DCBOOKS
Malayalam News Literature Website

കരുത്തിന്റെ കുഞ്ഞാലി ചരിതം

രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര എന്ന പുതിയ നോവലിന് രോഷ്‌നി അബ്രഹാം എഴുതിയ ആസ്വാദനം

ചരിത്രത്തിന്റെ അര്‍ഥവത്തായ പുനര്‍വായന ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. ചരിത്രത്തിലെ ഇരുളും വിടവും കണ്ടെത്താനും സംവാദങ്ങള്‍ക്ക് വഴിമരുന്നിടാനും അതുവഴി സാധ്യമാകും. അങ്ങനെ നോക്കുമ്പോള്‍ ‘കുഞ്ഞാലിത്തിര‘ ഏതു നിലയ്ക്കും മലയാളസാഹിത്യത്തിനു മുതല്‍ക്കൂട്ടാണ്. ശങ്കരാചാര്യരുടെ ജീവിതത്തിന്റെ ആത്മീയ അടിത്തറകള്‍ പുനരാവിഷ്‌കരിച്ച ‘മറപൊരുളി’നു ശേഷം രാജീവ് ശിവശങ്കറിന്റെ ചരിത്ര പശ്ചാത്തലത്തിലുള്ള രചനയാണ് ‘കുഞ്ഞാലിത്തിര.’ നൂറ്റിപ്പത്തു വര്‍ഷത്തെ ചരിത്രം. കേരളം ഇന്നത്തെ കേരളമായിട്ടില്ലാത്ത, ഇന്ത്യ ഇന്നത്തെ ഇന്ത്യയായിട്ടില്ലാത്ത കാലത്തെ കഥയാണു ഗൗരവം ഒട്ടും ചോരാതെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

കുഞ്ഞാലിമരയ്ക്കാര്‍ എന്നു കേള്‍ക്കാത്തവരുണ്ടാകില്ല. പക്ഷേ, കുഞ്ഞാലിമാര്‍ നാലു പേരുണ്ടായിരുന്നെന്നും അവരുടെ കാലത്ത് പതിനഞ്ചോളം സാമൂതിരിമാരുണ്ടായിരുന്നെന്നും നമ്മില്‍ എത്രപേര്‍ക്കറിയാം? പഴയ കാലത്തിന്റെ അപൂര്‍വവിശേഷങ്ങള്‍ ഏറെയുണ്ട് ഈ നോവലില്‍ കോഴിക്കോടിന്റെ മാത്രമല്ല, കൊച്ചിയുടെയും കണ്ണൂരിന്റെയും സിലോണിന്റെയും പോര്‍ച്ചുഗീസിന്റെയും ചരിത്രം കൂടി നോവലില്‍ ഇതള്‍വിടരുന്നു. ചരിത്രത്തിലെ കുസൃതികളും തമാശകളും വായനയുടെ മുറുക്കം വര്‍ധിപ്പിക്കുന്നു.

നിത്യയൗവനയുക്തനും ചിരഞ്ജീവിയുമായ പ്രെസ്റ്റര്‍ ജോണ്‍ ഭരിക്കുന്ന ക്രിസ്തുരാജ്യം തേടിവന്നതായിരുന്നു സത്യത്തില്‍ പോര്‍ച്ചുഗീസുകാര്‍. ഒറ്റക്കൊമ്പന്‍ കുതിരകളും നായ്ത്തലയുള്ള മനുഷ്യരുമുള്ള അമാനുഷരെ പ്രതീക്ഷിച്ചെത്തിയ അവര്‍ കറുത്തപൊന്നും കറുവപ്പട്ടയും ഏലവും കണ്ടു കണ്ണുമഞ്ഞളിച്ചു. ഇവ സ്വന്തമാക്കാനുള്ള ആര്‍ത്തി പെരുകിയതോടെ അധികാരയുദ്ധവും ആരംഭിക്കുകയായി. ‘തൃക്കാല്‍ മേലാത്ത’ തമ്പുരാനെയും ‘തൃച്ചെവി കേളാത്ത’ തമ്പുരാനെയുമൊക്കെ വരച്ചവരയില്‍ നിര്‍ത്തി പറങ്കികള്‍ ഈ നാടു പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുഞ്ഞാലിമാര്‍ ചെറുത്തുനില്‍പ്പിനൊരുങ്ങിയത്. കോഴിക്കോടിനെ കോളനിയാക്കാനാനെത്തിയ പോര്‍ച്ചുഗീസുകാരുടെ ശ്രമം പരാജയപ്പെടുത്തിയത് കുഞ്ഞാലിമാരായിരുന്നു. മമ്മാലി മരയ്ക്കാരുടെയും മൈമാമ മരയ്ക്കാരുടെയും പിന്‍മുറക്കാരനായി കുട്ട്യാലി മരയ്ക്കാര്‍ സാമൂതിരിപ്പടയുടെ ചുമതലയേല്‍ക്കുന്നതോടെയാണ് നൂറ്റാണ്ടുനീണ്ട പോരാട്ടത്തിനു തുടക്കമായത്. തങ്ങളുടെ സമ്മതപത്രംകൂടാതെ കടലില്‍ കപ്പലിറക്കാന്‍ അനുവദിക്കില്ലെന്ന പറങ്കികളുടെ തീര്‍പ്പിനെ കുട്ട്യാലി വെല്ലുവിളിച്ചു. പിന്നീട് കുട്ടിപ്പോക്കറും പട്ടുമരയ്ക്കാരും ഒടുവില്‍ മുഹമ്മദ് മരയ്ക്കാരും ആ പോരാട്ടം വര്‍ധിച്ച വീര്യത്തോടെ തുടര്‍ന്നു.

തീതുപ്പുന്ന പീരങ്കികളെ നേരിടാന്‍ മിന്നല്‍പോലെ പായുന്ന പടകുകളും ചങ്കുറപ്പും മാത്രമായിരുന്നു കുഞ്ഞാലിമാരുടെ ആയുധം. 1498ല്‍ വാസ്‌കോഡ ഗാമ കപ്പലിറങ്ങുന്ന തുമുതല്‍ കുഞ്ഞാലിമാരുടെ പിന്തുടര്‍ച്ചക്കാരന്‍ അലിമരയ്ക്കാര്‍ 1608ല്‍ ഗോവന്‍ ജയില്‍ ചാടി അവസാനത്തെ പോരാട്ടത്തിനു നേതൃത്വം നല്‍കുന്നതുവരെയുള്ള സംഭവ പരമ്പരകളില്‍ മാമാങ്കവും കൊച്ചിയുമായുള്ള പടമുട്ടും കോലത്തിരിയുടെ ചാഞ്ചാട്ടവും എല്ലാം ഇടകലരുന്നു. ഷൈഖ് സൈനുദ്ദീന്‍ മഖ്ദുമും ഡ്വാര്‍ത്തേ ബാര്‍ബോസയുമെല്ലാം കഥാപാത്രങ്ങളായി വായനക്കാരെ കൈപിടിച്ചുനടത്തുന്നു.

കുഞ്ഞാലിമാരുടെ പോരാട്ട കഥയാണെങ്കിലും ചരിത്രമാണ് നോവലിലെ നായകസ്ഥാനത്തെന്നു പറയേണ്ടിയിരിക്കുന്നു. നോവലിന്റെ പകുതിയോടെയാണ് കുഞ്ഞാലി രംഗത്തെത്തുന്നത്. പക്ഷേ, ഓര്‍മകളിലൂടെയും സംഭാഷണങ്ങളിലൂടെയും സാന്നിധ്യം തുടക്കം മുതലേ ഉണ്ട്. ഒന്നാമത്തെയും നാലാമത്തെയും കുഞ്ഞാലിമാരുടെ ജീവിതം പൂര്‍ണമായും നോവലിസ്റ്റ് അവതരിപ്പിക്കുന്നു. കൃത്യമായ വിവരത്തിന്റെ അഭാവമോ വിസ്താരഭയമോ കൊണ്ടായിരിക്കാം, രണ്ടും മൂന്നും കുഞ്ഞാലിമാരുടെ ജീവിതത്തെപ്പറ്റി പരാമര്‍ശമേയുള്ളൂ. ‘ബാഹുബലി’യും ടിവി പരമ്പരകളും മറ്റും കണ്ട് പണ്ടത്തെ യുദ്ധത്തിന്റെ തെറ്റായ ചിത്രം മനസില്‍ പതിഞ്ഞവര്‍ക്ക് ‘കുഞ്ഞാലിത്തിര‘യിലെ യുദ്ധ രംഗങ്ങളും തയാറെടുപ്പും പുതുമയായിരിക്കും. കൊച്ചിത്തമ്പുരാന്റെ കോയിലധികാരികളില്‍ ഒരാളായ കണ്ടകോരു പടയുടെ രീതി പോര്‍ച്ചുഗീസ് അഡ്മിറലിനോട് വിശദീകരിക്കുന്നത് ഇങ്ങനെ:

”ചതിയില്ല. ഒളിച്ചിര്ന്ന് കുത്തില്ല. പട പകല് വെട്ടത്തില് മാത്രേള്ള്. പടനെലത്ത് രണ്ട് വശത്തും പടയാളികള്‍ നെരന്നാ രാജാവ് ഒരു നമ്പൂരീന ശത്രൂന്റ കൈനെലേലാട്ട് അയയ്ക്കും. ഞാന്‍ നൂറു പടനായമ്മാര പടനിലത്താട്ട് അയയ്ക്കുന്നു. നിങ്ങളും നൂറുപേരെ അയക്കണമെന്നാരിക്കും കല്‍പന. പെരുമ്പറ മൊഴങ്ങുമ്പ രണ്ട് ഭാഗത്തൂന്നും തലേല് ചൊവന്ന പട്ടുകെട്ടിയ നൂറുപേര് വീതം മുമ്പാട്ടു നീങ്ങും. ചെണ്ടേം വെടീം മൊഴങ്ങും. ആദ്യത്തെ നെരേല് വാള്‍ക്കാരാണ്. പരിചകള് തമ്മീ തൊട്ട് നെലത്താട്ടു ചേര്‍ത്ത് പിടിച്ച് കുനിഞ്ഞ് താണ്, താളത്തീ ചൊവടു വെച്ച് അവരങ്ങാട്ട് നീങ്ങും..വാള്‍ക്കാര്ട പൊറ കേ വില്ലുകാരാണ്. അവര് ശത്രുക്കള്‍ട കാലേട്ട് നോക്കി അമ്പെയ്യും. മരം കൊണ്ടൊള്ള ഗദേം നല്ല മൂര്‍ച്ചേള്ള ഇരുമ്പുവളയോം എറിയുന്ന ആള്‍ക്കാരും ഇവര്ട കൂടേണ്ടാകും. ഏറ്റോം പൊറകിലാണ് ഈട്ടിക്കാരും കുന്തക്കാരും. ചൊവടു െവച്ച് മുമ്പാട്ട് കടന്നും പൊറകാട്ടു മാറീം കുനിഞ്ഞും പിന്നേം മുമ്പാട്ടു വന്നും പൊറകാട്ട് മാറീം ഒക്കേണ് പട യണീട നിപ്പ്. ചെലപ്പ കൊറേ ദെവസി തന്നെ ഈ നെലേ നിക്കും.”

ഇതുകേട്ടു ചിരിച്ചുമറിഞ്ഞ്, ‘പടയോ ഇതു നൃത്തമോ’ എന്നു പരിഹസിക്കുന്ന പോര്‍ച്ചുഗീസ് അഡ്മിറല്‍ പറയുന്നതിങ്ങനെ:

”ഞങ്ങള്‍ക്ക് ഈ നിയമമൊന്നും ബാധകമല്ല കേട്ടോ…നൂറു വീതം ഇറക്കിക്കളിക്കാന്‍ ഇതു പണംവച്ചുള്ള ചീട്ടുകളിയല്ല. യുദ്ധമാണു യുദ്ധം. വെടി…തലങ്ങും വിലങ്ങും വെടി…എല്ലാം തവിടുപൊടിയാക്കും ഞാന്‍…എത്രപേരെ കൊല്ലാമോ അത്രയുംപേരെ കൊല്ലും. വിജയം മാത്രമാണു ലക്ഷ്യം. പിന്നെ, പകലെന്നോ രാത്രിയെന്നോ ഞങ്ങള്‍ക്കില്ല. അതും അറിയിച്ചേക്കൂ….”

സാമൂതിരിപ്പട വരുന്നതറിഞ്ഞ് കൊച്ചിത്തീരത്തുനിന്നു കുതിച്ചുപാഞ്ഞ പറങ്കിക്കപ്പലില്‍ പെട്ടുപോയ ഇട്ടിക്കേളുമേനവന്റെയും പറങ്ങോടന്‍ മേനവന്റെയും കഥ ആരിലും ചിരിയുണര്‍ത്തും. ചെറുമരെ പടയാളികളാക്കി പച്ചീക്കോ നടത്തിയ വെല്ലുവിളി, പീരങ്കി നിര്‍മാതാക്കളായ ജോണ്‍ മരിയ, പീറ്റര്‍ ആന്റണി എന്നീ മിലന്‍കാരുടെ ജീവിതം, ഫ്രാന്‍സിസ്‌കോ അല്‍മേഡയും മകന്‍ ലോറന്‍സോ അല്‍മേഡയുമായുള്ള വാക്‌പോര് തുടങ്ങിയവയൊക്കെ രസകരായ ചരിത്രമുഹൂര്‍ത്തങ്ങളാണ്.

വടകരയില്‍ സ്ഥിതി ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകം

സാമൂതിരിമാരുടെ ദിനസരികള്‍, ആര്‍ഭാടങ്ങള്‍, അരിയിട്ടുവാഴ്ച,മരണാനന്തര ചടങ്ങുകള്‍, ചാവേറുകള്‍ തുടങ്ങിയവയെല്ലാം നോവലില്‍ സ്വാഭാവികമായി കടന്നുവരുന്നത് നന്നായി. സാമൂതിരിയുടെ എഴുന്നള്ളത്ത് ഇതാ:

നാലാള്‍ ചുമക്കുന്ന പള്ളിത്തണ്ടിലായിരുന്നു സാമൂതിരിയുടെ എഴുന്നെള്ളത്ത്. രത്‌നങ്ങള്‍ പൊതിഞ്ഞ മുളന്തണ്ട് ചുമലില്‍വച്ച ആര്യപ്പുന്നകള്‍ ഓരോ ചുവടിനെയും നേര്‍ത്ത മൂളല്‍കൊണ്ടു പൂരിപ്പിച്ചു. തൃക്കൈക്കുടക്കാരും കോളാമ്പി പിടിക്കുന്ന കാളാഞ്ചിപണിക്കനന്മാരും വിയര്‍പ്പു തുടച്ച് കൂടെയെത്താന്‍ ഓടി. അമ്പുംവില്ലും ധരിച്ച് പടനായന്മാര്‍ വഴിതെളിച്ച് മുന്‍പേ നടന്നു. അവര്‍ക്കുപിന്നില്‍ വാദ്യമേളക്കാരായ കാലുതൊലികളും നായ്ക്കന്മാരും മാരായന്മാരും തകില്‍തന്ത്രിമാരും നിരന്നു. മുരചും വെള്ളിക്കൊമ്പും കുഴലും ഒറ്റയും നിര്‍ത്താതെ ശബ്ദിച്ചു. ലോഹവളയമിട്ട നീണ്ട കുന്തം ധരിച്ച പടയാളികള്‍ ആയുധം ചുഴറ്റി ഇരുവശവും നിരന്നു. ഊരിയവാളും പരിചയുമേന്തിയ ഒരുകൂട്ടം പേര്‍ എല്ലാത്തിന്റെയും ഉത്തരവാദിത്തം തങ്ങള്‍ക്കെന്ന ഗൗരവത്തോടെ വലിച്ചുപിടിച്ച നെഞ്ചുമായി ഒപ്പം നടന്നു. വഴിയോരങ്ങളില്‍ നിന്നവരെ അധികാരത്തിന്റെ ഗര്‍വില്‍ പിന്നോട്ടു തള്ളിമാറ്റിയ അവര്‍ ഇടയ്ക്ക് ചില ചുവടുകള്‍ വയ്ക്കുകയും ‘നടനടോ നട’ എന്ന് ആര്‍ത്തുവിളിക്കുകയും ചെയ്തു.

കുഞ്ഞാലിയുടെ ചങ്ങാതിമാരായി തച്ചോളി ഒതേനനും കോമക്കുറുപ്പും നോവലില്‍ കടന്നുവരുന്നു. അക്കാലത്തെ ജീവിതവും ഭക്ഷണരീതികളുമെല്ലാം കണ്ടെത്താന്‍ നോവലിസ്റ്റ് ആഴത്തിലുള്ള ഗവേഷണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പ്. കോഴിക്കോട്ടെ പഴയ വഴിയെപ്പറ്റി വിവരിക്കുന്നത് നോക്കൂ:

താമരശ്ശേരിയില്‍നിന്നു പടനിലം വഴി കുന്നമംഗലവും വെള്ളിമാടുകുന്നും സ്പര്‍ശിച്ച് കോഴിക്കോട്ടെത്തുന്ന വഴിയാണ് ഒന്ന്. താമരശ്ശേരിയില്‍നിന്നു പൂനൂര്‍വഴി ബാലുശ്ശേരിയിലൂടെ കൊയിലാണ്ടിയിലേക്കുളളത് മറ്റൊന്ന്. ഇവിടങ്ങളില്‍ ചെറിയ കുന്നിന്‍പുറത്ത് പച്ചമരത്തഴപ്പുകള്‍ക്കിടയില്‍ ഒളിച്ചുനില്‍ക്കാന്‍ എളുപ്പമാണ്. കൊയിലാണ്ടിയില്‍നിന്ന് ഉള്ള്യേരിവഴി അത്തോളിയും തലക്കുളത്തൂരും കടന്ന് പുതിയങ്ങാടിയിലെത്തുന്ന വഴിയും. പുതിയങ്ങാടിനിന്നു കോഴിക്കോട്ടേക്കും അവിടെനിന്നു കല്ലായിയിലേക്കുമുള്ള വഴിയും കൈവെള്ളയിലെ ഞരമ്പുപോലെ പരിചിതം. പിന്നുള്ളത് മുക്കത്തുനിന്നു ചെത്തുകടവിലൂടെ കോട്ടക്കുന്നില്‍ തൊട്ട് മായനാട്ടിലൂടെ കുതിരവട്ടംകടന്ന് തളിയിലെത്തുന്ന വഴിയും കോഴിക്കോട്ടുനിന്നു മാങ്കാവിലേക്കും അവിടെനിന്നു തിരുവണ്ണൂരിലേക്കുമുള്ള വഴിയുമാണ്. കടവുകളുടെ തീരത്തുകൂടിയാണു വഴിയെന്നതിനാല്‍ ഇല്ലിക്കാടുകളുടെ നിഴല്‍പറ്റി പടകുകളില്‍ ഒളിച്ചിരിക്കാവുന്നതേയുള്ളൂ. ഇനിയൊരുവഴി താമരശ്ശേരിയില്‍നിന്നു കൊടുവള്ളി വഴി പൂളക്കോടെത്തുന്നതാണ്. അവിടെനിന്ന് എരവഞ്ഞിപ്പുഴ ചാലിയാറില്‍ ചേരുന്ന കൂളിമാടുവന്ന് തോണി കയറിയാല്‍ ചാലിയാറിലൂടെ കോഴിക്കോട്ടെത്താം.

രാജീവ് ശിവശങ്കര്‍

ചരിത്രം അറിയാവുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരേപോലെ ‘കുഞ്ഞാലിത്തിര’ ആസ്വദിക്കാനാവും എന്നുറപ്പ്. ഭാവിയില്‍ ചരിത്ര വഴിയേ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി നോവലിന് അവലംബമാക്കിയ പുസ്തകങ്ങളുടെ പട്ടികയും അവസാനം നല്‍കിയിരിക്കുന്നത് നന്നായി. കൊച്ചിയിലെയും കോട്ടയ്ക്കലെയും കോഴിക്കോട്ടെയും കണ്ണൂരിലെയും സംഭാഷണങ്ങള്‍ക്ക് അതതു നാട്ടുമൊഴിതന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് ചരിത്രത്തോട് കൂടുതല്‍ നീതിപുലത്താന്‍ സഹായകമാവുന്നു. ഒരു അടിക്കുറിപ്പുപോലുമില്ലാതെ, പഴയ മലയാളനാടിന്റെ ജീവിതം അതേപടി ചിത്രീകരിക്കുന്നതില്‍ രാജീവ് ശിവശങ്കര്‍ മിടുക്കുകാട്ടിയിരിക്കുന്നു ‘തമോവേദ’ത്തിലെയും ‘പ്രാണസഞ്ചാര’ത്തിലെയും കവിതതുളുമ്പുന്ന ഭാഷയോ ‘മറപൊരുളി’ലെയും ‘കലിപാക’ത്തിലെയും ഭാഷയുടെ സാത്വികവിശുദ്ധിയോ ‘പെണ്ണരശി’ലെ വേറിട്ട ബിംബങ്ങളോ അല്ല ‘കുഞ്ഞാലിത്തിര‘യില്‍ നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ നോവലിലും ഓരോ രീതിയും ഭാഷയും പരീക്ഷിക്കുന്ന രാജീവ് ശിവശങ്കറിന്റെ എഴുത്തുവഴി ഗൗരവത്തോടെ പഠിക്കേണ്ടതാണ്.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രാജീവ് ശിവശങ്കറിന്റെ കൃതികള്‍ വാങ്ങിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.