DCBOOKS
Malayalam News Literature Website

എസ്. ഹരീഷിന്റെ മൂന്ന് കഥാസമാഹാരങ്ങള്‍ കൂടി ഇംഗ്ലീഷിലേയ്ക്ക്

S Hareesh
S Hareesh

കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനുമായ എസ്.ഹരീഷിന്റെ മൂന്ന് കഥാസമാഹാരങ്ങള്‍ കൂടി ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ആദം, അപ്പന്‍, രസവിദ്യയുടെ ചരിത്രം എന്നീ കഥാസമാഹാരങ്ങളാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. പെന്‍ഗ്വിന്‍ പബ്ലിഷേഴ്‌സാണ് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുക. ജയശ്രീ കളത്തിലാണ് പുസ്തകങ്ങള്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നത്. പ്രശസ്ത പരിഭാഷകയും ഇംഗ്ലണ്ടിലെ സ്ഥിരതാമസക്കാരിയായ മലയാളിയുമാണ് ജയശ്രീ കളത്തില്‍. മനോരോഗചികിത്സതേടുന്നവരുടെ ഇടയില്‍ സന്നദ്ധസാമൂഹികപ്രവര്‍ത്തനം നടത്തുന്ന ആളെന്ന നിലയിലും, ഇന്ത്യയിലെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകയെന്ന നിലയിലും ജയശ്രീ ശ്രദ്ധേയയാണ്.

എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ‘Moustache’ നേരത്തെ പുസ്തകപ്രസാധകരായ ഹാര്‍പ്പന്‍ കോളിന്‍സ് പുറത്തിറക്കിയിരുന്നു.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് ആദം എന്ന കഥാസഹാരം. കാലിക പ്രസക്തിയുള്ള, ഹൃദയത്തില്‍ തൊടുന്ന ആഖ്യാനവൈഭവത്തോടെ ആവിഷ്‌കരിക്കുന്ന ആറ് കഥകളാണ് ‘അപ്പന്‍’. പുരാവൃത്തത്തിന്റെയും ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ഗതിവിഗതികളെ പ്രശ്‌നവല്ക്കരിക്കുന്ന ദിശാസൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകളുടെ സമാഹാരമാണ് ‘രസവിദ്യയുടെ ചരിത്രം’.

എസ്. ഹരീഷിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.

Comments are closed.