DCBOOKS
Malayalam News Literature Website

മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു. 99 വയസായിരുന്നു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെ ആയിരുന്നു മരണമെന്ന് കല്യാണത്തിന്റെ മകള്‍ നളിനി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഷിംലയില്‍ 1922 ഓഗസ്റ്റ് 15 നാണ് കല്യാണത്തിന്റെ ജനനം. ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ സ്വതന്ത്ര സമരരംഗത്ത് എത്തിയ കല്യാണം പിന്നീട് ഗാന്ധിയുടെ സെക്രട്ടറിയായി മാറി. 1944-48 വരെ ഗാന്ധിജിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്നതായി കല്യാണത്തിന്റെ ജീവചരിത്രകാരന്‍ കുമാരി എസ് നീലകണ്ഠന്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. നാലുവര്‍ഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്.

1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിയെ വെടിവെച്ച് കൊല്ലുമ്പോൾ അദേഹത്തിന്റെ തൊട്ടു പിറകിൽ ഉണ്ടായിരുന്നത് കല്യാണമായിരുന്നു. മഹാത്മാ ഗാന്ധിയുടെ മരണവിവരം നെഹ്റുവിനെയും സർദാർ വല്ലഭഭായ് പട്ടേലിനെയും അറിയിച്ചതും കല്യാണമായിരുന്നു. വെടിയേറ്റ് മരിക്കുമ്പോൾ ഗാന്ധി ‘ഹേ റാം’ എന്ന വാക്കുകൾ ഉച്ചരിച്ചിരുന്നില്ലായെന്ന കല്യാണിന്റെ വെളിവെടുത്തൽ ശ്രദ്ധേയമായിരുന്നു.

ഗാന്ധിയുടെ വധത്തിന് ശേഷം എഡ്വിൻ മൗണ്ട് ബാറ്റൻ പ്രഭുവിന്റെ സെക്രട്ടറിയായി ലണ്ടനിലേക്കുപോയ കല്യാണം തിരികെയെത്തി സി. രാജഗോപാലാചാരി, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ഗാന്ധിയൻ തത്വങ്ങൾ പാലിക്കുന്നില്ലെന്ന് കാണിച്ചു കോൺഗ്രസിനെ വിമർശിച്ചിരുന്ന കല്യാണം 2014ൽ ആം ആദ്മി പാർട്ടിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു.

Comments are closed.