DCBOOKS
Malayalam News Literature Website

ചെന്നൈ ഐ.ഐ.ടിയില്‍ സുനില്‍ പി.ഇളയിടത്തിന്റെ പ്രഭാഷണത്തിന് അനുമതി നിഷേധിച്ചു

ചെന്നൈ: എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ഡോ. സുനില്‍ പി.ഇളയിടത്തിന്റെ പ്രഭാഷണത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് മുടങ്ങി. ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ കേരള കലാസമിതിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന ചടങ്ങാണ് അധികൃതര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് റദ്ദാക്കിയത്. കല, സംസ്‌കാരം, രാഷ്ട്രീയം: നവകേരളത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തിലായിരുന്നു ഇവിടെ സുനില്‍ പി.ഇളയിടം പ്രഭാഷണം നടത്താനിരുന്നത്.

ഏപ്രില്‍ പത്താം തീയതി ബുധനാഴ്ച വൈകിട്ടായിരുന്നു ഇവിടെ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ചടങ്ങ് നടത്താന്‍ ആദ്യം ഹാള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീടത് റദ്ദാക്കുകയായിരുന്നു. പ്രഭാഷണത്തിനായി സുനില്‍ പി.ഇളയിടം ഐഐടിയില്‍ എത്തിയതിനു ശേഷമാണ് അനുമതി നിഷേധിച്ച കാര്യം അറിഞ്ഞത്. സംഭവത്തിന്റെ കാരണം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം അക്കാദമികമായ പരിപാടി അല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പൊലീസിന്റെയും ഇടപെടലുണ്ടായെന്നുമുള്ള പരസ്പരവിരുദ്ധമായ മറുപടികളാണ് അധികൃതരില്‍ നിന്നും കിട്ടിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Comments are closed.