DCBOOKS
Malayalam News Literature Website

‘ഒരു മാസത്തെ ശമ്പളം തരൂ… കേരളത്തെ പുനര്‍നിര്‍മ്മിക്കാം’; മുഖ്യമന്ത്രി

പ്രളയദുരിതത്തില്‍ പെട്ട കേരളത്തിനായി സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി എല്ലാ മലയാളികളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുകയല്ല, പകരം പുതിയൊരു കേരളത്തെ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ലോകമെമ്പാടുമുള്ള മലയാളികളുടെ സഹകരണം ആവശ്യമാണ്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്നോട്ടുവെച്ച ഈ ആശയം അദ്ദേഹം ഫെയ്‌സ്ബുക്കിലും പങ്കുവെച്ചു.

ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിനിയോഗിക്കണം. എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നല്‍കാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു തവണയായി നല്‍കാമല്ലോ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികള്‍ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നല്‍കുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയേയും മുറിച്ചു കടക്കാന്‍ കഴിയും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസ്സമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.