിത്രകാരന്‍ ആര്‍.എസ്. ശര്‍മ്മ തയ്യാറാക്കിയ ഈ കൃതി ചരിത്രാന്വേഷകര്‍ക്ക് പ്രയോജനപ്രദമാകുന്ന അമൂല്യവത്തായ ഒരു രചനയാണ്. സെനു കുര്യന്‍ ജോര്‍ജാണ് മലയാളത്തിലേക്ക് ഈ കൃതി വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പ്രാചീന ഇന്ത്യയുടെ നാലാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

പ്രാചീന ഇന്ത്യ എന്ന കൃതിയില്‍ നിന്നും…

നാനാത്വത്തില്‍ ഏകത്വം

വംശീയസമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പരീക്ഷണപാത്രമെന്ന് ഇന്ത്യ തെളിയിക്കപ്പെട്ടുകഴിഞ്ഞതിനാല്‍ പുരാതന ഇന്ത്യാചരിത്രം രസകരമാണ്. ആര്യന്മാര്‍ക്ക് മുന്‍പുള്ളവര്‍, ഇന്‍ഡോആര്യന്മാര്‍, ഗ്രീക്കുകാര്‍, സിഥിയര്‍, ഹൂണര്‍, ടര്‍ക്കികള്‍ എന്നിങ്ങനെയുള്ളവര്‍ ഇന്ത്യയെ അവരുടെ ഭവനമാക്കി. ഓരോ വംശീയസമൂഹവും തങ്ങളാലാകുന്ന തരത്തില്‍ ഇന്ത്യയിലെ സാമൂഹ്യവ്യവസ്ഥയുടെയും കലകളുടെയും കെട്ടിടനിര്‍മ്മാണശൈലിയുടെയും സാഹിത്യത്തിന്റെയും പരിണാമത്തില്‍ സംഭാവനചെയ്തു.

ഇന്ന് അവയിലൊന്നുംതന്നെ അവയുടെ ആദ്യരൂപത്തില്‍ വ്യക്തമായി തിരിച്ചറിയപ്പെടാനാകാത്തവണ്ണം ഈ ജനങ്ങളും അവരുടെ സാംസ്‌കാരിക പ്രത്യേകതകളും കൂടിക്കുഴഞ്ഞുകഴിഞ്ഞിരിക്കുന്നു.പുരാതന ഇന്ത്യയിലെ സംസ്‌കാരത്തിന്റെ ഒരു പ്രത്യേക സ്വഭാവമായിരുന്നു വടക്കും തെക്കും നിന്നുള്ളതും പടിഞ്ഞാറും കിഴക്കും നിന്നുള്ളതുമായ സംസ്‌കാരരൂപങ്ങളുടെ ഇഴുകിച്ചേരല്‍. ആര്യന്‍ ഘടകങ്ങള്‍ ഉത്തരേന്ത്യയിലെ വൈദികവും സംസ്‌കൃതവുമായ സംസ്‌കാരങ്ങള്‍ക്ക് സമാനമായും ആര്യനു മുന്‍പുള്ളത് ദക്ഷിണേന്ത്യയിലെ ദ്രാവിഡതമിഴ് സംസ്‌കാരത്തിന് സമവുമായാണ് കണക്കാക്കപ്പെടുന്നത്.

എന്നാല്‍ 1500-500 ബി.സി. കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന വൈദികസംഹിതകളില്‍ ദ്രാവിഡവും സംസ്‌കൃതമല്ലാത്തതുമായ പല വാക്കുകളും കാണാന്‍ കഴിയും. ഉപഭൂഖണ്ഡത്തിലെ അവൈദിക ആശയങ്ങളെയും സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും മനുഷ്യസമൂഹങ്ങളെയുമാണ് അവ സൂചിപ്പിക്കുന്നത്. അതുപോലെ ഗംഗാതടത്തില്‍ വളര്‍ച്ച പ്രാപിച്ച ആശയങ്ങളും സ്ഥാപനങ്ങളും ദ്യോതിപ്പിക്കുന്ന പാലിസംസ്‌കൃതവാക്കുകളും, 300 ബി.സി.-600 എ.ഡി. കാലഘട്ടത്തിലെ സംഘകാലസാഹിത്യമെന്ന് അറിയപ്പെടുന്ന ആദ്യകാല തമിഴ് ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ആര്യന്മാര്‍ക്ക് മുന്‍പുള്ള ആദിവാസികള്‍ താമസിച്ചിരുന്ന പൂര്‍വ്വദേശം അതിന്റേതായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. മുണ്ട കോളാര്യന്‍ ഭാഷകളാണ് ഈ പ്രദേശത്തെ ആളുകള്‍ സംസാരിച്ചത്.

ഇന്‍ഡോ-ആര്യന്‍ ഭാഷകളില്‍ പരുത്തി, കടല്‍യാത്ര, കുഴിപ്പാര എന്നിങ്ങനെയുള്ളവയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അനേകം വാക്കുകളുടെ തുടക്കം മുണ്ട ഭാഷകളിലാണെന്നാണ് ഭാഷാശാസ്ത്രവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഛോട്ടാനാഗ്പൂര്‍ പീഠഭൂമിയില്‍ പല മുണ്ട പ്രദേശങ്ങളുമുണ്ടെങ്കിലും മുണ്ടസംസ്‌കാരത്തിന്റെ അവശേഷിപ്പ് ദ്രാവിഡസംസ്‌കാരത്തിന്റെയത്ര ശക്തമല്ല. പല ദ്രാവിഡ വാക്കുകളും ഇന്‍ഡോആര്യന്‍ ഭാഷകളില്‍ കാണാം. വൈദികഭാഷയുടെ ഉച്ചാരണത്തിലും അര്‍ത്ഥത്തിലുമുള്ള വ്യതിയാനങ്ങള്‍ ദ്രാവിഡസ്വാധീനത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുന്നതിന്റെ അത്രതന്നെ മുണ്ടസ്വാധീനത്തെ അടിസ്ഥാനമാക്കിയും വിശദീകരിക്കാം…

Comments are closed.