DCBOOKS
Malayalam News Literature Website

ഉണ്ണി ആറിന്റെ വാങ്ക് സിനിമയാകുന്നു; ടൈറ്റില്‍ ലോഞ്ച് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി ആറിന്റെ പ്രശസ്ത കഥ വാങ്ക് വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ വി.കെ.പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പോസ്റ്റര്‍ പുറത്തിറങ്ങി. നടി അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രചനാവേളയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാങ്ക്  ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോളേജ് അവധിക്ക് ഒരു മാസം ബാക്കിയുള്ളപ്പോള്‍ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥയാണ് വാങ്ക്. പള്ളിയില്‍ നിസ്‌കാരസമയമാകുമ്പോള്‍ വാങ്ക് വിളിക്കുന്നതു പോലെ അവള്‍ക്കും അങ്ങനെ ചെയ്യണം. അതിനു തന്നെ സഹായിക്കാമോ എന്ന് അവള്‍ കൂട്ടുകാരികളോട് ചോദിക്കുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ഒപ്പമുള്ള കൂട്ടുകാരികള്‍ അമ്പരന്നെങ്കിലും അവളുടെ ആഗ്രഹം സാധിച്ചെടുക്കുന്നതിനായി ഉറ്റസുഹൃത്ത് നടത്തുന്ന ചില ശ്രമങ്ങളും റസിയക്കുണ്ടാകുന്ന ചില അനുഭവങ്ങളുമാണ് വാങ്ക് എന്ന ചെറുകഥയുടെ സംക്ഷിപ്തം.


നവാഗതയായ ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2020-ല്‍ പുറത്തിറങ്ങും.

 

 

Comments are closed.