DCBOOKS
Malayalam News Literature Website

‘സുബ്രഹ്മണ്യ ഭാരതി’ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ കവിശ്രേഷ്ഠന്‍

അസാമാന്യമായ ബുദ്ധിശക്തി പ്രകടിപ്പിച്ചിരുന്ന കുട്ടി പതിനൊന്നാമത്തെ വയസ്സുമുതൽ കവിതകൾ ഗ്രഹിച്ചു തുടങ്ങി

സുപ്രസിദ്ധ തമിഴ് കവിയും സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്ക്കർത്താവും ബഹുഭാഷാ പണ്ഡിതനും പത്രപ്രവർത്തകനുമെല്ലാമായിരുന്ന സുബ്രഹ്മണ്യ ഭാരതിയുടെ ചരമവാര്‍ഷികദിനമാണ് സെപ്തംബർ 11. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ധീരമായി നയിച്ച എഴുത്തുകാരനാണ് സുബ്രമണ്യ ഭാരതി.

1882 ഡിസംബർ 11 ന് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ എട്ടയാപുരം എന്ന ഗ്രാമത്തിലാണ് ചിന്നസ്വാമി സുബ്രഹ്മണ്യൻ ജനിച്ചത്. ചിന്നസ്വാമി സുബ്രഹ്മണ്യഅയ്യരും ലക്ഷ്മിയമ്മാളുമായിരുന്നു മാതാപിതാക്കൾ. വളരെ ചെറുപ്പത്തിൽ തന്നെ സംഗീതാഭ്യസനം തുടങ്ങി. അസാമാന്യമായ ബുദ്ധിശക്തി പ്രകടിപ്പിച്ചിരുന്ന കുട്ടി പതിനൊന്നാമത്തെ വയസ്സുമുതൽ കവിതകൾ ഗ്രഹിച്ചു തുടങ്ങി. അങ്ങനെയാണ് സരസ്വതീദേവിയുടെ (ഭാരതിയുടെ) അനുഗ്രഹം സിദ്ധിച്ചവൻ എന്ന അർത്ഥത്തിൽ ‘ഭാരതി ‘ എന്ന് വിളിച്ചു തുടങ്ങിയതും സുബ്രഹ്മണ്യ ഭാരതിയാവുന്നതും.

29 ഇന്ത്യന്‍ ഭാഷകളും, 3 വിദേശ ഭാഷകളും ഉള്‍പ്പെട്ടെ, 32 ഭാഷകള്‍ ഭാരതി സ്വായത്തമാക്കിയിരുന്നു. 1898 മുതല്‍ രണ്ടു വര്‍ഷം വാരണാസിയില്‍ താമസിക്കുകയും, അവിടെ വെച്ച്‌ സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും ചെയ്തു. തിരിച്ചു വന്നതിനുശേഷം മധുരയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ ചെന്നൈയില്‍ തമിഴ് പത്രമായ സ്വദേശമിത്രനില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കി. ഇന്ത്യ എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

1905 ല്‍ വാരണാസിയില്‍ വച്ചു നടന്ന കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ ഭാരതി മുഴുവന്‍ സമയവും പങ്കെടുത്തു. ബ്രിട്ടീഷുകാര്‍ തടങ്കലില്‍ ആക്കാതിരിക്കാന്‍ വേണ്ടി പോണ്ടിച്ചേരിയിലേക്ക് താമസം മാറ്റി. പോണ്ടിച്ചേരിയിലെ ജീവിത കാലത്താണ് അദ്ദേഹത്തില്‍ നിന്നും പ്രധാനപ്പെട്ട രചനകള്‍ ഉണ്ടായത്. കൃഷ്ണനെ സ്തുതിച്ചുകൊണ്ട് ‘കണ്ണ ഗീതങ്ങളും’, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി ‘പാഞ്ചാലി ശപഥവും’ രചിച്ചു. കുയില്‍പ്പാട്ട് എന്ന കൃതിയും രചിച്ചു.1918-ല്‍ പോണ്ടിച്ചേരി വിടുകയുകയും തടങ്കലില്‍ ആവുകയും ചെയ്തു.

സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പ്രകീര്‍ത്തിച്ച്‌ കൃതികള്‍ രചിച്ചു.  കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 1921 സെപ്റ്റംബര്‍ 11-ന്  അദ്ദേഹം അന്തരിച്ചു.

 

Comments are closed.