DCBOOKS
Malayalam News Literature Website

“ഹിന്ദുത്വം തിരിച്ചുവരുന്നത് ഓരോ മനുഷ്യരുടെയും മറവിയിൽ നിന്നാണ് “: പി.എൻ.ഗോപികൃഷ്ണൻ

2023 ലെ ഓടക്കുഴൽ അവാർഡ് ജേതാവ് പി. എൻ. ഗോപികൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം ആസ്പദമായുള്ള ചർച്ചയിൽ, ഹിന്ദുത്വം എങ്ങനെയാണ് ഇന്ത്യയിൽ വേരുറപ്പിച്ചതെന്നും സവർക്കർ ഏത് തരത്തിലാണ് ഹിന്ദുത്വവാദത്തിന്റെ പ്രചാരത്തിന് കാരണമായതെന്നും പി. എൻ ഗോപികൃഷ്ണൻ വിശദീകരിച്ചു.

വസ്തുതകളുടെ സമാഹാരമാണ് ഈ പുസ്തകമെന്ന് പറഞ്ഞുകൊണ്ട്, ഹിന്ദുത്വരാഷ്ട്രീയം എങ്ങനെയാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത് എന്ന് പി. എൻ. ഗോപികൃഷ്ണൻ തുറന്നുകാണിക്കുന്നു. 1946 ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമെന്ന സൂചന കിട്ടിയതിന് ശേഷം ഗാന്ധി ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര പോരാളികൾ ഹിന്ദുത്വത്തിന് എതിരായി പോരാടി. ഗാന്ധി വധത്തിന് ശേഷം സ്വീകാര്യത നഷ്ടപ്പെട്ട സവർക്കരെ വെള്ളപൂശലാണ് കാലങ്ങളായി ഹിന്ദുത്വത്തിൻ്റെ പ്രചാരത്തിന് ഹിന്ദുത്വവർഗ്ഗീയ വാദികൾ ചെയ്യുന്നത്. 2003 ൽ പാർലമെന്റ് മന്ദിരത്തിൽ ഉയർന്ന സവർക്കറുടെ ഫോട്ടോയും, ‘ആൻഡമാൻ ഇൻ്റർനാഷണൽ എയർപോർട്ട്’ ‘വീർ സവർക്കർ എയർപോർട്ട്’ ആയി മാറിയതും സവർക്കറെ കൃത്യമായി ഉയർത്തിപ്പിടിക്കുന്നുണ്ട്. അതിന്റെ തുടർച്ചയായി 2023 മാർച്ച് 28 ലെ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് സവർക്കറുടെ ജന്മദിനത്തിൽ തന്നെ ആഘോഷിക്കുമ്പോഴും ആ സത്യത്തെ ഓർക്കാൻ പോലും കഴിയാതെ ഇന്ത്യയിലെ മനുഷ്യരെ മറവി വിഴുങ്ങിയിരിക്കുന്നു എന്ന് ഗോപീകൃഷ്ണൻ ഓർമ്മപ്പെടുത്തുന്നു.

നുണയുടെ രാഷ്ട്രീയം പ്രാഥമിക സത്യമായി മാറുന്ന കാലത്ത് ചരിത്രത്തിൽ മനഃപൂർവം രേഖപ്പെടുത്താതെ വിടുന്ന വസ്തുതകളെയും, ഹിറ്റ്ലർ, മുസോളിനി, തുടങ്ങിയ ഏകാധിപതികൾ മുന്നോട്ട് വെച്ച ഫാസിസത്തിൽ നിന്ന് ഹിന്ദുത്വ ഫാസിസം എങ്ങനെ വേറിട്ട് നിൽക്കുന്നു എന്നതും, ഹിംസാത്മകമായ ഹിന്ദുത്വത്തെ കുറിച്ചും “ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ” എന്ന കൃതി ചർച്ച ചെയ്യുന്നു എന്ന് ഗോപീകൃഷ്ണൻ പറഞ്ഞു.

ഹിന്ദുത്വത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് മഹാ അപരാധമാണെന്നും അത് ഹിന്ദുക്കളെ നോവിക്കലാണെന്നുമാണ് ഹിന്ദുത്വം സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് എന്ന് കെ. ടി കുഞ്ഞിക്കണ്ണൻ ചൂണ്ടിക്കാണിച്ചു. ജാതിഫ്യൂഡൽ വ്യവസ്ഥയാണ് ഹിന്ദുത്വത്തിന്റെ ആവിർഭാവത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സുമായുള്ള സംവാദത്തോടെ ചർച്ച അവസാനിച്ചു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.