DCBOOKS
Malayalam News Literature Website

ദലിതരെ ഇസ്‌ലാമിലേക്ക് നയിക്കേണ്ടതുണ്ടോ?

ശ്രദ്ധേയമായൊരു കാര്യം അഭിമന്യുവിന്റെ വധത്തില്‍ എന്നതുപോലെ ജോസഫിന്റെ കൈവെട്ടി മാറ്റിയ സംഭവത്തിലും കേരളത്തിലെ ദലിത് പൊതുമണ്ഡലം നിശ്ശബ്ദമായിരുന്നുവെന്നതാണ്. ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോള്‍ ദലിതുപക്ഷത്തുനിന്ന് അന്ന് ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ ഒരുപക്ഷേ, അഭിമന്യുവെന്ന ആദിവാസി വിദ്യാര്‍ത്ഥിയുടെ ദാരുണമായ അന്ത്യം ഇന്ന് ഒഴിവാക്കാനായേനെ. പകരം ജോസഫിന്റെ കൈവെട്ടിമാറ്റിയ കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിനിടയില്‍ മുസ്‌ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന സന്ദേഹം ഇസ്‌ലാമിസ്റ്റുകള്‍ ഉയര്‍ത്തിയപ്പോള്‍ നവജനാധിപത്യപ്രസ്ഥാനത്തിന്റെ ലേബലില്‍ അതില്‍ പങ്കാളികളാകുകയും എറണാകുളത്ത് മുസ്‌ലിം സാഹോദര്യ സമ്മേളനം നടത്തുകയുമാണ് ദലിത് നേതൃത്വനിരയില്‍നിന്ന് ചിലര്‍ ചെയ്തത്.

പ്രമുഖ ദലിത് ചിന്തകന്‍ കെ.എം. സലിം കുമാര്‍ എഴുതുന്നു

രാഷ്ട്രീയകൊലകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചൊരു സംസ്ഥാനമാണ് കേരളം. സ്വയം തിരുത്തുന്നതിനെക്കുറിച്ചുള്ള ചിന്തയ്ക്ക് ഇവിടെ പ്രസക്തിയില്ല. വിയോജിക്കുന്നവരെ നേരിടുവാനുള്ള വഴി അവരെ കൊന്നുകളയുക എന്നതാണ്. ഇത്തരത്തില്‍ തങ്ങള്‍ മാറുകയില്ലെന്നും തങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍ ഇല്ലായ്മ ചെയ്യപ്പെടുമെന്നുമുള്ള സന്ദേശം നല്‍കുന്ന അരുംകൊലകളിലൊന്നായിരുന്നു ഇടുക്കി വട്ടവട സ്വദേശിയും ആദിവാസിയും എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിന്റെ വധം.കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമിടയില്‍ നിലനിന്നിരുന്ന കൊലപാതകരാഷ്ട്രീയം കമ്മ്യൂണിസ്റ്റുമേല്‍ക്കോയ്മക്കെതിരായ നീക്കത്തില്‍ കത്തിജ്ജ്വലിപ്പിച്ചത് സംഘപരിവാര്‍ ശക്തികളാണ്.

ഇതേ കൊലയാളിരാഷ്ട്രീയത്തിന്റെ പ്രായോഗിക പരിസരത്തുനിന്നാണ് ഇസ്‌ലാമികരാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐ. (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) അഭിമന്യുവിനെ വധിച്ചത്. സംഘപരിവാര്‍ ശക്തികളും ഇസ്‌ലാമിസ്റ്റുകളും കൊലപാതകരാഷ്ട്രീയത്തിലേക്ക് കടന്നുവന്നതോടെ മതാധിഷ്ഠിതവും വര്‍ഗ്ഗീയവുമായൊരു മാനം അത് കൈവരിച്ചു. സങ്കീര്‍ണ്ണമായ ഈ രാഷ്ട്രീയ പരിസരത്താണ് രാജ്യത്തെവിടെയും ദലിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുന്ന കേരളത്തിലെ ദലിതര്‍ അഭിമന്യുവിന്റെ കൊലപാതകം നിശ്ശബ്ദമായി നോക്കിനിന്നത്. ചിലരെങ്കിലും കൊലയാളികളെ ന്യായീകരിക്കുകയും ചെയ്തു. അഭിമന്യുവിന്റെ വധം ഒരു രാഷ്ട്രീയക്കൊലയാണെന്നും കാമ്പസ് ഫ്രണ്ടിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നതുകൊണ്ടാണ് അഭിമന്യു വധിക്കപ്പെട്ടതെന്നും ഈ വധത്തിനു പിന്നില്‍ മതതീവ്രവാദമുണ്ടെന്ന് കരുതാനാവില്ലെന്നും കേരളരാഷ്ട്രീയത്തില്‍ ഇടം നേടാനായി ന്യൂനപക്ഷപദവി ഉപയോഗിക്കുക മാത്രമാണ് എസ്.ഡി.പി.ഐ. ചെയ്തതെന്നുമാണ് ദലിത് ആദിവാസി ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാവ് എം. ഗീതാനന്ദന്‍ പറയുന്നത് (ഹിന്ദു ദിനപത്രം – ജൂലൈ 15, 2018). അഭിമന്യുവിന്റെ കൊലയിലല്ല, കൊലയാളികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിലാണ് ദലിത് എഴുത്തുകാരനായ കെ.കെ. ബാബുരാജ് രോഷാകുലനാകുന്നത്. അഭിമന്യുവിന്റെ മരണത്തെ സാംസ്‌കാരിക രക്തദാഹികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും മേല്‍ജാതിക്കാരും കീഴ്ജാതിക്കാരും മാര്‍ക്‌സിസ്റ്റുകളും സംഘപരിവാര്‍ ശക്തികളും ഒന്നിച്ച് മുസ്‌ലിം പൊതുശത്രുവിനെതിരെ ഒരവസരമായി ഉപയോഗിക്കുകയാണെന്നുമാണ് ബാബുരാജ് പറയുന്നത്. അഭിമന്യുവിന്റെ മരണം കൊലപാതകമാണെന്നുപോലും പറയുവാന്‍ ബാബുരാജിന് കഴിയുന്നില്ല.

ഒരു കാര്യം ഉറപ്പിച്ചുപറയുവാനാകും ഗീതാനന്ദനും ബാബുരാജും പറയുന്നതില്‍നിന്ന് ഭിന്നമായി എസ്.എഫ്.ഐ. നേതാവല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ ദലിത് പൊതുമണ്ഡലം അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഇത്ര വലിയൊരു നിശ്ശബ്ദത പാലിക്കുമായിരുന്നുവെന്ന് കരുതാനാവില്ല. അപ്പോഴും അവശേഷിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. കൊലയ്ക്കു കൊലയെന്ന കൊലയാളി രാഷ്ട്രീയത്തിന് വെളിയിലായിരുന്നു അഭിമന്യു. അഭിമന്യുവിനെ കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും തങ്ങളിലൊരാളെ കൊന്നതിന്റെയോ കൊല്ലിച്ചതിന്റെയോ പകപോക്കലായിട്ടാണ് അഭിമന്യുവിനെ കൊല്ലേണ്ടി വന്നതെന്ന് പറയാനാകുന്നില്ല. ഒരു പ്രതികാരദാഹിയുടെ അന്ത്യമായിരുന്നില്ല അഭിമന്യുവിന്റേത്. എന്നാല്‍ ഗീതാനന്ദനും ബാബുരാജും കാണാന്‍ ശ്രമിച്ചത് അഭിമന്യുവിന്റെ എസ്.എഫ്.ഐ. മാര്‍ക്‌സിസ്റ്റ് സ്വത്വം മാത്രമാണ്. മറുഭാഗത്ത് അവര്‍ എസ്.ഡി.പി.ഐ.യുടെ മര്‍ദ്ദിത ന്യൂനപക്ഷ സ്വത്വത്തെയും കണ്ടു. കാണാതെപോയത് അഭിമന്യുവിന്റെ ആദിവാസി സ്വത്വമാണ്. ഇതുതന്നെയായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ക്കും വേണ്ടത്. അവര്‍ മറച്ചുവെക്കുവാന്‍ ശ്രമിച്ചത് അഭിമന്യുവിന്റെ ആദിവാസി സ്വത്വമായിരുന്നു. ഉയര്‍ത്തിപ്പിടിച്ചത് രക്തസാക്ഷിത്വവും.

അറിയേണ്ടത് വട്ടവടയെന്ന അതിപിന്നാക്ക ആദിവാസി-ദലിത് ഗ്രാമത്തെക്കുറിച്ചും അഭിമന്യുവിന്റെ നിര്‍ധന കുടുംബത്തെക്കുറിച്ചും വട്ടവടയില്‍നിന്ന് എങ്ങനെ അഭിമന്യു എറണാകുളം മഹാരാജാസ് കോളജില്‍ എത്തി എന്നതിനെക്കുറിച്ചുമാണ്. കാലത്തിന്റെയും ചരിത്രത്തിന്റെയും ലംഘനമതിലുണ്ട്. ഒരു കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷ അഭിമന്യുവിലുണ്ടായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തല്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന പ്രതിഭാശാലിയായൊരു വിദ്യാര്‍ത്ഥിയുടെ ജീവിതമായിരുന്നു അഭിമന്യുവിന്റേത്. പഠിച്ചും കളിച്ചും പാടിയും പറഞ്ഞും എഴുതിയും വരച്ചും നിഷ്‌കളങ്കമായി പൊട്ടിച്ചിരിച്ചും മഹാരാജാസ് കോളജിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ സ്‌നേഹസാന്നിദ്ധ്യമായി മാറാനും അവരോടൊപ്പവും അവരുടെ മുന്നിലും നടക്കുവാനും അഭിമന്യുവിന് കഴിഞ്ഞിരുന്നു. ജന്മം കൊടുത്ത സമൂഹത്തിന്റെ അഭിമാനമായിരുന്നു ആ ജീവിതം.

അഞ്ചു പതിറ്റാണ്ടുമുമ്പ് മഹാരാജാസ് കോളജിലെത്തിയ ഒരു ട്രൈബല്‍ വിദ്യാര്‍ത്ഥിയായിരുന്നു ഈ ലേഖകന്‍. പഠനമല്ലാതെ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്. കോണ്‍ഗ്രസ് അനുഭാവത്തില്‍നിന്ന് ഇടതുപക്ഷത്തേക്കും തീവ്രഇടതുപക്ഷത്തേക്കും ദലിത് പക്ഷത്തേക്കുമുള്ള പരിണാമമായി ജീവിതം മാറി. തിരിച്ചറിവല്ല, തിരിച്ചറിവുകളാണ് നയിച്ചത്. ഈ പരിണാമത്തിനിടയില്‍ മാറ്റമില്ലാതെ നിന്നത് ജന്മം നല്‍കിയ ഇടത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. ജീവിതം എങ്ങനെയാണെന്ന് തീരുമാനിക്കുവാനുള്ള ഉള്‍പ്രേരണ അതിനുണ്ടായിരുന്നു. അതേസമയം എന്നെപ്പോലൊരു വിദ്യാര്‍ത്ഥിക്ക് അസാധ്യമായിരുന്ന എത്രയെത്ര ഇടങ്ങളിലേക്കാണ് അഭിമന്യു അനായാസേന കടന്നുചെന്നത്. അന്യാദൃശമായൊരു ചലനാത്മകത ഇതിന്റെ പിന്നിലുണ്ടായിരുന്നു. എവിടെയും കുടുക്കപ്പെടാനിടയില്ലാത്ത ജീവിതാവിഷ്‌കാരങ്ങളുടെ സൂചകമായിരുന്നു അത്. ഇതിനര്‍ത്ഥം ഏതെങ്കിലുമൊരു ചിഹ്നവ്യവസ്ഥയ്ക്കുള്ളില്‍ ഒതുക്കപ്പെടുന്നൊരു വ്യക്തിത്വമായിരുന്നില്ല അഭിമന്യുവിന്റേത് എന്നാണ്.

മഹാരാജാസ് കോളജിലെത്തുന്ന മറ്റേതൊരു ദലിത്-ആദിവാസി വിദ്യാര്‍ത്ഥിയെയുംപോലെ അഭിമന്യുവും എസ്.എഫ്.ഐ.യില്‍ ചേരുക സ്വാഭാവികമായിരുന്നു. അതായിരുന്നു സാധ്യത. സാധ്യതയുടെ വിനിയോഗമായിരുന്നു അഭിമന്യുവിന്റെ വിദ്യാര്‍ത്ഥിരാഷ്ട്രീയം.

രാജ്യത്തെവിടെയും മുസ്‌ലിങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ അക്രമിക്കപ്പെടുന്നവരോടൊപ്പമായിരുന്നു അഭിമന്യു. ഇസ്‌ലാമിനെതിരായിട്ടല്ല, മുസ്‌ലിങ്ങള്‍ക്കിടയിലെ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരായിട്ടാണ് അഭിമന്യു സംസാരിച്ചതും ചുവരെഴുതിയതും. മുസ്‌ലിങ്ങളോടുള്ള ശത്രുതയല്ല, മുസ്‌ലിങ്ങള്‍ക്കിടയിലെ വര്‍ഗ്ഗീയതയോടുള്ള വിയോജനം മാത്രമായിരുന്നു അത്. ഹിന്ദുത്വവാദികള്‍ക്കെതിരെ മുസ്‌ലിംപക്ഷം ചേരുകയും മുസ്‌ലിങ്ങള്‍ക്കിടയിലെ വര്‍ഗീയതയോട് വിയോജിക്കുകയും ചെയ്ത അഭിമന്യുവാണ് എസ്.ഡി.പി.ഐ.യുടെ കൊലക്കത്തിക്ക് ഇരയായത്. ഹിന്ദുത്വം വിമര്‍ശിക്കപ്പെടുമ്പോള്‍ ആവേശംകൊള്ളുകയും ഇസ്‌ലാം വിമര്‍ശിക്കപ്പെടുമ്പോള്‍ അക്ഷമരായിത്തീരുകയും ചെയ്യുന്ന അപകടകരമായൊരു രാഷ്ട്രീയം ഈ കൊലപാതകത്തിന് പിന്നിലുണ്ട്. വിശ്വാസത്തിനുവേണ്ടി കൊല്ലുകയും ചാവുകയും ചെയ്യുന്ന ഇസ്‌ലാമികരാഷ്ട്രീയമാണിത്. തോളില്‍ കൈയിട്ടുനടന്നവര്‍തന്നെ കൊലയാളികളായി മാറുന്ന ഈ രാഷ്ട്രീയത്തില്‍ മാനവികമൂല്യങ്ങള്‍ക്ക് പ്രസക്തിയില്ല. ആസൂത്രിതമായ ഗൂഢാലോചന അതിന്റെ പ്രവര്‍ത്തനശൈലിയാണ്. എതിരാളികളെ ടെററൈസ് ചെയ്യുകയെന്നത് അതിന്റെ പ്രായോഗികാവിഷ്‌കാരമാണ്. ഇസ്‌ലാമിസ്റ്റുകള്‍ ആഭ്യന്തരമായ വിയോജിപ്പുകളെ എങ്ങനെയാണ് നേരിടുന്നത് എന്നതിന്റെ കേരളീയ അനുഭവമായിരുന്നു ചേകന്നൂര്‍ മൗലവിയുടെ വധം (1993 ജൂലൈ 29). ഇനിയൊരു മുസ്‌ലിമും പ്രമാണങ്ങളെ തിരുത്തിക്കുറിക്കുവാന്‍ ധൈര്യപ്പെടുകയില്ലെന്ന ഉറപ്പാണ് ഈ കൊലപാതകം നല്‍കുന്ന സന്ദേശം. ഇതാണ് ഇസ്‌ലാമിക ഭീകരവാദം. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ പൂര്‍ണ്ണമായ പര്‍ദ്ദയ്ക്കുള്ളിലായ മുസ്‌ലിംസ്ത്രീകളുടെ സ്വാതന്ത്ര്യവാഞ്ഛയ്‌ക്കെതിരായ സന്ദേശംപോലും മൗലവിയുടെ കൊലയ്ക്കുപിന്നിലുണ്ടായിരുന്നു. ഈ രാഷ്ട്രീയത്തെയാണ് യാതൊരു വിവേചനവുമില്ലാതെ ഗീതാനന്ദനെയും ബാബുരാജിനെയുംപോലുള്ളവര്‍ ന്യായീകരിച്ചത്.

വിചിത്രമായൊരു കാര്യം ഇസ്‌ലാമിക രാഷ്ട്രീയപാര്‍ട്ടികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ദലിത് മുസ്‌ലിം സാഹോദര്യത്തെക്കുറിച്ചാണ് എന്നതാണ്. മര്‍ദ്ദിതരായൊരു ജനതയ്ക്കും മതന്യൂനപക്ഷത്തിനുമിടയിലുള്ള ഈ സാഹോദര്യസങ്കല്പത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. പ്രത്യേകിച്ചും ജാതിഹിംസപോലെ തന്നെ ന്യൂനപക്ഷഹിംസയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്ത് ഇത്തരമൊരു സാഹോദര്യചിന്തയില്‍നിന്നാണ് എന്നെപ്പോലുള്ളവര്‍ എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ ബാബറിമസ്ജിദ് തകര്‍ക്കുന്നതിനായി ഹിന്ദുത്വവാദികള്‍ നടത്തിയ ബഹുമുഖമായ നീക്കങ്ങളെ ദലിതര്‍ക്കിടയില്‍നിന്ന് ചോദ്യം ചെയ്തത്. ഇതോടൊപ്പംതന്നെ അക്കാലത്ത് മുസ്‌ലിങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നിരുന്ന ഇസ്‌ലാമികരാഷ്ട്രവാദത്തെയും എന്നെപ്പോലുള്ളവര്‍ എതിര്‍ത്തിരുന്നു. ഹിന്ദു രാഷ്ട്രവാദം എതിര്‍ക്കപ്പെടേണ്ടതും ഇസ്‌ലാംരാഷ്ട്രവാദം അംഗീകരിക്കപ്പെടേണ്ടതുമാണെന്ന ചിന്ത ദലിതര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. കാരണം ഒരു ജനാധിപത്യരാഷ്ട്രവും അതിന്റെ നിര്‍മ്മാണവുമാണ് ദലിതരുടെ ചിന്തയിലുള്ളത്. ഈ രാഷ്ട്രനിര്‍മ്മിതിയുടെ അടിത്തറ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ്. ഭരണഘടനാപരമായ ധാര്‍മ്മികമൂല്യങ്ങളാണിവ. മതാധിഷ്ഠിതമായ ധാര്‍മ്മികമൂല്യങ്ങളുടെ നിരാകരണമാണിത്. ഇന്ത്യ ജനാധിപത്യപരമായ ഒരു രാഷ്ട്രമായിത്തീരുന്നുവെന്നതിന്റെ ഉറപ്പ് ദലിതര്‍ കാണുന്നത് ഈ ഭരണഘടനാമൂല്യങ്ങളിലാണ്. ഇവയില്‍ ഒന്നിനെ മറ്റൊന്നില്‍നിന്ന് വേര്‍തിരിച്ചു കാണാനാവില്ല. സ്വാതന്ത്ര്യമോ സമത്വമോ ഇല്ലെങ്കില്‍ സാഹോദര്യം അര്‍ത്ഥശൂന്യമാണ്. കപടമാണ്. ഹിന്ദുമതത്തെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍ ക്രിസ്തുമതത്തെയും മറ്റേതുമതത്തെയും വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഏറ്റവും സമൃദ്ധമായി ഉപയോഗിക്കുന്നവരില്‍ ഇന്ത്യയിലെ/കേരളത്തിലെ ദലിതരുമുണ്ട്. ഈ സ്വാതന്ത്ര്യത്തെ അനുഭവവേദ്യമാക്കി മാറ്റിക്കൊണ്ടാണ് അവര്‍ രാഷ്ട്രത്തിന്റെ പുനരാവിഷ്‌കാര പ്രക്രിയയില്‍ ഇടപെടുന്നത്. ഈ സ്വാതന്ത്ര്യമാണ് അഭിമന്യുവും ഉപയോഗിച്ചത്. ഈ സ്വാതന്ത്ര്യത്തിന്റെ നിരാകരണമാണ് അഭിമന്യുവിന്റെ വധത്തില്‍ കണ്ടത്. അതുവഴി കൊല ചെയ്യപ്പെട്ടത് അഭിമന്യു മാത്രമല്ല, ദലിതരും മുസ്‌ലിങ്ങളും തമ്മില്‍ വളര്‍ന്നുവരേണ്ടിയിരുന്ന സാഹോദര്യമാണ്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.