DCBOOKS
Malayalam News Literature Website

ചെറുത്തുനില്‍പ്പുകള്‍ ഇല്ലെങ്കില്‍ നാം കീഴടങ്ങിയ ജനതയായി മാറും: വി.കെ.ശ്രീരാമന്‍

ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നാം കീഴടങ്ങിയ ഒരു ജനതയായി മാറുമെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍. ലുലു-ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളയുടെ ഭാഗമായി ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ മാറിമാറിവരുന്ന മൂല്യബോധങ്ങളുടെ നിഴലുകള്‍ അതാതു കാലത്തെ സിനിമകളിലും പ്രതിഫലിക്കുമെന്ന് വി.കെ.ശ്രീരാമന്‍ പറഞ്ഞു. എല്ലാ സിനിമകളും സാമൂഹ്യപ്രതിബദ്ധതയുള്ളതാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, എന്നാല്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള ചിത്രങ്ങളാണ് പ്രധാനമായും കാലത്തെ അതിജീവിച്ച് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡിസംബര്‍ അഞ്ചിന് ആരംഭിച്ച ‘ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ്’ പുസ്തകമേളയില്‍ അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് എത്തിയിരിക്കുന്നത്. യുഎഇയുടെ ചരിത്രം സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങള്‍ മേളയിലുണ്ട്. എല്ലാ പുസ്തകങ്ങള്‍ക്കും പുതുവര്‍ഷത്തിന് മുന്നോടിയായുള്ള പ്രത്യേകവിലക്കിഴിവുണ്ട്.

അബുദാബി മദീനത് സെയ്ദിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലുലുഡിസി ബുക്ക്‌സ് റീഡേഴ്‌സ് വേള്‍ഡിനോട് അനുബന്ധിച്ച് വ്യാഴാഴ്ച നടന്ന മുഖാമുഖം പരിപാടിയിലും വി.കെ.ശ്രീരാമന്‍ പങ്കെടുത്തിരുന്നു. കുട്ടികളെ കൂട്ടിലടച്ച് വളര്‍ത്തരുതെന്നും സാമൂഹികബോധം ഉണ്ടാകണമെങ്കില്‍ സമൂഹത്തിനിടയിലേക്കിറങ്ങി ജീവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകവുമായി ബന്ധമില്ലാതെ കുട്ടികള്‍ വളരാന്‍ ഇടവരുത്തരുതെന്നും പുറംലോകവുമായി സംവദിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കണമെന്നും വി.കെ.ശ്രീരാമന്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ടി.പി.അബൂബക്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഐഷ സക്കീര്‍ ഹുസൈന്‍ സംസാരിച്ചു. അബുദാബി മദീനത് സെയ്ദിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലുലുഡിസി ബുക്ക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേള ഡിസംബര്‍ പതിനഞ്ചിനും, ദുബായ് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ പുസ്തകമേള ഡിസംബര്‍ മുപ്പത്തിയൊന്നിനും സമാപിക്കും.

എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി പന്ത്രണ്ട് വരെയാണ് ലുലു-ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളകളുടെ പ്രവര്‍ത്തനസമയം.

Comments are closed.