DCBOOKS
Malayalam News Literature Website

ഓട്ടുകമ്പനികള്‍ ഗുരുവിന്റെയും ആശാന്റെയും

ചെറായി രാമദാസ്‌

കുമാരനാശാന്റെ നേതൃത്വത്തില്‍ ആലുവയില്‍നിന്ന് 5 കിലോമീറ്റര്‍ അകലെ ചെങ്ങമനാട്ടു പ്രവര്‍ത്തിച്ചിരുന്ന ‘യൂണിയന്‍ ടൈല്‍ വര്‍ക്‌സി’നെപ്പറ്റി നമുക്കറിയാം. എന്നാല്‍ അതിനും മുന്‍പ് ആലുവയില്‍, പട്ടണത്തിന്റെ പാരിസ്ഥിതിക മികവിനെ തകര്‍ക്കും
വിധം തുടങ്ങിയ ‘ശ്രീനാരായണ ടൈല്‍ വര്‍ക്‌സി’ നെപ്പറ്റിയുള്ള സത്യം നൂറ്റാണ്ടു കഴിഞ്ഞിട്ടും പുറംലോകം അറിഞ്ഞിട്ടില്ല. നാരായണഗുരുവിന്റെ പങ്കെന്തായിരുന്നു ആ കമ്പനിയില്‍? ആലുവ പട്ടണത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ കൊട്ടാരത്തിനും റെയില്‍വേ പാലത്തിനും ഇടയിലായി ഓട്ടുചൂള സ്ഥാപിക്കാന്‍ നടത്തിയ തീവ്രശ്രമം പൊളിഞ്ഞതെങ്ങനെ?: ചരിത്ര രേഖകളോടൊപ്പം ഒരു അന്വേഷണം.

വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ പൊതുജീവിത രംഗങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രീനാരായണീയരെയും മറ്റും പ്രോത്സാഹിപ്പിച്ചവരില്‍ പ്രമുഖനാണു നാരായണഗുരു എന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തില്‍ ആദ്യത്തേത് എന്ന് അറിയപ്പെടുന്ന വ്യാവസായിക പ്രദര്‍ശനങ്ങള്‍ നടത്തിയത്, എസ്.എന്‍.ഡി.പി. യോഗത്തിന്റെ രണ്ടും നാലും വാര്‍ഷിക യോഗങ്ങളോട് അനുബന്ധിച്ചു കൊല്ലത്തും (1905) കണ്ണൂരിലും (1907) ആയിരുന്നു. ആ സന്ദേശം ഏറ്റെടുത്ത് കാര്യമായി നടപ്പാക്കിയവരില്‍ ഒരാള്‍, യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആലുവയില്‍നിന്ന് 5 കിലോമീറ്റര്‍ അകലെ ചെങ്ങമനാട്ടു പ്രവര്‍ത്തിച്ചിരുന്ന ‘യൂണിയന്‍ ടൈല്‍ pachakuthiraവര്‍ക്‌സി’നെപ്പറ്റി നമുക്കറിയാം. എന്നാല്‍ അതിനും മുന്‍പ് ആലുവയില്‍, പട്ടണത്തിന്റെ പാരിസ്ഥിതിക മികവിനെ തകര്‍ക്കുംവിധം തുടങ്ങിയ ‘ശ്രീനാരായണ ടൈല്‍ വര്‍ക്‌സി’ നെപ്പറ്റിയുള്ള സത്യം നൂറ്റാണ്ടു കഴിഞ്ഞിട്ടും പുറംലോകം അറിഞ്ഞിട്ടില്ല.

നാരായണഗുരുവിന്റെ പങ്കെന്തായിരുന്നു ആ കമ്പനിയില്‍? ആലുവ പട്ടണത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ കൊട്ടാരത്തിനും റെയില്‍വേ പാലത്തിനും ഇടയിലായി ഓട്ടുചൂള സ്ഥാപിക്കാന്‍ നടത്തിയ തീവ്രശ്രമം പൊളിഞ്ഞതെങ്ങനെ? ശ്രമം ജയിപ്പിക്കാന്‍ ഒരു ദിവാനും തോല്പിക്കാന്‍ വേറൊരു ദിവാനും യത്‌നിച്ചതെങ്ങനെ? തന്നെ കണ്ടെടുത്തു കൈ പിടിച്ചു നടത്തി, മഹാജനനായകന്റെയും മഹാകവിയുടെയും ഉത്തുംഗ നിലകളിലെത്തിച്ച മഹാഗുരുവിനോട് ആശാന്‍, ആദ്യമായും അവസാനമായും അക്ഷരങ്ങള്‍കൊണ്ട് ഇടഞ്ഞതെങ്ങനെ? ആശാന്റെ ദാരുണാന്ത്യത്തില്‍ കേരളം ദുഃഖക്കയത്തില്‍ വീണു വിലപിക്കുമ്പോള്‍, കവികുടുംബത്തോട് ഓട്ടുകമ്പനിയുടമകള്‍ ചെയ്തതെന്ത്? കാവ്യമയമായിരുന്നോ തൊഴിലാളിക്ക്, ആ മുതലാളിത്ത ബാല്യദശയിലെ ഉത്പാദന കേന്ദ്രത്തില്‍ കിട്ടിയ ജീവിതം?

ആലുവ പട്ടണത്തില്‍ രാജകൊട്ടാരത്തിനു കിഴക്കുള്ള ‘വടയപ്പള്ളി പുരയിട’ത്തില്‍ ചിലര്‍ 1919ല്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച ഓട്ടുകമ്പനിയുടെ പേര് ‘ശ്രീനാരായണ ടൈല്‍ വര്‍ക്‌സ്’ എന്നായിരുന്നു. മാത്രമല്ല, നാരായണഗുരു അതിലെ ഒരു പങ്കാളിയുമായിരുന്നു എന്നാണ്, സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്റ്ററേറ്റില്‍ സൂക്ഷിച്ചിട്ടുള്ള രേഖകള്‍ ആദ്യഘട്ടത്തില്‍ പറയുന്നത്.

തിരുവിതാംകൂറിന്റെ തലസ്ഥാനനഗരം വിട്ട്, രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ആലുവയിലേക്ക് ആശാന്‍ എത്തിയത് ഗുരുവിനുവേണ്ടിയാണ്. 1919-ലെ ആശാന്റെ ഡയറിയില്‍ നിന്ന് മകന്‍ പ്രഭാകരന്‍ തന്റെ പുസ്തകത്തില്‍ എടുത്തെഴുതുന്നു: ‘അദൈ്വതാശ്രമത്തിന്റെ ധര്‍മ്മകര്‍ത്താവായ സി. കൃഷ്ണന്‍ എന്നെ സംസ്‌കൃത സ്‌കൂളിന്റെ മാനേജരായും അദൈ്വതാശ്രമത്തിന്റെ സെക്രട്ടറിയായും നിയമിച്ചുകൊണ്ടുള്ള കത്തു തന്നു (…….) ജനുവരി അവസാനം ആലുവായിലെ ചുമതലകള്‍ ഏറ്റുവെങ്കിലും കുടുംബത്തെക്കൂടി ആലുവായ്ക്കു കൊണ്ടുപോകുന്നതു ജൂലൈ 12-ാം തീയതി ആണെന്നു ഡയറിയില്‍നിന്നും വ്യക്തമാകുന്നു.’2 ഇതിനുമുണ്ട് ഒരു പിന്‍കഥ. ആശാന്‍ 16.2.1918-ന് ഗുരുവിന് എഴുതിയ കത്തില്‍നിന്ന്: ‘കഴിഞ്ഞ 15 കൊല്ലമായി (ഇടയ്ക്ക് ഒരു കൊല്ലം ഒഴിച്ച്) എസ്.എന്‍.ഡി.പി. യോഗത്തിന്റെ സെക്രട്ടറിയുടെ നിലയിലുള്ള കൃത്യങ്ങളും ചുമതലകളും എന്റെ ശേഷി
ക്കും യോഗ്യതയ്ക്കും ഒത്തവണ്ണം ഏകചിന്തയോടുകൂടി സത്യത്തേയും ന്യായത്തേയും സമുദായ സ്‌നേഹത്തേയും മുന്‍നിര്‍ത്തി ഞാന്‍ നിര്‍വഹിച്ചുവരുന്നതാകുന്നു. എന്നാല്‍ആദ്യം മുതല്‍ക്കുതന്നെ ഭാഗ്യദോഷത്താല്‍ ചില എതിര്‍ ശക്തികള്‍ എന്റെ ശ്രമങ്ങളെ എല്ലാം സ്പര്‍ദ്ധാപൂര്‍വം തടുക്കുകയും യോഗത്തിന്റെ അഭിവൃദ്ധി വിഷയത്തില്‍ വിനിയോഗിക്കേണ്ട എന്റെ സമയത്തിന്റെയും ശക്തിയുടെയും അധികം ഭാഗവും അതുകളോടു പോരാടി നിന്നു നഷ്ടപ്പെട്ടു പോകുകയും ചെയ്യുന്ന വിവരം ഞാന്‍ ബോധിപ്പിക്കാതെതന്നെ തൃപ്പാദങ്ങളിലേക്ക് അറിയാവുന്നതാണല്ലോ.’

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

 

 

Comments are closed.