DCBOOKS
Malayalam News Literature Website

അന്തഃസംഘർഷങ്ങളുടെ കാലിഡോസ്കോപ്പ്

അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന് സിജി വി. എസ് എഴുതിയ വായനാനുഭവം

സ്വത്വബോധ്യങ്ങളുടെ അന്തഃസംഘർഷങ്ങളെ ആവിഷ്കരിക്കാൻ കവിത പോലെയൊരു മാധ്യമം വേറെയില്ലെന്ന് കൃത്യമായ ബോധ്യമുള്ള കവിയാണ് അസീം താന്നിമൂട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ സമാഹാരത്തിലെ കവിതകളിലും അതുകാണാം.

സർഗാത്മകമായ ആന്തരിക ലോകത്തെ അവതരിപ്പിക്കാൻ കവി കൂട്ടു പിടിക്കുന്നതാകട്ടെ ഭൗതികലോക ജീവിതത്തെയും. അതിസ്വാഭാവിക ജീവിതപരിസരങ്ങളിൽ നിന്ന് ചുമ്മാ എടുത്ത് അവയെ തന്റെ കാവ്യസിദ്ധിയിൽ ഊറ്റിയുരുക്കിയെടുക്കുമ്പോൾ ആ സാധാരണ ഇമേജറി അതി ബൃഹത്തായ ഒരാന്തരീകലോകം സൃഷ്ടിക്കുന്ന കാലിഡോസ്കോപ്പായി മാറുന്നു. ചെറ്റയാം വിടൻ ഞാനെങ്ങനെ കണ്ണാടി നോക്കുമെന്ന് ആകുലപ്പെട്ട കാവ്യ പാരമ്പര്യം ഇങ്ങേത്തലയ്ക്കൽ പരിധിവിട്ട് തന്റെനേരേ കൂർത്തു വരുന്ന എന്തിനെയും മുനയൊടിക്കാൻ കാണിക്കുന്ന സൂക്ഷ്മതയോടെ തന്റെ കാപട്യങ്ങളെ ഒതുക്കിവെയ്ക്കുന്നു.(കൂർപ്പ്) തന്റെ തന്നെയുള്ളിലുള്ളതും തന്നിൽ നിന്ന് തീർത്തും വിരുദ്ധമായതുമായ അപര ദ്വന്ദങ്ങളിൽ നിന്ന് സ്വയം ചുറ്റിത്തിരിയുന്ന ആത്മസംഘർഷം ബാധിച്ച കവിതകളാണ് ഭൂരിഭാഗവും.ആ അപരസ്വത്വത്തിന്റെ കുരിശിൽ നിരന്തരം ആഴ്ന്നു കൊണ്ടിരിക്കുന്ന വാഴ്‌വിനെ ഊരിയെടുക്കാനും ആഴ്ന്നുപോവാനും ഒരേ സമയം ശ്രമിക്കുന്ന സങ്കീർണതയെ അസീം കവിതയായി ഏറ്റു വാങ്ങുന്നു.ആ സങ്കീർണതയിലേക്ക് വായന ആഴ്ന്നിറങ്ങുമ്പോഴേ മുൻചൊന്ന കാലിഡോസ്കോപ് കാഴ്ചകൾ ഗോചരമാകൂ എന്നും പറയേണ്ടിയിരിക്കുന്നു. ഉപരിപ്ലവവായനയിൽ ഭാഷാഭംഗിയാലും മറ്റും ആകർഷകമാകുമ്പോൾ തന്നെ പുറന്തോട് ഭേദിച്ചാൽ മാത്രം അനുഭവവേദ്യമാകുന്ന ചിപ്പിക്കാഴ്ചകളാണീ കവിതകളിൽ മുഴുവൻ!

തനിക്കു തന്നെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന മാനസിക വ്യാപാരങ്ങളിൽ സ്വയം ചിതറിപ്പോകുന്ന കവിസ്വത്വം.മെലിഞ്ഞ കാലിലെ അപാകത്തെ തനിക്കു മുന്നിൽ ഊരി വെയ്ക്കുന്ന അപരനിൽ കുടികൊള്ളുന്ന ഗതകാലത്തേയും അതിലെന്നോ ഒടുങ്ങിപ്പോയ തന്നെത്തന്നെയും ഏറ്റവും സ്വാഭാവികമായി ‘ചെരിപ്പ്’ എന്ന രൂപകത്തിൽ കൊരുത്ത് വെച്ചിരിക്കുന്നു.ഓരോ കാലത്തും നമുക്ക് ഉപേക്ഷിച്ചു പോരേണ്ടി വരുന്ന നമ്മളെത്തന്നെ അടയാളപ്പെടുത്താൻ ചെരിപ്പുപോലെ മറ്റൊരു ഇമേജറി ഉണ്ടാകുമോ?! പ്രിയ സുഹൃത്തിന്റെ മരിപ്പിനു പോയി Textമടങ്ങുമ്പോൾ തോന്നിയ പഴഞ്ചനായ ഒരു പിടച്ചലിനെ കുടഞ്ഞെറിഞ്ഞു വീടണഞ്ഞു പിറ്റേന്ന് പുലരുമ്പോൾ കാലിൽ തിരുകാനൊരുങ്ങിയ പാദുകത്തിന്റെ അപാകം പോലെ തന്നിൽ നിന്ന് എന്നോ കൊഴിഞ്ഞു വീണ അപരസ്വത്വത്തെ കവിത അടയാളപ്പെടുത്തുന്നു.

ആന്തരികവും ഭൗതികവുമായ ജീവിതത്തെ കടലുകൊണ്ടും കാടുകൊണ്ടും ആകാശം കൊണ്ടും പ്രണയം കൊണ്ടും സർഗ്ഗത്മകമായി ബന്ധിപ്പിച്ചിരിക്കുന്നതാണ് കവിതയാകുന്നത്. മിഴിയിൽ ബിംബിച്ചിരിക്കുന്ന മിഥ്യയിൽ അഭിരമിക്കുന്ന ഭൗതികതയുടെ പുറം തോടിൽ നിസംഗം കുടികൊള്ളുന്ന ആന്തരികമായ പ്രാപഞ്ചിക ബോധത്തിന്റെ സർഗ്ഗാത്മക ആവിഷ്കാരമാവുകയാണ് ഈ കവിതാ പുസ്തകം. തന്നെത്തന്നെ പുതുക്കുന്ന കാലത്തെ ചിത്രകാരൻ ക്യാൻവാസിൽ മാറ്റി വരയുന്ന ചിത്രത്തെയെന്നവണ്ണം ഒരോ കവിതയും അവതരിപ്പിക്കുന്നു.നിരന്തരം പരിവർത്തനം ചെയ്യപ്പെടുന്ന സർഗ്ഗാത്മക ചേതനയെ ‘ചിത്രകാരന്റെ പുനരാഗമനം’ എന്ന കവിത അടയാളപ്പെടുത്തുന്നുണ്ട്. അങ്ങനെ അടയാളപ്പെടുത്താൻ കവി ഉപയോഗപ്പെടുത്തുന്നത് വ്യാവഹാരിക ലോകത്തിനെയാണ് എന്നതാണ് ഏറ്റവും രസാത്മകമായിരിക്കുന്നത്.ചെറിയ ചെറിയ വരകളുടെ ഇടപെടൽ കൊണ്ട് ഒരു ചിത്രത്തിന്റെ അന്തസത്ത തന്നെ മാറിപ്പോകും പോലെ കാലമെന്നചിത്രകാരനിലൂടെ തന്റെ സർഗ്ഗാത്മക വ്യക്തിത്വവും നിരന്തരം പരിണാമിയാവുന്നു.

സത്യാനന്തര കാലത്തെ ആധുനിക സാങ്കേതികത എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന സർക്കാസ്റ്റിക് ആവിഷ്കാരമാണ് ക്രോപ്പ് എന്ന കവിത.ക്രോപ്പ് എന്ന സാങ്കേതികത ഇഹലോകവ്യവഹാരങ്ങളെ ഉപയോഗപ്പെടുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ കവിത വരച്ചു കാട്ടുന്നു.
മരത്തിന്റെ അസ്തിത്വത്തിൽ ജീവിതത്തെ വരഞ്ഞു വയ്ക്കുകയാണ് ‘ഇല ലിപിയാൽ ഒരു കൃതി.’ കൊഴിഞ്ഞ വിത്തിൽ നിന്നുയിരെടുക്കുന്ന വൃക്ഷജന്മത്തിൽ ഒരായുസിനെ അടയാളപ്പെടുത്തുന്നു.
മരത്തിന്റെ ജൈവികപരിസരത്തു നിന്നു കൊണ്ട് സങ്കീർണമായ ജീവിതത്തെ കുറിച്ചു വയ്ക്കുന്നു. വെട്ടിയും തിരുത്തിയും താളുകൾ അനേകം പിന്നിട്ടുവെങ്കിലും ഇനിയും ഏറെ പറയാനുണ്ടെന്ന അതീത ഭാവത്തിൽ അത് നില കൊള്ളുകയാണത്.

പ്രാപഞ്ചികജീവിതത്തിന്റെ സ്നിഗ്ദ്ധതയെ, സങ്കീർണതയെ, ആശയ വൈരുധ്യങ്ങളെ, ധ്വനി ഭേദങ്ങളെ എല്ലാ മെല്ലാം മരത്തിന്റെ സ്വത്വപരിസരവുമായി ചേർത്തു വെയ്ക്കുന്നു. മരണം കടയ്ക്കൽ മൂർച്ചയിൽ വന്നു പതിക്കുമ്പോഴും സ്വയം ആവിഷ്കരിക്കാൻ വെമ്പൽ കൊള്ളുന്ന സർഗ്ഗാത്മകത…
വൃക്ഷത്തിന്റെ ജൈവ പരിസരത്ത് നിന്നു കൊണ്ട് അതിവിശാലമായ ഒരു പാരിസ്ഥികദർശനം അവതരിപ്പിക്കാൻ അണ്ടിക്കഞ്ഞി എന്ന കവിത ശ്രമിക്കുന്നു.വിത്തിനുള്ളിൽ പൊതിഞ്ഞു സൂക്ഷിച്ച നിഗൂഢ സന്ദേശങ്ങളെപ്പോലും ഹനിക്കുന്ന മനുഷ്യ കുലത്തിന്റെ ഹിംസാത്മകതയെ കവിത കൊണ്ട് പ്രതിരോധിക്കുകയാണ്. ഒരഭ്യർത്ഥനയുടെ ടോണിൽ നിന്നുകൊണ്ട് പറയുമ്പോഴും സൂക്ഷ്മ പ്രപഞ്ചത്തിൽ പോലും ഇടപെടുന്ന മനുഷ്യന്റെ ദുരയ്ക്ക് കവി നൽകുന്ന വലിയൊരു താക്കീതു കൂടിയാണ് ഈ കവിത.

ശരീരമെന്ന തടവിലാക്കപ്പെടുന്ന ആത്മാവിന്റെ വ്യഥ സർഗ്ഗാത്മകമായി ‘അന്നുകണ്ട കിളിയുടെ മട്ട്’ എന്ന കവിതയിൽ അവതരിപ്പിക്കപ്പെടുന്നു. ജീവിതം മരണം എന്നിവയിൽ കവിഞ്ഞ് സർഗ്ഗാത്മകമായ ആവിഷ്കരമെന്ന ധ്വനി കൂടി കിളി എന്ന ഇമേജറി പ്രകടമാക്കുന്നു.കാവ്യാനുശീലങ്ങളുടെ കൂട്ടിൽ അകപ്പെടുന്ന സർഗ്ഗ ചേതനയോടും ഈ കിളിബിംബം ചേര്‍ന്നു നില്‍ക്കുന്നു.പലതരം വിധേയത്വങ്ങളെ ലളിതമായി ആവിഷ്കരിക്കുവാൻ അതി പരിചിതമായ ജീവിതപരിസരം തന്നെ കവി തിരഞ്ഞെടുക്കുന്നു. വിധേയത്വം പലപ്പോഴും അടിമയിൽ നിന്ന് ഉടമയിലേയ്ക്ക് പടരുന്നതാണ് ‘വളർത്തു നായയും ഞാനും ‘ എന്ന കവിത.അദൃശ്യമായ തുടലിൽ വരിഞ്ഞു മുറുകുന്ന സ്വതത്തെ തിരിച്ചറിയാൻ ശ്രമിക്കുകയാണിവിടെ.സങ്കീർണമായ വൈകാരിക ബന്ധങ്ങളിൽ കുരുങ്ങുന്ന വ്യവഹാരിക ലോകം കവിയുടെ ഇഷ്ടപ്രമേയമാണ്.നിഴലുകൾ പാർക്കുന്ന വിപിനം എന്ന് ഭൗതിക പ്രപഞ്ചത്തെ കവിത അടയാളപ്പെടുത്തുന്നുണ്ട്.പരസ്പരവിരുദ്ധങ്ങളായ വികാരങ്ങളുടെ ഒരു സമവായമാണ് ഈ ലോക ജീവിതം.( ഇണക്കം- പിണക്കം, പ്രണയം -പക ) ഇതിൽ രണ്ടാമത്തെത് കര കവിയുമ്പോൾ ഇഹലോകജീവിതം താളം തെറ്റാൻ തുടങ്ങുന്നു.’നിഴൽ രൂപങ്ങൾ’ എന്ന കവിതയിൽ മനുഷ്യ മനസ്സിന്റെ ഈ സങ്കീർണതയെ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്.ഇളവെയിലേറ്റ് പടുക്കുന്ന നിഴലുകൾ ജീവിതത്തിന്റെ ശമതാളങ്ങളെ അനുസ്മരിക്കുമ്പോൾ എരിവെയിലിൽ ഉരുവപ്പെടുന്ന നിഴൽ ജീവിതത്തിന്റെ അല്ലെങ്കിൽ വൈകാരികതയുടെ ഉഗ്രമായ വിനാശകാരിയായ തലത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു.ജീവിതം പോലെ സങ്കീർണമാകുന്നു നിഴലും വെളിച്ചവും ഇടകലർന്ന ഈ കവിതയുടെ ആവിഷ്കാരവും.

ചില വ്യക്തികൾ അവരുടെ ദേശങ്ങളിൽ അടയാളപ്പെടും വിധം കവിതയ്ക്ക് പ്രമേയമാകുന്നുണ്ട്. തന്റെ മദ്യപാനാസക്തി കൊണ്ട് ഇല്ലാമ മണിയൻ നാട്ടിൽ ചരിത്രമാകുമ്പോൾ 1310 എന്ന സംഖ്യയിൽ പേര് പോലും അപ്രസക്തനായ ഒരു കാർ ഡ്രൈവർ അറിയപ്പെടുന്നു.രണ്ടു പേരുടെയും ദുരന്തപൂർണമായ വാഴ്‌വിനെ കവിതയിൽ വരഞ്ഞിടുന്നുണ്ട്. അസീമിന്റെ കവിതകളിൽ ദർശനികതയോടൊപ്പം വൈകാരികതയും സംഗമിക്കുന്ന അപൂർവം ഇടങ്ങളാണവ.സർഗ്ഗാത്മകതയുടെ വിവിധ ആവിഷ്കാരങ്ങളെക്കുറിച്ചാണ് `മിടിപ്പുകൾ’ എന്ന കവിത.തെളിയും മഷിപ്പേനയിലും,ബ്രഷിൻ തുമ്പിലും ഉളി പതിയുന്ന ശിലാപ്രതലങ്ങളിലും കാതലുറഞ്ഞ കരുത്തഴകിലും കൈക്കോട്ടിലും,ചുരുട്ടിയ മുഷ്ടിയിലും മാത്രമല്ല പ്രണയം തുടിക്കുന്ന ജീവിതത്തിലും അധിക മിടിപ്പായി അത് കുടികൊള്ളുന്നു.അലാറം എന്ന കവിതയിൽ,അതി രാവിലെ അലാറം കേട്ടെഴുന്നേറ്റ് ജീവിതമെന്ന കവിത തിരുത്താനൊരുങ്ങുന്നതാണ് കാവ്യ സന്ദർഭം.ഒരു കവിതയെഴുത്തിന്റെ/തിരുത്തിന്റ പശ്ചാത്തലത്തിൽ ജീവിത വ്യാഖ്യാനത്തിനൊരുങ്ങുന്നു കവി.ഗൃഹാന്തരീക്ഷത്തിന്റെ സ്വാഭാവികതയിൽ നിന്ന്
കാവ്യാഖ്യാനത്തിന് വേണ്ട ഇമേജുകളിലൂടെ കവിത മുന്നോട്ട് പോകുന്നു.മുടങ്ങാതെ എന്നും ചെയ്യുന്ന പ്രവൃത്തികളുടെ യാന്ത്രികത അലാറം എന്ന ഒറ്റ ബിംബത്തിൽ തന്നെ സുഭദ്രമാണ്.വളവും തിരിവുമില്ലാതെ ഒറ്റ നേർരേഖയിൽ നീണ്ടു പോകുന്ന ജീവിതം. തികച്ചും യാന്ത്രികമാകുന്ന ജീവിതാവസ്ഥകളുണ്ടാക്കുന്ന ആന്തരികമായ മടുപ്പിനെക്കൂടി ഈ കവിത അടയാളപ്പെടുത്തുന്നു.

അഴിഞ്ഞമുടി വാരിക്കെട്ടി, കാവ്യത്തിലൂടനീളം ഓടി നടന്നു കവിതയുടെ നിയന്ത്രണമേറ്റെടുക്കുന്ന മുഖ്യ ബിംബവും ഉണരാൻ മടിച്ചു കിണുങ്ങിയെഴുന്നേൽക്കുന്ന ഇരട്ടയി ഇജുകളും കവിയുടെ ആന്തരീകവും ഭൗതികവുമായ സംഘർഷ സങ്കീർണതകളിലേയ്ക്ക് നമ്മെ നയിക്കുന്നുണ്ട്. വകയ്ക്ക് കൊള്ളാത്ത കവിതയെന്ന തോന്നലിൽ ചുരുട്ടിയെറിയാനൊരുങ്ങുമ്പോഴും അതിനെ തടുക്കുന്ന ഒരുപിടച്ചിൽ.തെറ്റിയും തിരുത്തിയും കാവ്യാവിഷ്കാര സമാനമായി തുടരുന്ന ജീവിതം. അതിനെ ആഖ്യാനം ചെയ്യാനൊരുങ്ങുന്ന സർഗ്ഗത്മകമായ ആത്മ സംഘർഷങ്ങൾ…ഭൗതിക ജീവിതത്തിലെ ബന്ധങ്ങളുമായുള്ള വിനിമയങ്ങൾ നൽകുന്ന സങ്കീർണത കാവ്യത്തിൽ ആഖ്യാനം ചെയ്യാനൊരുങ്ങുന്ന കവിയുടെ ആത്മസംഘർഷങ്ങൾ ഈ കവിത ആവിഷ്കരിക്കുന്നു.ഒരു ടിക് ടിക് മിടിപ്പിൽ തുടരുന്നു മനുഷ്യ യന്ത്രം തന്നെയാണല്ലോ നമ്മൾ ഓരോരുത്തരും.ഘടികാര സൂചികൾക്കൊപ്പം നിയന്ത്രിത ചലനങ്ങളോടെ അനസ്യൂതം തിരിഞ്ഞു കൊണ്ടിരിക്കുന്ന യാന്ത്രികത ജീവിതത്തെ/അതിൽ കുരുങ്ങുന്ന മനസ്സിനെ എങ്ങനെയൊക്കെ ബാധിച്ചുകൊണ്ടിരിക്കുന്നുവെന്ന് കവിത വ്യക്തമാക്കുന്നു..

വരികൾക്കും വാക്കുകൾക്കും ഇമേജറികൾക്കും ഒരു പാട് വ്യാഖ്യാനസാധ്യതകൾ നിറഞ്ഞ അനേകങ്ങളായ വായനകൾക്കും പഠനങ്ങൾക്കും വിധേയമാക്കപ്പെടേണ്ട ഗഹനത ഈ സമാഹാരത്തിനുണ്ട്.ഓരോ വാക്കിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ധ്വനി ഭേദങ്ങളിൽ കവിതകളോരൊന്നും വ്യത്യസ്തമാകുമ്പോഴും ആന്തരികമായ പരിസരങ്ങളിൽ അവയോരൊന്നും കെട്ടു പിണഞ്ഞു കിടപ്പുണ്ട്.അതിരുകളിട്ട് വേർതിരിക്കുമ്പോഴും വേരുകൾ കൊണ്ട് പുണരും പോലെ പ്രാപഞ്ചിക ജീവിതത്തിന്റെ അന്ത സംഘർഷങ്ങളിൽ നിന്ന് ആവാഹിക്കുന്ന ദർശനികമായ ഒരിഴയിൽ കവിതളെല്ലാം കൊരുക്കപ്പെടുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.