DCBOOKS
Malayalam News Literature Website

പ്രതീക്ഷയുടെ പ്രകാശം

ബി.ബൽറാം
എഴുത്തുകാരൻ, അദ്ധ്യാപകൻ

ലോകം ഉണ്ടായ കാലം മുതൽ മനുഷ്യരടങ്ങുന്ന ജീവജാലങ്ങളെല്ലാം തന്നെ ജീവിതം ജീവിച്ച് തീർക്കുകയായിരുന്നു. അത് തന്നെയാണ് തുടർന്നുകൊണ്ടിരിക്കുന്നതും. നാ​ഗരികതയുടെ സ്വാധീനം പല ദിക്കിലും ഓരോ രീതിയിൽ സ്വാധീനച്ചപ്പോഴും അറിവും അജ്ഞതയും തമ്മിലുള്ള അന്തരത്തിന്റെ വ്യാപ്തി മനസ്സില്ലാക്കാൻ അല്ലെങ്കിൽ അതിനെപ്പറ്റി ചിന്തിക്കാൻ മനനം ചെയ്യുന്ന എന്ന് അർത്ഥം വരുന്ന മുനഷ്യന് എത്രത്തോളം സാധിച്ചു എന്നത് ഒരു ചോദ്യ ചിഹ്നമായി ഇന്നും അവശേഷിക്കുകയാണ്.

തത്വശാസ്ത്രങ്ങളും മൂല്യവത്തായ പരിശുദ്ധ ​ഗ്രന്ഥങ്ങളും ദൈവത്തെ വരച്ച് കാട്ടിത്തന്നത് പല രൂപത്തിലും ഭാവത്തിലുമാണ്. ആ രൂപങ്ങളിൽ ഒന്നും തന്നെ നമ്മുടെ ന​ഗ്ന നേത്രങ്ങൾക്ക് കാണാൻ സാധിച്ചില്ല എങ്കിൽപോലും മതത്തിന്റേയും ദൈവത്തിന്റേയും പേരിൽ ധാരാളം ജീവനുകൾ കുരുതികൊടുക്കുന്ന കാര്യത്തിൽ മനുഷ്യന് തന്നെയാണ് മറ്റേത് ജീവജാലങ്ങളെക്കാളും ഒന്നാം സ്ഥാനം. ഞാനും നീയും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന് ചോ​ദിച്ചാൽ നീ പെണ്ണ് ഞാൻ ആണ് എന്നൊരു വ്യത്യാസവുമല്ലാതെ മറ്റൊരു വ്യത്യാസവും ചെഞ്ചോല പേറി നടക്കുന്ന ലോകജനതയ്ക്ക് എടുത്ത് പറയാൻ സാധിക്കില്ല.നീ വെളുപ്പ്, ഞാൻ കറുപ്പ് പക്ഷെ എന്റെയും നിന്റെയും നിഴൽ കറുപ്പ് എന്ന കവി വചനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും ഒരു പരിവർത്തനത്തിന്റെ പൂർണ്ണതയിലേക്ക് ഇന്നും ലോകം എത്തിയിട്ടുണ്ടോ എന്നതിനെപ്പറ്റി രണ്ടാമതൊരു ചിന്ത വേണ്ട. കാരണം മാറാൻ കഴിയാത്ത ഒന്നേയുള്ളൂ ഈ ലോകത്ത് അത് മനനം ചെയ്യുന്ന (ചിന്തിക്കുക) മനുഷ്യൻ തന്നെയാണ്.

ലോക ചരിത്രത്തിൽ അറിവുള്ള മനുഷ്യന് തിരിച്ചറിവ് നൽകാൻ ശ്രമിച്ചുകൊണ്ട് ധാരാളം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്തിലും ഒരു കോടിയോളം വരുന്ന ജനതയുടെ ജീവൻ അപഹരിച്ച പ്ലേ​ഗ് പോലും ഉണ്ടായതും നമ്മുടെ പൂർവ്വികർ ഇന്നും സ്മരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ഈ തലമുറയ്ക്ക് തിരിച്ചറിയാൻ ശ്രമിച്ചുകൊണ്ട് ഒരു വർഷം കൊണ്ട് മഹാമാരിയായ കൊറോണയെന്ന മുൾപന്ത് എന്ന് വിശേഷിപ്പിക്കാവുന്ന വൈറസ് കവർന്നെടുത്തത് കേവലം ജീവനുകൾ മാത്രമല്ല ജീവിതങ്ങൾ കൂടിയാണ്. മനുഷ്യൻ ശരിക്കും തടവറയിലായ നിമിഷം. മുഖത്തെ പുഞ്ചിരി പുറമേ കാണിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ, ആവശ്യത്തിനും അനാവശ്യത്തിനും ആശുപത്രികളിൽ പോയിക്കൊണ്ടിരുന്നത് അവസാനിച്ച സാഹചര്യങ്ങൾ, ആഘോഷങ്ങൾ അതിരുകവിയാതെ നടത്താൻ നിർബന്ധിതരായ നിമിഷങ്ങൾ, വിദ്യാഭ്യാസം വീടിനുള്ളിൽ ​ഗുരുകുല സമ്പ്രദായത്തിന്റെ പുതിയ പതിപ്പിൽ അരങ്ങേറിയ നിമിഷങ്ങൾ, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പുതിയ പതിപ്പിൽ രം​ഗത്തിറങ്ങിയ സാഹചര്യങ്ങൾ, ഓരോ ദിനവും എങ്ങനെ ആർഭാടകരമാക്കാം എന്നന്വേഷിച്ചുകൊണ്ട് റിസോർട്ടിൽ പോയിരുന്ന മനുഷ്യൻ സ്വന്തം വീടും പരിസരവും കൺകുളിർക്കെ കണ്ട ദിനങ്ങൾ, വലിപ്പച്ചെറുപ്പമില്ലാതെ റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങി കഞ്ഞി കുടിച്ച് കഴിച്ച കാലഘട്ടം. എല്ലാത്തിലും ഉപരി ക്ഷേത്രങ്ങളിലും പള്ളികളിലും പുണ്യവെള്ളത്തിന് പകരം ഏതോ ഫാക്ടറികളിൽ നിർമ്മിച്ച സാനിറ്റൈസറും വാങ്ങി ശുദ്ധിവരുത്തിയ കാലം. ഇനി ലോകം മുഴുവൻ മാലയൂരൽ ചടങ്ങുപോലെ മാസ്ക് ഊരൽ ചടങ്ങിനായി കാത്തിരിക്കുന്ന കാലം. എല്ലാ മനുഷ്യരിലും ജനിച്ചപ്പോൾ മുതൽ ഒരു മുഖംമൂടി ഇത്രയും കാലം ഉണ്ടായിരുന്നു. അതിനും പുറമേയാണ് രണ്ടും മൂന്നും മുഖം മൂടികൾ എന്നതും ഈ ഒരു കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.

പക്ഷേ ഇവിടെയെല്ലാം നരകിക്കുന്ന ചില സാധാരണ ജീവിതങ്ങളുണ്ട്. പച്ചമനുഷ്യർ, വെറും മനുഷ്യർ മാന്യരല്ലാത്ത മനുഷ്യരായ ചില ജീവിതങ്ങൾ. അന്നന്നുള്ള അന്നത്തിനായി കൂലിവേല ചെയ്യുന്നവർ, ഓട്ടോറിക്ഷ ഓടിക്കുന്നവർ, ഭോജനശാലകളിൽ ആഹാരം പാചകം ചെയ്ത് ജീവിക്കുന്നവർ, ഫുട്ട്പാത്തിൽ കച്ചവടം നടത്തി ജീവിക്കുന്നവർ, ചെരുപ്പ് കുത്തികൾ, ലോട്ടറി തെരുവിൽ വിറ്റ് ജീവിക്കുന്നവർ, ശരീരം വിറ്റ് അന്നം കഴിക്കുന്ന വേശ്യകൾ, വീടുകൾ തോറും പോയി ട്യൂഷൻ എടുത്ത് ഉപജീവനം നടത്തുന്ന അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ, വീട്ട് വേല ചെയ്ത് മക്കളെ പോറ്റുന്ന സ്ത്രീകൾ തുടങ്ങിയവരെയൊക്കെയാണ് കൊറോണ എന്ന അയിത്തം വിളിച്ചുപറയുന്ന ഈ മഹാമാരിയുടെ ഭ്രഷ്ട് കൂടതലും കൽപ്പിച്ചത്. ഇത്തരം ജീവിതങ്ങളെപ്പോലെ ഏതൊരു ന​ഗരത്തിന്റേയും ശാപമായ തെരുവിൽ കിടന്ന് നരകിച്ച് മരിക്കുന്ന ചില ജീവിതങ്ങളും നമുക്കിടയിൽ ഉണ്ട്.

പക്ഷെ നമുക്കിതൊക്കെ ചിന്തിച്ച് അവരുടെ ജീവിതത്തിന് എന്ത് സഹായം ചെയ്ത് കൊടുക്കാം എന്നതിനെപ്പറ്റി ചിന്തിക്കുന്ന എത്രയോ മനുഷ്യരുണ്ട്. നല്ലൊരു വിഭാ​ഗം മനുഷ്യർ തീർച്ചയായും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ ജീവിതങ്ങൾ ഒരു നേരെത്തെങ്കിലും വയറു നിറച്ച് ഉണ്ണുന്നത് എന്ന് മറന്നുകൂട.

നമ്മുടെ ജീവിതത്തിന്റെ അർത്ഥം തേടിയുള്ള യാത്രയിൽ നമ്മളെക്കാൾ താഴെയുള്ള നമ്മുടെയത്രപോലും ജീവിതസാഹചര്യമില്ലാത്ത ജീവിതങ്ങളെ ഒന്നു തിരിഞ്ഞുനോക്കിയാൽ മാത്രം മതി നമ്മുടെ ജീവിതത്തിന്റെ അർത്ഥം പിടികിട്ടും.നല്ല പെരുമഴയിൽ, ഇടിവെട്ടിന്റെയും മിന്നലിന്റെയും ഇടയിൽ അടച്ചുറപ്പുള്ള നാലുചുവരിൽ നല്ല ഭക്ഷണം കഴിച്ച് ഒരു കട്ടിലിൽ നിവർന്ന് കിടക്കുമ്പോൾ തെരുവിൽ കാലിയായ വയറുമായി പുതയ്ക്കാൻ ഒരു പുതപ്പിമില്ലാതെ പേമാരിയിൽ വെള്ളപ്പൊക്കത്തിൽ മഴ തോരാൻ കാത്തിരിക്കുന്ന ജീവിതങ്ങളെക്കുറിച്ച് ഒന്ന് ഓർക്കുക. അപ്പോൾ ജീവിതത്തിന്റെ അർത്ഥം അറിയാൻ സാധിക്കും.ജീവിതം മടുത്ത് ആത്മഹത്യക്ക് തുനിയുമ്പോൾ ഒരു ജീവൻ രക്ഷിക്കാൻ ആശുപത്രികളിൽ അഹോരാത്രം കഷ്ടപ്പെടുന്ന ഡോക്ടർമാരെക്കുറിച്ചും, ഒരു പാരാസെറ്റ്മോൾ ​ഗുളിക വാങ്ങാൻ നിവർത്തിയില്ലാത്ത മനുഷ്യരെക്കുറിച്ചും ഒന്ന് ഓർത്താൽ ജീവിതത്തിന്റെ അർത്ഥം അൽപമെങ്കിലും മനസ്സിലാകും. ഷൂസ് ഇല്ലാത്തവന് അവന്റെ ദുഃഖം, കാലില്ലാത്തവന്റെ ദുഃഖം ആരറിയുന്നു എന്ന മഹാത്മാ​ഗാന്ധിയുടെ വാക്കുകൾ വളരെ പ്രസക്തമാണ്.

നമ്മുടെ പൂർവ്വികർ പണ്ട് പ്രവചിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് നാം കാണുന്നു. എന്നിരുന്നാലും ആരും ഒന്നും പഠിക്കുന്നില്ല എന്നതാണ് കഷ്ടം. നിയമങ്ങളും തത്വശാസ്ത്രങ്ങളുമെല്ലാം പ്രകൃതിയ്ക്ക് മേൽ മുട്ടുകുത്തുമ്പോഴും ചില മനുഷ്യർ ഞാൻ മനുഷ്യനാണ് എന്ന വാക്കിന്റെ അർത്ഥത്തിന് പോലും അർഹതയില്ലാത്ത അവസ്ഥയിലാണ് ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ. എന്ന കവിയുടെ വരികളിൽ ഇന്ന് ഭയം തോന്നും തരത്തിൽ പുതിയ തലമുറയെപ്പറ്റി യാതൊരു പ്രതീക്ഷയും നൽകാൻ സാധിക്കാത്ത തരത്തിൽ കാലത്തിന്റെ തിരിച്ചടിയിൽ ആണ്ടുപോകുകയാണ് നാം എന്ന് ഒരു തോന്നൽ കുറച്ചുപേർക്കെങ്കിലും ഉണ്ടായാൽ നന്ന്.

അഹങ്കാരവും, പകയും, വിദ്വേഷവും വെടിഞ്ഞ് ഞാനും ഒരു മനുഷ്യനാണ്, ഭൂമിയിൽ വെറും വാടകവീട്ടിൽ കഴിയാൻ നിയോഗിക്കപ്പെട്ടവനാണ്, എന്റെ മുന്നിൽ നിൽക്കുന്നവനും, മനുഷ്യനാണ് എന്റെ വിശപ്പ് തന്നെയാണ് അവനും എന്ന ചിന്തയിൽ, പൂർവ്വികർ എഴുതിവച്ച മഹത് ​ഗ്രന്ഥങ്ങളിലും മത ​ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ള നല്ല വചനങ്ങളെ ഉൾക്കൊണ്ട് ഇനിയെങ്കിലും ഒരു മനുഷ്യനായി ജീവിക്കാൻ പ്രതീക്ഷയുടെ പ്രകാശം മറ്റുള്ളവർക്കായി നമുക്കോരോരുത്തർക്കും നൽകാൻ ഉറച്ച തീരുമാനമെടുക്കാം. ആ പ്രകാശ വലയത്തിൽ നിന്ന് ഒരു മിന്നാമുനിങ്ങിന്റെ നുറുങ്ങു വെളിച്ചമെങ്കിലും പ്രതീക്ഷിക്കുന്ന ജീവിതങ്ങൾക്കായി നമുക്ക് ഒത്തുചേരാം.

 

Comments are closed.