DCBOOKS
Malayalam News Literature Website

ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ദില്ലി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. സംഭവത്തില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് കോടതി നീരീക്ഷിച്ചു. കേസില്‍ സിബി മാത്യൂസ് ഉള്‍പ്പടെ ഉള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.  ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീ കോടതിയുടെ വിധി. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഡി.കെ. ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ടോ എന്നതിലാണ് അന്വേഷണം. കേന്ദ്ര-സംസ്ഥാന പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. അതേസമയം നഷ്ടപരിഹാര തുകയായ 50 ലക്ഷം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

മൂന്നു വര്‍ഷമായി സുപ്രീം കോടതിയില്‍ വാദം തുടരുന്ന കേസിലാണ് ഇന്ന് വിധിയുണ്ടായത്. സുപ്രീം കോടതി വിധി അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരമല്ല, തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയാണ് വേണ്ടതെന്നായിരുന്നു നമ്പി നാരായണന്റെ വാദം. 1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍ അദ്ദേഹത്തിനെതിരായ കേസ് വ്യാജമാണെന്ന് സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.

 

 

 

Comments are closed.