DCBOOKS
Malayalam News Literature Website

‘ശ്രീനാരായണഗുരു’ കേരളത്തിന്റെ നവോത്ഥാന നായകന്‍

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും കേരളത്തിലെ ജാതിവ്യവസ്ഥക്ക്കെതിരെയും പോരാടിയ ധീരവ്യക്തിത്വമായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയില്‍ 1855-ല്‍ ചിങ്ങമാസത്തിലെ ചതയദിനത്തിലായിരുന്നു ശ്രീനാരായണഗുരുവിന്റെ ജനനം.’ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം.

Comments are closed.