DCBOOKS
Malayalam News Literature Website

ഊരാളിജീവിതവും സംസ്‌കാരവും

ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡോ. രാജീവ് മോഹന്‍

കേരളത്തിലെ ‘ഊരാളി ഗോത്രവര്‍ഗ്ഗജീവിതം അതേ ഗോത്രത്തില്‍ നിന്നുള്ള എഴുത്തുകാരി ചിത്രീകരിക്കുന്ന നോവല്‍’ എന്ന നിലയിലാണ് പുഷ്പമ്മ രചിച്ച ‘കൊളുക്കന്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത്. ഊരാളിജനതയുടെ തനതുജീവിതവും സംസ്‌കാരവും വിശ്വാസങ്ങളും പുരാവൃത്തങ്ങളും സ്ത്രീജീവിതവും കുടിയിറക്കലുകളും മിത്തുകളുമെല്ലാം സ്വന്തം അനുഭവപരിസരങ്ങളില്‍നിന്നും പഴമക്കാരുടെ ഓര്‍മകളില്‍നിന്നും വരമൊഴിയിലേക്കു പകര്‍ത്തിയെടുക്കുന്നതോടൊപ്പം ഊരാളിഗോത്ര സംസ്‌കാരത്തിന്റെ മാറ്റപ്പെടേണ്ടതും ഉപേക്ഷിക്കേണ്ടതുമായ സാമൂഹ്യയഥാര്‍ത്ഥ്യങ്ങളെ വിമര്‍ശനവിധേയമായി തുറന്നുകാട്ടുകയും ചെയ്യുന്നു.

കേരളത്തിലെ മുഖ്യധാരാ സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്നും pachakuthiraഅരികുവത്കരിക്കപ്പെട്ടുപോയ ജനസമൂഹത്തിന്റെ ജീവിതങ്ങള്‍ വര്‍ത്തമാനകാലത്ത് സവിശേഷമായി മലയാള സാഹിത്യരചനകളില്‍ കടന്നുവരുന്നുണ്ട്. ദലിത് ആദിവാസി ഗോത്രജനതയുടെ സംസ്‌കാരിക പലമകളും ജീവിതങ്ങളുംമുഖ്യധാരാ വൈജ്ഞാനികതയുമൊക്കെ വര്‍ത്തമാന സാഹിത്യത്തിന്റെ താത്പര്യവിഷയങ്ങളാണ്. അടുത്തകാലത്തായി കേരളത്തിലെ വ്യത്യസ്ത ഗോത്രജനതയുടെ ജീവിതങ്ങള്‍, സംസ്‌കാരം, കലകള്‍, ഭാഷ, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ആവിഷ്‌കാരങ്ങള്‍, പാട്ടുകള്‍, കഥകള്‍, ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍ എന്നിവയെല്ലാം സംസ്‌കാരിക പഠനമേഖലയുടെയും സാഹിത്യത്തിന്റെയും പരിധിയില്‍ സവിശേഷമായി ഉള്‍പ്പെടുന്നുമുണ്ട്. ഫോക്‌ലോര്‍ പഠനമേഖലയില്‍ തന്നെ tribal folklore എന്ന പഠനശാഖയും ഇതിനോടകം വികസിച്ചുവന്നിട്ടുണ്ട്. വ്യത്യസ്ത ഗോത്രജനവിഭാഗങ്ങളേക്കുറിച്ചുള്ള സമഗ്രമായ ജ്ഞാനാവബോധങ്ങള്‍ ഇതിലൂടെ സാധ്യമാകുന്നു.

കേരളത്തില്‍തന്നെ മുപ്പത്തിയാറോളം ഗോത്രവിഭാഗങ്ങളാണ് നിലവില്‍ ഉള്ളത്. 2002-ലെ സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം മുപ്പത്തിയാറ് ഗോത്രവര്‍ഗങ്ങളെയാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സമ്പന്നമായ ഒരു വാമൊഴിപാരമ്പര്യം ഓരോ ഗോത്രവിഭാഗത്തിനും അവകാശപ്പെടാനുണ്ട്. തനതായ സംസ്‌കാരവും പാരമ്പര്യവും ജീവിതരീതികളും ഇവര്‍ പിന്തുടരുന്നു. ലെവിസ് Textഹെന്റി മോര്‍ഗന്റെ Systems of Consanguintiy and Affintiy of the Human Family (1871) എന്ന ഗ്രന്ഥത്തില്‍ ഓരോ ഗോത്രജനതയും ഒരു പൊതുനാമവും പ്രത്യേക ഭാഷാഭേദവും ഒരു ഉന്നതസമിതിയും കൈയ്യടക്കി സൂക്ഷിച്ചു പോരുന്ന സ്വന്തമായൊരു ഭൂപ്രദേശം കൊണ്ട് തനിമ നേടിയതായിരിക്കും എന്നു വിശദീകരിക്കുന്നുണ്ട്.

കേരളത്തില്‍ വനമേഖലയിലാണല്ലോ ബഹുഭൂരിപക്ഷം ഗോത്രവിഭാഗങ്ങളും ജീവിക്കുന്നത്. ഇവരുടെ സാംസ്‌കാരിക ജീവിതങ്ങളെ ആവിഷ്‌കരിക്കുവാനുള്ള സവിശേഷമായ സാഹിത്യശ്രമങ്ങള്‍ എഴുപതുകളോടെയാണ് ആരംഭിക്കുന്നത് എന്ന് മലയാള നോവല്‍സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കാണുവാന്‍ സാധിക്കും. വയനാട്ടിലെ അടിയരുടെ ജീവിതം പറയുന്ന പി.
വത്സലയുടെ ‘നെല്ല്’ (1972), അട്ടപ്പാടിയിലെ മുഡുഗരുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന മലയാറ്റൂരിന്റെ ‘പൊന്നി’ (1967), വയനാട്ടിലെ പണിയരുടെ ചൂഷണജീവിതങ്ങളെ വരച്ചിടുന്ന കെ.ജെ. ബേബിയുടെ ‘മാ
വേലിമന്റം’ (1991), ടി.സി. ജോണിന്റെ പണിയരുടെ ജീവിതം ആവിഷ്‌കരിക്കുന്ന ‘ഉറാട്ടി’, നായ്ക്കരുടെ ജീവിതം ആവിഷ്‌കരിക്കുന്ന ‘തേക്ക്’ തുടങ്ങിയ നോവലുകള്‍ അവയില്‍ ചിലതാണ്.

പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.