DCBOOKS
Malayalam News Literature Website

സ്വർണ്ണവും സ്വവർഗ്ഗ രതിയും പ്രമേയമായി രണ്ട് വർഷം മുൻപ് ഉണ്ണി ആർ എഴുതിയ വെട്ട് റോഡ് ഉൾപ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’; ഉടന്‍ വായനക്കാരിലേക്ക്

Unni R

സ്വര്‍ണ്ണക്കടത്തും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമൊക്കെ കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ സ്വർണ്ണവും സ്വവർഗ്ഗ രതിയും പ്രമേയമായി രണ്ട് വർഷം മുൻപ് ഉണ്ണി ആർ എഴുതിയ വെട്ട് റോഡ് ഉൾപ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം പെണ്ണും ചെറുക്കനും ഉടന്‍ വായനക്കാരിലേക്ക്. പുതിയ തലമുറകളില്‍ ഒരുപാട് വായനക്കാരുള്ള, വര്‍ത്തമാനകാലത്തോട് കഥയിലൂടെ സംസാരിക്കുന്ന  എഴുത്തുകാരനാണ് ഉണ്ണി. ആര്‍.

‘പെണ്ണും ചെറുക്കനും’ എന്ന കഥാസമാഹാരത്തിലെ  സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും സ്വര്‍ണ്ണക്കള്ളക്കടത്തും പ്രമേയമായ ‘വെട്ട് റോഡ്’, എന്ന കഥയില്‍ നിന്നും ഒരു ഭാഗം വായനക്കാര്‍ക്കായി ഇതാ;

മാഹിക്കാരന്‍ വെള്ള വഴിയാണ് തെക്കോട്ടേക്കുള്ള ജൂവലറിക്കാര്‍ക്കു സ്വര്‍ണ്ണം എത്തുന്നത്. തെക്കോട്ടുള്ള സ്വര്‍ണ്ണം ആലപ്പുഴക്കാരന്‍ സ്വാമിയുടെ കൈയിലെത്തും അത് തൃശൂരുള്ള പട്ടര്‍ക്കും കോട്ടയത്തുള്ള നസ്രാണികള്‍ക്കുമായി സ്വാമി തിരിച്ചുകൊടുക്കും. നെടുമ്പാശ്ശേരീന്നും കരിപ്പൂരുന്നും വെള്ളയുടെ പിള്ളേരെ പിടിച്ചതോടെ വെള്ള ഗ്രീന്‍ റൂമിലേക്ക് മാറി. വിശ്വാസമുള്ളവരും എന്തിനും പോന്നവരുമായ ആളുകളെ വിട്ടാല്‍ സ്വര്‍ണ്ണം തരാമെന്ന് വെള്ള പറഞ്ഞതോടെയാണ് മേസ്തിരിയുടെ കാലം തെളിഞ്ഞത്. ചീട്ടുകളീം വെട്ടും കുത്തുമായി നടന്നിരുന്ന മേസ്തിരിയെ സ്വാമിക്കു പരിചയപ്പെടുത്തുന്നതു കണ്ടിപ്പോക്കറാണ്. നല്ല നെയ്ക്കുമ്പളങ്ങാ പോലുള്ള ചെറുക്കന്മാരെ സപ്ലൈ ചെയ്യുന്ന ഇടനിലക്കാരനാണ് കണ്ടിപ്പോക്കര്‍. മേസ്തിരിയുടെ പഴേ ചങ്ങാതിയാണ്. സ്വാമിക്കു പിള്ളേരെ കൊടുക്കുന്നതും പോക്കറാണ്. പിള്ളേരല്ലാതെ ഒറപ്പുള്ള ആണുങ്ങള്‍ ആരെങ്കിലും ഉണ്ടോന്നു സ്വാമി ചോദിച്ചപ്പോഴാണ് പോക്കറ് മേസ്തിരിയെ പരിചയപ്പെടുത്തിയത്. മേസ്തിരി കാറ്റോ മഴയോ അറിയിക്കാതെ സാധനം എത്തിച്ച് കൊടുത്തു. അപ്പോഴെല്ലാം മേസ്തിരിയുടെ നോട്ടം സ്വാമിയുടെ കൂടെയുള്ള ചെറുക്കനിലായിരുന്നു.
”അത് ങ്ങള് വിട്ടോളീ, വെള്ള കണ്ണ് വെച്ചിട്ടൂടെ സാമി കൊടുത്തിട്ടില്ല.” കണ്ടിപ്പോക്കര്‍ പറയും.
”ഒന്നു ശരിയാക്ക് പോക്കറേ,” മേസ്തിരി അപേക്ഷിക്കും.
”സാമി തരൂല്ല.”
”അതെന്നാ?”
”ചെക്കന്‍ അമ്മാതിരിപ്പണിയല്ലേ.”
”നിങ്ങള് നല്ല ചെറുക്കന്മാരെയൊക്കെ പട്ടന്മാര്‍ക്കേ കൊടുക്കത്തൊള്ളോ?”
”ങ്ങള് എന്താണീ പറയുന്നെ? ചെക്കന്‍ വന്നപ്പഴേ സാമി കൊത്തിയെടുത്തു പോയതല്ലേ.”
നെടുമ്പാശ്ശേരിലും കരിപ്പൂരും ബോംബേലുമെല്ലാം സ്വര്‍ണ്ണം പിടിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണ്ണത്തിന്റെ പുറംവരവ് കുറഞ്ഞു. വെള്ളയെ സ്വാമിയും പട്ടരും മറ്റ് സ്വര്‍ണ്ണക്കടക്കാരും നേരിട്ട് പോയിക്കണ്ടു. വെള്ളയ്ക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വെള്ളയത് മാറ്റിനിര്‍ത്തി സ്വാമിയുടെ ചെവിയില്‍ പറഞ്ഞു. സ്വാമി ഒന്നും പറയാതെ നിന്നപ്പോള്‍ വെള്ള പറഞ്ഞു: ”നിങ്ങടെ കൈയിലെ ആ പൊന്നിങ്ങ് തന്നാ, ഉരുവഴിയാണേലും നമ്മള് കരേല് സാധനമെത്തിക്കും.”
കണ്ടിപ്പോക്കറുടെ കൈയിലേക്കു ചെറുക്കനെ കൊടുക്കുംമുന്‍പ് സ്വാമി അവന്റെ ഇളം മുലഞെട്ടില്‍ കടിച്ച് മുറിവു വീഴ്ത്തി. പോക്കറുടെ വണ്ടി സ്വാമിയുടെ വീട് വിട്ടുകഴിഞ്ഞപ്പോള്‍ ഒന്നു നിന്നു. മേസ്തിരി വണ്ടിയില്‍ നിന്നിറങ്ങിയില്ല. വാവയും പാപ്പനും ചെറുക്കനെ കൂട്ടിക്കൊണ്ടു വന്നു. വണ്ടിയുടെ ചില്ലിനപ്പുറത്തുനിന്ന് പോക്കര്‍ പറഞ്ഞു: ”മേസ്തിരീ ഇത് കള്ളക്കച്ചോടമാണ്.”
”കള്ളക്കച്ചോടത്തിനല്ലേ പോക്കറേ സുഖം?”
”വെള്ള തപ്പിവരും.”
”ഈ പൊന്ന് എനിക്കു ചാര്‍ത്തിയെന്ന് പറഞ്ഞേക്ക്.”
രാത്രിയില്‍ സ്വാമിയുടെ ആളുകള്‍ മേസ്തിരിയെ അന്വേഷിച്ചുവന്നു. കിട്ടിയില്ല. വെള്ളയുടെ ആളുകളും വന്നു. കിട്ടിയില്ല.
മേസ്തിരി ചെറുക്കനെയും കൂട്ടി ഊട്ടിയും കൊടൈക്കനാലുമെല്ലാം പോയി. അവിടെനിന്ന് കൂര്‍ഗ്. തിരിച്ച് വയനാട്. വയനാട്ടിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ചെറുക്കന്‍ മേസ്തിരിയുടെ മുടിയിലും താടിയിലും വിരലുകൊണ്ട് കുത്തിവരച്ചിട്ട് പറഞ്ഞു: ”ങ്ങളിതു മുറിച്ച് കള, കുത്തിക്കേറണ്.” നീ പറഞ്ഞാ, ഞാനെന്റെ കഴുത്തൂടെ മുറിച്ചു കളയുമെന്ന് പറഞ്ഞ് അപ്പോള്‍ത്തന്നെ ബാര്‍ബര്‍ഷാപ്പിലേക്കു പോകാനായി മേസ്തിരി തയ്യാറായി.

ഉണ്ണി ആറിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.