DCBOOKS
Malayalam News Literature Website

മാതൃഭാഷാ സമരത്തിന് പിന്തുണയറിയിച്ച് പ്രമുഖര്‍; 14 ജില്ലകളിലും തിരുവോണനാളില്‍ സാംസ്‌കാരികനായകര്‍ ഉപവസിക്കും

പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തിവരുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി സാഹിത്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്ത്. തിരുവോണനാളില്‍ സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, മധുസൂദനന്‍ നായര്‍, റഫീക്ക് അഹമ്മദ്, പി. രാമന്‍, വീരാന്‍കുട്ടി, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ പി എസ് സി ഓഫീസിന് മുന്നിലെ സമരപ്പന്തലില്‍ ഉപവാസം അനുഷ്ടിക്കും.

സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉപവാസസമരം നടക്കും. കോഴിക്കോട് സമരകേന്ദ്രത്തില്‍ എം.എന്‍ കാരശ്ശേരി, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ഉപവാസമനുഷ്ടിക്കും. എം.ടി. വാസുദേവന്‍ നായര്‍ സമരത്തെ അഭിസംബോധന ചെയ്യും. ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമേ കൂത്തുപ്പറമ്പ്, വടകര, കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങളിലും ഭാഷാ സ്‌നേഹികള്‍ ഉപവസിക്കും. പ്രൊഫ. എം.കെ. സാനു, സി രാധാകൃഷ്ണന്‍ എന്നിവര്‍ സമരത്തിന് പിന്തുണയറിയിച്ച് വീട്ടില്‍ ഉപവാസമിരിക്കും.

Comments are closed.