DCBOOKS
Malayalam News Literature Website

‘വീണ്ടും ആമേന്‍’ സിസ്റ്റര്‍ ജെസ്മി അനുഭവങ്ങള്‍ തുറന്നെഴുതുന്നു…

കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്‍മാര്‍ഗ്ഗിക പ്രവണതകളെയും വിശ്വാസജീര്‍ണ്ണതയേയും നിശിതമായി തന്റെ ആത്മകഥയിലൂടെ വിമര്‍ശിച്ച സിസ്റ്റര്‍ ജെസ്മിയുടെ പുതിയ കൃതി വീണ്ടും ആമേന്‍ ഉടന്‍ പുറത്തിറങ്ങുന്നു. സഭയിലും സമൂഹമധ്യത്തിലും ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ എന്ന കൃതിയുടെ തുടര്‍ച്ചയാണ് ‘വീണ്ടും ആമേന്‍’. 51-ാമത്തെ വയസ്സില്‍ താന്‍ വിശ്വസിച്ച സഭാസമൂഹത്തില്‍ നിന്നും ജെസ്മി പടിയിറങ്ങുമ്പോള്‍ കൂട്ടിനുണ്ടായിരുന്നത് അചഞ്ചലമായ ധൈര്യവും ശുഭാപ്തിവിശ്വാസവും മാത്രമായിരുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സമകാലിക സംഭവങ്ങളെ കൂട്ടിച്ചേര്‍ത്തു വായിയ്ക്കുമ്പോള്‍ സിസ്റ്റര്‍ ജെസ്മിയുടെ വാക്കുകള്‍ ഏറെ പ്രസക്തമാവുകയാണ്.  ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘വീണ്ടും ആമേന്‍’ ഉടന്‍ പുറത്തിറങ്ങും.

വീണ്ടും ആമേനില്‍ സിസ്റ്റര്‍ ജെസ്മി എഴുതുന്നു…

മൂടിവെയ്ക്കപ്പെട്ട സംഭവങ്ങള്‍ ജേര്‍ണലിസ്റ്റുകള്‍ നേരിട്ടു കാണാനും അറിയാനും തുടങ്ങി. അവരില്‍ സഭാവിശ്വാസികളും ഉണ്ടല്ലോ. മഠത്തിലായിരിക്കുമ്പോള്‍ എന്നെ വളരെയേറെ ബഹുമാനിച്ച ഒരു കത്തോലിക്കാ ജേര്‍ണലിസ്റ്റ് ഞാന്‍ മഠം വിട്ടപ്പോള്‍ എന്നെ വെറുപ്പോടെ കാണാന്‍ തുടങ്ങി. പക്ഷെ അഭയ കേസിലെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് ടി.വിയില്‍ ടെലികാസ്റ്റ് ചെയ്തപ്പോള്‍ ആ യുവാവ് എന്നെ ഫോണില്‍ ബന്ധപ്പെട്ടു.

“കത്തോലിക്കാസഭ ഇത്രയും കാലം സത്യം മറച്ചുവെച്ചു ഞങ്ങളെ ചതിക്കുകയായിരുന്നു. എന്തെല്ലാം നുണക്കഥകള്‍ പറഞ്ഞാണ് അവര്‍ ഞങ്ങളെ വിഡ്ഢികള്‍ ആക്കിയത്?”

പിന്നീട് കോഴിക്കോട് വെച്ച് ഒരു പ്രോഗ്രാമിനിടയില്‍ എന്നെ കണ്ടപ്പോള്‍ സഭ മൂടിവെച്ച ഒരു പുതിയസംഭവം അദ്ദേഹം എന്നോട് വെളിപ്പെടുത്തി. അവിടത്തെ മഠത്തിലെ ഒരു സിസ്റ്റര്‍ ഗര്‍ഭിണി ആണെന്നും അതിനു കാരണക്കാരനായ വൈദികനെ ബിഷപ്പ് വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ വൈദികന്‍ നല്‍കിയ മറുപടികളുടെ പകര്‍പ്പ് അവര്‍ക്ക് ലഭ്യമായെന്നും ജേര്‍ണലിസ്റ്റ് എന്നെ അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യാന്‍ ജേര്‍ണലിസ്റ്റുകളെ സഭ തടഞ്ഞിരിക്കുകയാണെന്നതാണ് ആ യുവാവിനെ രോഷം കൊള്ളിക്കുന്നത്. വൈദികന്റെ വരികള്‍ യുവാവ് എന്നെ കാണാപ്പാഠം പഠിപ്പിക്കുകയായിരുന്നു.

“ഇറ്റ് ഈസ് എ വണ്‍ ടൈം ആക്‌സിഡെന്റ്, ഐ കാണ്‍ട് ബെയര്‍ ഇറ്റ് ലൈഫ് ലോങ്.” (ഇത് ഒരു ഒറ്റപ്പെട്ട അപകടമാണ്. ജീവിതകാലം മുഴുവന്‍ ഇത് ഏറ്റെടുക്കാന്‍ എനിക്കാകില്ല.) അച്ചന്‍ തുടര്‍ന്നും വണ്ടി ഓടിക്കുമെന്നല്ലേ അതിന്റെ സാരം. ഗര്‍ഭം വല്ലപ്പോഴും സംഭവിക്കുന്ന ഒരു അപകടം മാത്രമായി അച്ചന്‍ കാണുന്നു. ആ സിസ്റ്റര്‍ പ്രസവിച്ചെന്നും സിസ്റ്ററും കുഞ്ഞും എവിടേയ്ക്ക് മാറ്റപ്പെട്ടുവെന്നു പറയാന്‍ പള്ളിക്കാര്‍ തയ്യാറല്ലെന്നും അടുത്ത വര്‍ഷം കോഴിക്കോട്ടെത്തിയ എനിയ്ക്ക് അറിയാന്‍ കഴിഞ്ഞു. പത്രത്തിലോ മീഡിയയിലോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സഭാധികാരികളാല്‍ തടയപ്പെട്ടതിനാല്‍ വിശ്വാസികള്‍ അറിയാതെപോയതും ചാനലുകളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയതുമായ ദയനീയവും ക്രൂരവുമായ ഒരു സഭാസംഭവം ആയിരുന്നു അത്.

 

Comments are closed.