DCBOOKS
Malayalam News Literature Website

ഡബ്ല്യു.സി.സിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനും താരസംഘടനയ്ക്കും നോട്ടീസ്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയാായ എ.എം.എം.എയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ( ഡബ്ല്യു.സി.സി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താരസംഘടനയായ എ.എം.എം.എയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേഷ് റോയ്, ജസ്റ്റിസ് എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ഡബ്യു.സി.സിയും പ്രസിഡന്റ് റിമ കല്ലിങ്കലുമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ചൂഷണ, അതിക്രമ സംഭവങ്ങള്‍ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം ആവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുപ്രീം കോടതിയിടെ ‘വിശാഖാ കേസ്’ വിധിയനുസരിച്ച് തൊഴിലുമായി ബന്ധപ്പെട്ടുള്ള ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വേണം. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്ക് ഉള്‍പ്പെടെ ബാധകമാണ്. താരസംഘടനയില്‍ ഇത്തരം സംവിധാനമില്ലാത്തത് നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ എ.എം.എം.എയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് ഹൈക്കോടതി ഇപ്പോള്‍ സര്‍ക്കാരിനും എ.എം.എം.എയ്ക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

Comments are closed.