DCBOOKS
Malayalam News Literature Website

ഒരേ സമയം ശാന്തവും അടുത്ത നിമിഷം പ്രക്ഷുബ്ധവുമാകുന്ന കഥകള്‍!

വി.കെ. ദീപയുടെ വുമൺ ഈറ്റെഴ്‌സ്  എന്ന പുസ്തകത്തിന് ശൈലന്‍ ശൈലേന്ദ്രകുമാര്‍ എഴുതിയ വായനാനുഭവം.

ചെറുകഥകളുടെ മികച്ച വായനക്കാരനും ആസ്വാദകനുമായ ഒരാൾ ഈയിടെ പറഞ്ഞു, കഴിഞ്ഞ രണ്ടു വർഷമായി മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ നിന്നും കഥ എഴുതിയ വകയിൽ ഏറ്റവും അധികം തവണ പ്രതിഫലം കൈപ്പറ്റിയ കഥാകാരി വി.കെ. ദീപ ആവും എന്ന്.
മാതൃഭൂമിയിലും ഭാഷാപോഷിണിയിലും മലയാളത്തിലും മനോരമ/മാതൃഭൂമി ഓണപ്പതിപ്പുകളിലും ഗൃഹലക്ഷ്മിയിലും എല്ലാം ഈ കഥാകാരി എഴുതിക്കൊണ്ടേയിരിക്കുന്നു.
എന്നാൽ കഥകളെ കുറിച്ചുള്ള ഓഫ്‌ലൈൻ ആയിട്ടുള്ളതോ online ആയിട്ടുള്ളതോ ആയ ഒരുവിധ കൂട്ടായ്മകളിലും ചർച്ചകളിലും ആഘോഷങ്ങളിലും ഗ്രൂപ്പുകളിലും പേജുകളിലും ക്ലബ്ബ് ഹൗസിലും ഒന്നും അങ്ങനെ ഒരാൾ ഇതുവരെ വന്നതായി കണ്ടിട്ടില്ല. ഇനിയിപ്പോ ഇങ്ങനെ ഒരാൾ ശരിക്കും ഉണ്ടോ എന്തോ. അതും അയാളുടെ ഒരു നിരീക്ഷണം.
എഴുതാനും എഴുത്തുകാരി ആവാനും നാട്ടുനടപ്പ് പ്രകാരമുള്ള യാതൊരു വിധ ഗിമ്മിക്സുകളും ഇല്ലാതെ എഴുതിക്കൊണ്ടിരിക്കുന്ന ദീപയുടെ പുതിയ കഥാസമാഹാരമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വുമൺ ഈറ്റെഴ്‌സ്. സമകാലിക മലയാളകഥാസാഹിത്യത്തിലെ
Textമറ്റേതെങ്കിലും എഴുത്തുകാരന്റെയോ/കാരിയുടെയോ രചനാരീതി പിന്തുടരുന്നില്ല എന്നതും എണ്ണത്തിൽ കൂടുതൽ എഴുതുമ്പോഴും സ്വയം ആവർത്തിക്കുന്നില്ല എന്നതും ആണ് ഈ കഥാകൃത്തിന്റെ ഒരു സവിശേഷത ആയി തോന്നിയിട്ടുള്ളത്.
Freshness ശൈലിയിൽ മാത്രമല്ല വിഷയങ്ങളും ഏറക്കുറെ unique ആണ്. പുസ്തകത്തിലെ പതിനൊന്ന് കഥകളും അതിന് മുൻപ് ആനുകാലികങ്ങളിൽ വായിച്ചിട്ടുള്ള ദീപയുടെ കഥകളും വച്ച് നോക്കുമ്പോൾ വുമൺ eaters എന്ന പുസ്തകത്തിന്റെ ശീർഷകം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് എന്ന് ഉറപ്പിച്ച് പറയാം.
കാരണം, കേൾക്കുന്നമാത്രയിൽ മുൻവിധി ജനിപ്പിക്കുന്ന ആ ടൈപ്പ് സോകോൾഡ് പെണ്ണെഴുത്ത് രീതിയല്ല ഈ കഥകളുടേത്. പെണ്ണിന്റെ ആന്തരികതയും ആത്മാവും തുറന്ന് കാണിക്കുന്ന കഥകൾ പലതും ഇക്കൂട്ടത്തിൽ ഉണ്ടെങ്കിലും സ്ത്രീയെ നിസ്സഹായയും നിരാലംബയും സഹതാപാർഹയുമായി ഏകപക്ഷീയമായി ഇരവൽക്കരിക്കാൻ ശ്രമിക്കാതെ അവളുടെ ഉള്ളിലെ ക്രൂരതകളും കുടിലതകളും മാനുഷികമായ മറ്റ് ചാപല്യങ്ങളുമെല്ലാം തുറന്നുകാണിക്കുന്ന കഥാഗതികളും സന്ദർഭങ്ങളും ക്യാരക്റ്ററുകളും ദീപയുടെ എഴുത്തിന്റെ പ്രത്യേകതയാണ്.
ഭാഷാപോഷിണിയിൽ മുൻപ് വായിച്ച “പ്രണയവും എലനയും” എന്നൊരു കഥയുണ്ട്. (പുസ്തകത്തിലും ഉണ്ട് അത്.) ആ എലനയോളം terror ഉം വയലൻസും ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു കഥാപാത്രത്തെ ഈയടുത്ത കാലത്തൊന്നും മറ്റെങ്ങും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൗമ്യമായ സ്വഭാവപ്രകൃതങ്ങൾക്കുള്ളിൽ നിന്നും അവൾ സൃഷ്ടിച്ചു വിടുന്ന ഭീതി കാലങ്ങളോളം പിന്തുടരാൻ മാത്രം വന്യമായത്.
കഥാകൃത്തിന്റെ പൊതുവിലുള്ള രചനാതന്ത്രങ്ങളും ഏലനയുടെ സ്വഭാവരീതികളോട് സാമ്യം പുലർത്തുന്നുണ്ട്. അത്യന്തം ശാന്തമെന്ന് തോന്നിപ്പിക്കുന്ന കഥാവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അത് വായനക്കാരനെ ആഞ്ഞു ദംശിച്ച് വിഷം നീലിപ്പിക്കും. ശക്തമായ മനഃശാസ്ത്ര അടിത്തറയിൽ പണിഞ്ഞുയർത്തിയ ശില്പങ്ങൾക്കുള്ളിലെ ആഭിചാരസിദ്ധിയുള്ള പാത്രസൃഷ്ടികളും അവയുടെ വിചിത്രമായ മനോവ്യാപാരങ്ങളും ജീവിതപരിസരങ്ങളും വായനയെ അതിനുള്ളിലേക്ക് കുരുക്കിയിടുന്ന അനുഭവം.. കഥകളിൽ ഒന്നിന്റെ ടൈറ്റിലിൽ കാണുന്ന പോലൊരു ലാബ്രിന്ത് ആണ് ദീപയുടെ കഥാപ്രപഞ്ചം എന്നും വിശേഷിപ്പിക്കാം.

Comments are closed.