DCBOOKS
Malayalam News Literature Website

ശാന്തമീ യാത്ര…!

റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി) റേഡിയോതെറാപ്പിസ്റ്റും കവിയുമായ ശാന്തന്റെ റേഡിയേഷൻ ടേബിളിലെ അനുഭവകുറിപ്പുകളുടെ സമാഹാരമായ യുദ്ധവും മൃത്യുഞ്ജയവും എന്ന പുസ്തകത്തിന് ഡോ.എൻ. സുന്ദരേശൻ എഴുതിയ വായനാനുഭവം

“യുദ്ധവും, മൃത്യുജ്ഞയവും” എന്ന ശാന്തന്റെ പുസ്തകം വായിക്കുന്നത് വായനക്കപ്പുറം ഒരു വലിയ അനുഭവമാണ്. ആർസിസിയിലെ റേഡിയേഷൻ മുറിയാണ് ശാന്തന്റെ പ്രവർത്തി മണ്ഡലം.അവിടെ ചികിത്സക്കു വരുന്ന,റേഡിയേഷൻ ടേബിളിൽ ചികിത്സയ്ക്കായ് കിടത്തപ്പെടുന്ന രോഗികളുടെ രോഗ പരിധിക്കപ്പുറത്ത് ആ ജീവിതങ്ങളുടെ അജ്ഞാത തീരങ്ങൾ തേടിയുള്ള ഒരു കപ്പൽയാത്ര.ആ യാത്രക്കിടയിൽ അലയടിക്കുന്ന കടലുണ്ട് ,ശാന്തിതീരങ്ങളുണ്ട്, ഒറ്റപ്പെട്ട ദ്വീപുകളുണ്ട്. ഈ തിരമാലകൾക്കിടയിലൂടെ പരിചയസമ്പന്നനായ ഒരു നാവികനെപോലെ നമ്മെ നയിക്കുക യാണ് ശാന്തൻ ” യുദ്ധവും മൃത്യുഞ്ജയവും റേഡിയേഷൻ ടേബിളിലെ അനുഭവങ്ങൾ ” എന്ന പുസ്തകത്തിലൂടെ.

ശാന്തൻ അറിയപ്പെടുന്ന കവിയാണ്, എഴുത്തുകാരനാണ്.ക്യാൻസർ ബാധിച്ച ഈ രോഗികളുടെ ജീവിതാവസ്ഥയെ മനുഷ്യസ്നേഹത്തിന്റെ,സഹാനുഭൂതിയുടെ,അനുകമ്പയുടെ കുഴൽകണ്ണാടിയിലൂടെ നോക്കി കാണാനുള്ള ശ്രമമാണ് ഈ പുസ്തകം. മരണത്തിനു മണമുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ,ജീവിതത്തിനു മണമുണ്ടെങ്കിൽ മരണത്തിനുംമുണ്ട്. റേഡിയേഷനു വരുമ്പോൾ അഭൌമമായ ഒരു സുഗന്ധദ്രവ്യത്തിന്റെ മണവുമായി വന്നു കൊണ്ടിരുന്ന ഒരു രോഗി,അയാളുടെ മരണത്തിനു ശേഷം ആമണം മാത്രമായി ശാന്തനനുഭവപ്പെടുന്നതിന്റെ പൊരുളെന്താണ്?

ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവന് ഒടുവിൽ ശ്വാസകോശാർബുദം വന്നാൽ വിധിപര്യന്തം എന്ന് ശാന്തൻ. ഭാര്യയെ വെട്ടിക്കൊല്ലേണ്ടിയിരുന്നില്ല, ജീവിക്കാൻ വിട്ടാൽ മതിയായിരുന്നു.സെക്സിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യം ഇല്ലെന്ന് തിരിച്ചറിയുന്നത് ജീവപര്യന്തം ശിക്ഷവാങ്ങി ഒടുവിൽ വിധിയുടെ ശിക്ഷയേറ്റ് റേഡിയേഷൻ ടേബിളിലാവുമ്പോഴാണ് .

എത്രയോകവികൾ,സാഹിത്യകാരൻമാർ,സന്യാസികൾ ഇവരൊക്കെ റേഡിയേഷൻ  ടേബിളിൽ ശാന്തനു മുന്നിലൂടെ കടന്നു പോയിരിക്കുന്നു.ആശുപത്രികളെ ഭയപ്പെട്ടിരുന്ന ഡി.വിനയചന്ദ്രൻ “വീട്ടിലേക്കുള്ള വഴി”തേടിയിട്ടുണ്ട്,പക്ഷേ ആശുപത്രിയിലേക്കുള്ള വഴി ഒരിക്കലും തേടിയില്ല.

“റാണി” എഴുതിയ തിരുനെല്ലൂരിനെ ക്യാൻസർ സെന്ററിന്റെ വരാന്തയിൽ വച്ചു കാണുന്നു.രോഗകിടക്കയിൽ കിടന്നും അദ്ദേഹം സീത എന്ന ബൃഹത് കവിത എഴുതുക ആയിരുന്നു.സുഹൃത്തൂക്കളോടൊപ്പംആശുപത്രിയിൽ തിരുനെല്ലൂരിന്റെ മുറി കാവ്യ സദസാക്കിയത്.അപാരതയുള്ള ലയമാണെഴുത്ത് എന്നു മനസ്സിലാക്കിയത്.എഴുത്തായിരുന്നു തിരുനല്ലൂരിന്റെ ഔഷധവും, ആരോഗ്യവും എന്ന് തിരിച്ചറിഞ്ഞത് ഒക്കെ Textഅപ്പൊഴായിരുന്നു.

“ക്ഷോഭിക്കുന്നവരുടെ സുവിശേഷ”കർത്താവായ കെ.പി.അപ്പന് ഇഞ്ചക്ഷൻ പോലും  പേടിയായിരു ന്നു.ബൃഹദാകാരം പൂണ്ട റേഡിയേഷൻ  യന്ത്രത്തി നുകീഴിൽ നമ്മളൊക്കെ ലില്ലിപുട്ടിയൻസല്ലേ ,നമ്മൾ പടുത്തുയർത്തിയ ഉയർച്ചകളൊക്കെ വ്യർത്ഥമല്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യം  മനസ്സിനെ ഉലയ്ക്കൂന്നുണ്ട്.

സാന്ത്വന ചികിത്സക്കു വന്ന ഒരു രോഗിക്ക് ശ്രീകുമാരൻ തമ്പിയെ കാണണം.അദ്ദേഹം വന്നു.’അമ്മയ് ക്കൊരു താരാട്ട്’ എന്ന കവിത ചൊല്ലി.അങ്ങനെ വേദനിക്കുന്ന ഞരമ്പിലൂടെ സാന്ത്വനമായി കവിത ഒഴുകി.അതൊരു ചികിത്സയായി.ദീർഘകാല രോഗങ്ങൾ ബാധിച്ചവരുടെ ക്രിയാത്മക പരിചരണമാണ് പാലിയേറ്റീവ് കെയർ.രോഗിയുടെ അന്ത്യാഭിലാഷമായിരുന്നു താജ്മഹൽ കാണണമെന്നത്.ഡോക്ർ പ്രശാന്ത് സമ്മതിച്ചതോടെ അതും നടന്നു.സാന്ത്വനചികിത്സ മരണത്തിനുള്ള കാത്തിരിപ്പല്ല, ആഗ്രഹ നിവർത്തിക്ക് അത് തടസ്സവുമാകരുത് എന്ന് ശാന്തനും,പ്രശാന്തും നമ്മെ ഓർമ്മപ്പെടുത്തുന്നു.

കാൻസർ സെന്റ്റിന്റെ മുകളിൽ നിന്ന് എത്രയോ രോഗികൾ ചാടി ആത്മഹത്യ ചെയ്തിരിക്കുന്നു. സ്നേഹവും,സഹാനുഭൂതിയും നഷ്ടപ്പെട്ടു പോയസമൂഹമാണ് ഇതിനുത്തരവാദി എന്നു ശാന്തൻ പറയുമ്പോൾ നമുക്ക് യോജിക്കാതിരിക്കാൻ കഴിയില്ല കൂട്ടരേ. രോഗം വരുന്ന സമയത്ത് പ്രിയപ്പെട്ടയാൾ ഉപേക്ഷിക്കുക,ശാപവാക്കുകൾ പറയുക ഇതൊക്കെരോഗിക്കു കിട്ടാവുന്ന ദാരുണമായ അനുഭവങ്ങളാണ്.

മെഡിക്കൽ കോളേജിൽ സൈക്കിൾ ചവിട്ടിവന്ന് രോഗികളെ സഹായിക്കുന്ന ,കാവിമുണ്ടുടുത്ത ഒരു ആസ്ട്രേലിയക്കാരൻ സായിപ്പുണ്ടായിരുന്നു, ടോം. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ ഉടമകളാണ് ഇത്തരം മനുഷ്യർ.തൊലിപ്പുറത്ത് കാൻസർ ബാധിച്ച് ടോം ഒടുവിൽ ആർസിസിയിലെത്തി.ചികിത്സയിലിരിക്കുമ്പോഴും അടുത്തുള്ള രോഗികളുടെ സഹായത്തിനാണ് കൂടുതൽ സമയം ചിലവഴിച്ചത്.കാരുണ്യത്തിന്റെ ഉറവയായ ഒരു മനുഷ്യൻ.

കാൻസറും,റേഡിയേഷനും അതീന്ദ്രിയാനുഭവങ്ങളും ചേർന്ന ഒരു പ്രത്യേക തലത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട് ശാന്തൻ അവസാന ലേഖനങ്ങളിൽ.വെള്ളറട മുത്തുക്കുഴി ക്ഷേത്രത്തിലെ പൂജാരിണിയായ ജടാധാരിണിയായ രാജമ്മ. ചകിത്സ തുടങ്ങുന്നതിനു മുമ്പ് റേഡിയേഷൻ ടേബിളിൽ ധ്യാനനിരതയായ വേളയിൽ അവി ടെ ഉണ്ടായ പ്രകമ്പനം,അറിയപ്പെടാത്ത ഒരു ശക്തി വിശേഷത്തെ സാക്ഷ്യപ്പെടുത്തിയത്രേ!

ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരത്തെ ഉണ്ണിസ്വാമി, നാഗസന്യാസിയായ രാജഗിരി മഹരാജ് ഇവരുമായുള്ള ഇഴയടുപ്പം, ഓമല്ലൂരിൽ സമാധിയായ പ്രഭാകര  സിദ്ധയോഗിയെ ശങ്കരൻ കോവിലിൽ കണ്ടുമുട്ടി യതിന്റെ അത്ഭുതം, മാണ്ഡൂക്യോപനിഷത്തിനെ വ്യാഖ്യാനിച്ച ഒരു മുസ്ളീം പ്രഭാഷണം നടത്തുന്നു എന്നപത്രവാർത്ത കേട്ട് ശ്രീ. എമ്മിനെ കണ്ടെത്തിയ നിമിഷം ഇങ്ങനെ ഒരുപിടി അതീന്ദ്രിയാനുഭവങ്ങൾ കൂടി നമുക്കു പകർന്നു തരുന്നുണ്ട് ശാന്തൻ. ഒടുവിൽ സ്വന്തം ഗുരുവും,മെന്ററും കാൻസർ ചികിത്സകനും ആയിരുന്ന ഡോ.സുധാകരൻ തന്നെ കാൻസർ ബാധിതനായതിന്റെ ദു:ഖപൂർണ്ണിമ കൂടി നമ്മെ അനുഭവിപ്പിക്കുന്നുണ്ട് ശാന്തൻ.

പുസതകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.