DCBOOKS
Malayalam News Literature Website

ഇന്ത്യയില്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യം നേരിടുന്ന എട്ട് ഭീഷണികള്‍

സ്വാതന്ത്ര്യത്തിന് ഏതെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍ അത് ആളുകള്‍ കേള്‍ക്കുവാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ അവരോട് പറയുന്നതിനുള്ള അവകാശമാകുന്നു.

ജോര്‍ജ്ജ് ഓര്‍വെല്‍

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ നമ്മുടെ രാജ്യത്തെ, ഒരു ’50-50 ജനാധിപത്യം’ എന്ന് വിശേഷിപ്പിച്ചു. സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ്, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എന്നീ കാര്യങ്ങളില്‍ ഇന്ത്യ പൊതുവേ ഒരു ജനാധിപത്യരാജ്യമാണെങ്കിലും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയുടെ ഏതാണ്ട് മുഴുവനായ തകര്‍ച്ചയും രാഷ്ട്രീയ അഴിമതിയും നോക്കുമ്പോള്‍ ഇന്ത്യ ഒരു അര്‍ദ്ധ ജനാധിപത്യം മാത്രമാകുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യമാകുന്ന ജനാധിപത്യത്തിന്റെ അഭാവം വളരെ പ്രകടമാകുന്ന ഒരു മേഖല. കലാകാരന്മാര്‍, എഴുത്തുകാര്‍, സിനിമാനിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് അവരുടെ മേഖലകളില്‍ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രാജ്യത്ത് പരിധികളുണ്ട്. ചിന്താസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുമുള്ള ഈ വിലക്കുകള്‍ വിജ്ഞാനികളും പ്രതിബദ്ധരായ പ്രവര്‍ത്തകരും തുറന്നുകാട്ടുകയും അപലപിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ കൂടുതലും നിയമത്തിന്റെ വീക്ഷണകോണില്‍നിന്നും മാറുന്നു. ഉദാഹരണത്തിന്, ഗൗതം ഭാട്ടിയയുടെ ‘വ്രണപ്പെടുത്തുക, ഞെട്ടിക്കുക അല്ലെങ്കില്‍ ശല്യപ്പെടുത്തുക’ (Offend, Shock or Disturb) എന്ന പഠനം. ഈ പഠനം നിയമത്തിന്റെ വീക്ഷണകോണില്‍നിന്നാരംഭിച്ച്, പ്രശ്‌നത്തിന്റെ സാമൂഹികശാസ്ത്രപരമായ മാനങ്ങളില്‍ക്കൂടി അപഗ്രഥിക്കുവാന്‍ ശ്രമിക്കുന്നു. അപര്യാപ്തമായ നിയമങ്ങള്‍ മാത്രമല്ല, സാമൂഹികശക്തികളും പ്രവര്‍ത്തനങ്ങളും ആശയപരമായ പക്ഷപാതങ്ങളും രാഷ്ട്രീയമായ തീരുമാനങ്ങളും എല്ലാംകൂടിയാണ് അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന് തടസ്സമായിരിക്കുന്ന ഘടകങ്ങള്‍.

ഞാനറിയുന്നിടത്തോളം അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ താത്ത്വികവും രാഷ്ട്രീയവുമായ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ ആദ്യ ചിന്തകന്‍ ബറുഹ് സ്പിനോസ(Baruch Spinoza) യാണ്. 1970-ല്‍ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ‘തിയോളജിക്കല്‍- പൊളിറ്റിക്കല്‍ ട്രീറ്റീസി’ (Theological- political Treatise) ല്‍ അദ്ദേഹം ഇത് വ്യക്തമായി അവതരിപ്പിച്ചു. സ്പിനോസ പറഞ്ഞു: ”ഒരു വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കുന്നതിനും ഏതു കാര്യത്തിലും സ്വന്തമായ തീരുമാനമെടുക്കുന്നതിനുമുള്ള പ്രകൃതിദത്തമായ അവകാശവും കഴിവും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുവാനോ മറ്റൊരാളെ അതിന് നിര്‍ബ്ബന്ധിക്കുവാനോ സാധ്യമല്ല. അതുകൊണ്ടാണ് മനുഷ്യന്റെ അന്തസ്സുകളെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്ന ഗവണ്‍മെന്റുകള്‍ മര്‍ദ്ദകരായി കരുതപ്പെടുന്നത്. അദ്ദേഹം തുടര്‍ന്ന് പറയുന്നു: ”ഓരോ വ്യക്തിയും ചിന്തിക്കുന്നത് പറയാനും പ്രക ടിപ്പിക്കുവാനും ഉള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ഗവണ്‍മെന്റ് അക്രമ ഭരണമാണ് നടത്തുന്നത്; എന്നാല്‍ എല്ലാവര്‍ക്കും ആ സ്വാതന്ത്ര്യം അനുവദിക്കുന്ന ഗവണ്‍മെന്റാകട്ടെ സൗമ്യമായതെന്ന് വിലയിരുത്തപ്പെടും.”

തീര്‍ത്തും സ്വീകാര്യമായ ഒരു വീക്ഷണമാണിത്, ഒപ്പംതന്നെ വളരെ പ്രസക്തവും. എന്നാല്‍ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്, സംസാരസ്വാതന്ത്ര്യത്തിന് ന്യായമായ, നീതീകരിക്കാവുന്നതായ പരിധികളുണ്ടോ? അതോ ആളുകള്‍ പറയാനാഗ്രഹിക്കുന്നതെല്ലാം പറയാന്‍ അനുവദിക്കേണ്ടതുണ്ടോ? ഇതര ജാതി, മത, വര്‍ഗ്ഗക്കാരെ അധിക്ഷേപിക്കുന്ന നിന്ദാപ്രസംഗങ്ങളുടെ കാര്യം എങ്ങനെ? ജര്‍മ്മനിയില്‍ ഹിറ്റ്‌ലറെ ആരാധിക്കുന്നവരുടെ കാര്യം എങ്ങനെ? ഇന്ത്യയില്‍ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരുടെ കാര്യം എങ്ങനെ? സ്പിനോസ ഈ പ്രശ്‌നങ്ങളെയും പരിഗണിക്കുകയുണ്ടായി. ഞാന്‍ മുന്‍പ് ഉദ്ധരിച്ച 1670-ല്‍ പ്രസിദ്ധീകൃതമായ പുസ്തകത്തില്‍, സ്റ്റേറ്റ് പൗരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കണമെന്ന് പറയുന്നതിനോടൊപ്പംതന്നെ ഇങ്ങനെ തുടരുന്നു: ”യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വര്‍ത്തമാനസ്വാതന്ത്ര്യം അനുവദിക്കുന്നത് തീര്‍ത്തും അപകടകരമാകുന്നു. അതുകൊണ്ട് രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്ക് അനുയോജ്യമായവിധത്തില്‍ വര്‍ത്തമാനസ്വാതന്ത്ര്യം എത്രത്തോളം അനുവദിക്കാമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.” ഒരാളുടെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് സ്പിനോസ അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, ഒരു പ്രസംഗം, പുസ്തകം, ചിത്രം അല്ലെങ്കില്‍ സിനിമ. വലിയതോതില്‍ അക്രമം, രക്തച്ചൊരിച്ചില്‍, അരാജകത്വം എന്നിവ ഉളവാക്കുവാന്‍ ജനങ്ങളെ പ്രകോപിക്കുകയും അങ്ങനെ രാഷ്ട്രത്തിന്റെ നിലനില്പിനും സുസ്ഥിരതയ്ക്കും ഭീഷണിയാവുകയും ചെയ്യുകയാണെങ്കില്‍ ഒരുപക്ഷേ, അത്തരം പ്രസംഗങ്ങളും പുസ്തകങ്ങളും ചിത്രങ്ങളും സിനിമകളും സ്വതന്ത്രമായി പ്രചരിക്കുവാന്‍ അനുവദിക്കേണ്ടതില്ല.

അഭിപ്രായപ്രകടനസ്വാതന്ത്ര്യം സംബന്ധിച്ചുള്ള സ്പിനോസയുടെ വീക്ഷണങ്ങളെ ഈ വിഷയത്തില്‍ മഹാത്മാഗാന്ധിക്കുണ്ടായിരുന്ന നിലപാടുകളുമായി താരതമ്യം ചെയ്യാം. 1910-ല്‍ ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഗാന്ധി ‘ഹിന്ദ് സ്വരാജ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഗുജറാത്തിയിലുള്ള മൂലഗ്രന്ഥം നേറ്റലിലെ ‘ഫിനിക്‌സ് സെറ്റില്‍മെന്റ്’ ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് പുസ്തകത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്തു. ഇംഗ്ലിഷുകാര്‍ക്ക് വായിക്കുവാന്‍ കഴിയുന്ന ഒരു ഭാഷയില്‍-ഇംഗ്ലിഷില്‍-പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞപ്പോള്‍ പുസ്തകം രാജദ്രോഹപരമായതുകൊണ്ട് അതിനെ നിരോധിക്കുവാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു.

നിരോധനം ചെയ്യപ്പെട്ട കാര്യം അറിഞ്ഞപ്പോള്‍ ഗാന്ധി ഇന്ത്യാ ഗവണ്‍മെന്റിന് ഒരു നീണ്ട കത്തെഴുതി; പുസ്തകത്തില്‍ മറ്റുപലതിനോടൊപ്പം അക്രമരാഹിത്യത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്ന് ഗാന്ധി എഴുതി. ഗാന്ധിയുടെ ‘സമ്പൂര്‍ണ്ണകൃതി’കളില്‍ (Collected works) ഈ എഴുത്ത് ഉള്‍പ്പെടുത്തിയിട്ടില്ല. നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ഒരു ഫയലില്‍ അതുണ്ടെന്ന് എന്നോട് പറഞ്ഞത് ചരിത്രകാരനായ മെഹ്‌റോത്രയാണ്. ”എന്റെ എളിയ അഭിപ്രായത്തില്‍, ഏതൊരാള്‍ക്കും അയാള്‍ക്കിഷ്ടമുള്ള ഏതഭിപ്രായവും പുലര്‍ത്തുവാനുള്ള അവകാശമുണ്ട്- അതില്‍ ആര്‍ക്കുമെതിരേ ശാരീരിക ബലപ്രയോഗം നടത്തുകയോ അതിന് ആഹ്വാനംചെയ്യുകയോ അരുത് എന്ന നിബന്ധനയുണ്ട് എന്നുമാത്രം.”

ഇന്ത്യയില്‍ ഇന്ന് അഭിപ്രായപ്രകടനസ്വാതന്ത്ര്യം നേരിടുന്നു എന്ന് ഞാന്‍ കരുതുന്ന എട്ട് ഭീഷണികള്‍ ഏതൊക്കെയാണെന്ന് നോക്കാം. ആദ്യത്തെ ഭീഷണി പഴഞ്ചന്‍ കോളോണിയല്‍ നിയമങ്ങളില്‍നിന്നാണ് ഉണ്ടാകുന്നത്. കലാസൃഷ്ടികള്‍, പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയവയെ നിരോധിക്കുവാന്‍ ഉപയോഗപ്പെടുത്തുന്നതായ കുറെ വകുപ്പുകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ട് (IPC). അക്കൂട്ടത്തില്‍ 153-ാം വകുപ്പ് (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പ്രകോപനം സൃഷ്ടിക്കുക); 153 A (മതം, വര്‍ഗ്ഗം, ജന്മദേശം, വാസസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുക, സാമൂഹിക ഐക്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള നടപടികളില്‍ ഏര്‍പ്പെടുക); 295-ാം വകുപ്പ് (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെ അധിഷേപിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരാധനാലയത്തെ മലിനപ്പെടുത്തുക, കേടുവരുത്തുക); 295 A വകുപ്പ് (മതത്തെയോ മതവിശ്വാസങ്ങളെയോ അധിക്ഷേപിച്ച് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്ന ബോധപൂര്‍വ്വമായ വിദ്വേഷകപ്രവൃത്തികള്‍); 298-ാം വകുപ്പ് (ഒരു വ്യക്തിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ബോധപൂര്‍വ്വമായ ഉദ്ദേശ്യത്തോടുകൂടി വാക്കുകള്‍ പറയുക തുടങ്ങിയ കാര്യങ്ങള്‍); 499, 500 വകുപ്പുകള്‍ (മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുക); 505-ാം വകുപ്പ് (പൊതുശല്യത്തിനിടയാകുന്ന പ്രസ്താവനകള്‍ നടത്തുക); ഏറ്റവും അപകടകരമായ 124 A വകുപ്പ്; രാജ്യദ്രോഹം എന്തെന്ന് നിര്‍ണ്ണയിക്കുന്ന വകുപ്പ് (ആരെങ്കിലും ലിഖിതമോ ഉച്ചരിക്കപ്പെടുന്നതോ ആയ വാക്കുകളിലൂടെ അല്ലെങ്കില്‍ ചിഹ്നങ്ങളിലൂടെ, ദൃശ്യമായ ചിത്രീകരണങ്ങളിലൂടെ അല്ലെങ്കില്‍ മറ്റുവിധത്തില്‍ നിയമാനുസൃതം സ്ഥാപിതമായ ഇന്ത്യാഗവണ്‍മെന്റിനെതിരേ വെറുപ്പ് അല്ലെങ്കില്‍ അവജ്ഞ ഉള്ളവാക്കുകയോ ഉളവാക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ വിരോധം ഉണ്ടാക്കുകയോ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നപക്ഷം അയാള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നതാണ്).

ഈ വകുപ്പുകള്‍, അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് പരിധികള്‍ കല്പിക്കുവാന്‍ കോടതികള്‍ക്കും ഗവണ്‍മെന്റിനും പ്രത്യേകം അവകാശം കൊടുക്കുന്നു.

ഈ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ശിക്ഷാനിയമം എഴുതിയുണ്ടാക്കിയത് തോമസ് ബാബിങ്ടണ്‍ മെക്കാളെ എന്ന ഇംഗ്ലിഷുകാരനായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. മെക്കാളെയായിരുന്നു ഇന്ത്യയില്‍ ഇംഗ്ലിഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചത്. ഇടതുപക്ഷ രാജ്യസ്‌നേഹികള്‍ മെക്കാളെയെ ഇഷ്ടപ്പെടാത്തത് അയാളൊരു സാമ്രാജ്യവാദിയായിരുന്നതുകൊണ്ടാണെങ്കില്‍ വലതുപക്ഷ രാജ്യസ്‌നേഹികളുടെ വെറുപ്പിനു കാരണം അയാള്‍ ഇംഗ്ലിഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു, ഒപ്പംതന്നെ ഇന്ത്യന്‍ വൈജ്ഞാനികസാഹിത്യപൈതൃകത്തോടു കടുത്ത അവജ്ഞയായിരുന്നു അയാള്‍ക്കുണ്ടായിരുന്നത് എന്നതാണ്. ഇംഗ്ലിഷ് ഭാഷയില്‍ എഴുതുകയും പാശ്ചാത്യ ആശയങ്ങളെയും ചിന്താഗതികളെയും ഉള്‍ക്കൊണ്ടിരിക്കുന്നവരുമായ സാര്‍വ്വലൗകിക കാഴ്ചപ്പാടുള്ള ബുദ്ധിജീവികളെ നിര്‍വചിക്കുന്നതിന് ഹിന്ദുത്വബുദ്ധിജീവികള്‍ ‘മെക്കാളെ പുത്രര്‍’ എന്ന് ഒരു പേരും ഉണ്ടാക്കിയിട്ടുണ്ട്.

തോമസ് ബാബിങ്ടണ്‍ മെക്കാളെയെ ഇന്ത്യന്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരേപോലെതന്നെ അവജ്ഞയാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്)യും CPI(M) ഭാരതീയജനതാപാര്‍ട്ടിയും (BJP) സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ മെക്കാളെ ഉണ്ടാക്കിയ പീനല്‍ കോഡിന്റെ വകുപ്പുകള്‍ ഉപയോഗപ്പെടുത്തി അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിട്ടുണ്ട്. BJP, കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോഴും ഇതുതന്നെ ചെയ്തു, ചെയ്യുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗവണ്‍മെന്റുകളും ആ വകുപ്പുകള്‍ യഥേഷ്ടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയെ ആരാധിക്കുന്നതായി കോണ്‍ഗ്രസ് അവകാശപ്പെടുന്നു; ഗാന്ധി ജീവിതാന്ത്യംവരെ ഒരു കോണ്‍ഗ്രസുകാരനുമായിരുന്നു. ഗാന്ധിതന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം സംബന്ധിച്ചുള്ള വകുപ്പുകള്‍പ്രകാരം പീഡിപ്പിക്കപ്പെട്ടു എന്ന് സോണിയയുടെയും രാഹുലിന്റെയും കോണ്‍ഗ്രസിനെ ഓര്‍മ്മപ്പെടുത്തേണ്ടിയിരിക്കുന്നു. 1910-ല്‍ ഗാന്ധിയുടെ പുസ്തകമായ ‘ഹിന്ദു സ്വരാജ്’ നിരോധിക്കപ്പെട്ട കാര്യം ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദഹം തുടങ്ങിവെച്ച നിസ്സഹകരണപ്രസ്ഥാനം വലിയ ജനപിന്തുണയാര്‍ജ്ജിച്ചപ്പോള്‍ ഗാന്ധി അറസ്റ്റു ചെയ്യപ്പെട്ടു. പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ ഗാന്ധി യങ് ഇന്ത്യ യില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ IPC-യുടെ 124 A വകുപ്പുപ്രകാരം രാജ്യദ്രോഹപരമാണ് എന്നാരോപിച്ചാണ് ഗാന്ധിയെ ജയിലിലടച്ചതും വിചാരണചെയ്തതും.

ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ദേശീയവാദികള്‍ ഗാന്ധിയെക്കൂടാതെ മറ്റു പലരുമുണ്ടായിരുന്നു. ഒരു സ്വതന്ത്ര-ജനാധിപത്യഭരണത്തില്‍ ഇടമില്ലാത്ത ഇത്തരം നിയമങ്ങള്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നീക്കം ചെയ്യപ്പെടുമെന്നാണ് ഗാന്ധി പ്രതീക്ഷിച്ചത്. 124 A വകുപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യങ് ഇന്ത്യയില്‍ 1929-ല്‍ ഗാന്ധി പ്രബുദ്ധമായ ഒരു ലേഖനമെഴുതി. ഗാന്ധി പറഞ്ഞു, ആ വകുപ്പ്, നിയമം എന്ന വാക്കിന്റെ ഒരു ബലാല്‍സംഗമാണ്.’ ‘ നമ്മള്‍ സദ്യ ആസ്വദിച്ചാലും ഉപവസിച്ചാലും അത് നമ്മുടെ തലകള്‍ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നു.’

നഗ്നമായ വാള്‍ ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട (124 A വകുപ്പ്) ജനങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാതെ സ്ഥാപിതമായ ഭരണാധികാരികളുടെ തന്നിഷ്ടപ്രകാരം നമ്മുടെ മേല്‍ പതിക്കുവാന്‍ തയ്യാറാക്കി തൂക്കിയിട്ടിരിക്കുന്ന വകുപ്പാണിത്. ഇതുപോലുള്ള വകുപ്പുകള്‍ റദ്ദാക്കുന്നു എന്നതിന്റെ അര്‍ത്ഥം ഇപ്പോള്‍ നിലനില്‍ക്കുന്ന ഗവണ്‍മെന്റിനെ നീക്കം ചെയ്ത് സ്വരാജ് സ്ഥാപിക്കുന്നു എന്നതാകുന്നു. അങ്ങനെ ഈ വകുപ്പ് റദ്ദാക്കുവാന്‍ ആവശ്യമായ ശക്തി സ്വരാജ് കൈവരിക്കുന്നതിനാവശ്യമായ ശക്തിയാകുന്നു.

(രാമചന്ദ്ര ഗുഹയുടെ ജനാധിപത്യവാദികളും വിമതരും എന്ന കൃതിയില്‍നിന്നും)

Comments are closed.