DCBOOKS
Malayalam News Literature Website

ഇന്നത്തെ ഇന്ത്യയില്‍ കേരളസര്‍ക്കാരിന് പ്രസക്തിയുണ്ട്: സക്കറിയ

ഇന്നത്തെ ഇന്ത്യയില്‍ കേരളത്തിലെ സര്‍ക്കാരിന് പ്രത്യേക അര്‍ഥവും പ്രസക്തിയുമുണ്ടെന്ന് എഴുത്തുകാരന്‍ സക്കറിയ. വര്‍ഗീയ ഫാസിസത്തിന് കീഴടങ്ങാത്ത ഒരു ജനതയുടെ സര്‍ക്കാരാണിത്. ഇന്ത്യക്ക് മുഴുവന്‍ ഇക്കാര്യത്തില്‍ നാം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തച്ഛന്‍ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മലയാളസാഹിത്യത്തിലെ സമ്മുന്ന ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സക്കറിയ ഏറ്റുവാങ്ങി.അഞ്ചുലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.

എഴുത്തിലൂടെ സമൂഹത്തെ നവീകരിച്ചയാളാണ് സക്കറിയയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സക്കറിയയുടെ രചനകള്‍ സമൂഹത്തെയും സമുദായങ്ങളെയും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടത്തരം സാമൂഹ്യതലങ്ങളിലെ മുഖംമൂടിവച്ചുള്ള പെരുമാറ്റങ്ങളുടെ കാപട്യത്തെ സക്കറിയ തുറന്നുകാണിച്ചുവെന്നും മൂല്യങ്ങളില്‍നിന്ന് അകന്നുപോകുന്ന വിവിധ മതങ്ങളെ വിമര്‍ശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തെപ്പറ്റി പ്രതീക്ഷകളുണ്ട്. ബോധജ്ഞാനവും ആധുനികതയും കൈവരിച്ച് ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിക്ക് അതിപ്രധാനമാണ്. വര്‍ഗീയതയ്ക്ക് അടിമപ്പെടാന്‍ വിസമ്മതിക്കുന്ന ഒരു ജനതയുടെ ഭരണകൂടത്തോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലിന്റെ ഭാഗമായാണ് എഴുത്തച്ഛന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.

ജനാധിപത്യ സംവിധാനത്തെ പൗരന്‍ എന്ന നിലയിലാണ് വിമര്‍ശിച്ചിട്ടുള്ളത്. മാധ്യമങ്ങളുടെ വചന പ്രഘോഷണങ്ങള്‍ ഏറ്റുപാടുന്നത് വിമര്‍ശനമാണെന്ന് കരുതുന്നില്ല. മലയാളിയുടെ ജീവിതത്തില്‍ അഞ്ച് അധികാരകേന്ദ്രങ്ങളുണ്ട്. ഭരണകൂടം, ജാതി, മതം, മാധ്യമം, ദൃശ്യവും അദൃശ്യവുമായ സാമ്പത്തിക താല്‍പ്പര്യം എന്നിവയാണത്. അടിയന്തരാവസ്ഥയെക്കാള്‍ പതിന്മടങ്ങ് സാമര്‍ഥ്യത്തോടെ സ്വേച്ഛാധിപത്യം രാജ്യത്ത് അരങ്ങേറുകയാണ്. ഓരോ പൗരനും ഭരണകൂടത്തെയും സമാന്തര അധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കണമെന്നും സക്കറിയ പറഞ്ഞു.

 

Comments are closed.