DCBOOKS
Malayalam News Literature Website

ഉരു മെഹ്ഫിലിന് തുടക്കം കുറിച്ചുകൊണ്ട് നിമിഷ സലീമിന്റെ സംഗീതസന്ധ്യ

അനശ്വര സംഗീതസംവിധായകന്‍ എം.എസ് ബാബുരാജിന്റെ കൊച്ചുമകള്‍ നിമിഷ സലീം അവതരിപ്പിക്കുന്ന സംഗീതസന്ധ്യയിലൂടെ ഉരു മെഹ്ഫിലിന് തുടക്കം കുറിക്കുന്നു. ജനുവരി അഞ്ചാം തീയതി ശനിയാഴ്ച രാത്രി എട്ടു മണിക്ക് മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറിലാണ് ഈ സംഗീതവിരുന്ന് അരങ്ങേറുന്നത്. കൊച്ചി-മുസ്സിരിസ് ബിനാലെ പ്രദര്‍ശനം നടക്കുന്ന പ്രധാന വേദികളിലൊന്നാണ് മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബര്‍.

ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള നിമിഷ സലിം വിശ്രുത ഹിന്ദുസ്ഥാനി ഗായകന്‍ ഉസ്താദ് ഫയാസ് അഹമ്മദ് ഖാനില്‍ നിന്നുമാണ് സംഗീതം അഭ്യസിക്കുന്നത്. ബാബുരാജിന്റെ സംഗീതവഴിയില്‍നിന്നു പ്രചോദിതയായ നിമിഷ സലിം എ ട്രിബ്യൂട്ട് ടു ഉപ്പൂപ്പ, എ ട്രിബ്യൂട്ട് ടു ദി ലെജന്റ്‌സ് എന്നീ രണ്ട് സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ദില്ലി സര്‍വ്വകലാശാലയിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി കൂടിയാണ് നിമിഷ സലിം.

ബേര്‍ണി പി.ജെ.(ഹാര്‍മോണിയം), ജിത്തു(തബല), ഷമീര്‍(ഗിറ്റാര്‍), ഹെറാള്‍ഡ് (വയലിന്‍), ലെസിന്‍ (റിഥം) എന്നീ കലാകാരന്മാരും നിമിഷ സലീമിനൊപ്പം ഉരു മെഹ്ഫില്‍ സംഗീതസന്ധ്യയില്‍ അണിചേരുന്നുണ്ട്.

Comments are closed.