DCBOOKS
Malayalam News Literature Website

നവോത്ഥാന നായകന് ഓർമ്മകളിൽ ഇന്ന് 167-ാം ജന്മദിനം

ശബ്ന ശശിധരൻ

“എത്ര വെളിച്ചം പുറമെ കത്തിച്ചാലും അകം ഇരുട്ടാണെങ്കിൽ എന്ത് നേട്ടം “എന്നു പറഞ്ഞ ഗുരു ദേവന്റെ 167ാം ജന്മ ദിനമാണിന്ന്. “വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനുമാണ് വിദ്യ. ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ച നാണു ആശാന്‍ എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്.

നാരായണ ഗുരുവിനെ കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുണ്ട്. നാരായണ ഗുരുവിന്റേതായ തത്വചിന്താപരമായ രചനകളൾ അനവധി. ലക്ഷ്യവേധിയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. മനുഷ്യാവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള കൃത്യതയാര്‍ന്ന ഇടപെടല്‍. ചിരന്തനമായ മനുഷ്യാവസ്ഥയേയും സമകാലീകമായ മനുഷ്യാവസ്ഥയേയും ഒരുപോലെ അദ്ദേഹം അഭിസംബോധന ചെയ്തു. പാലിനു വെണ്മപോലെ മനുഷ്യരില്‍ അന്തര്‍നിഹിതമായ മനുഷ്യാവസ്ഥയില്‍ അദ്ദേഹം ഊന്നി. മനുഷ്യന്‍ എന്നാൽ ഏകമതം എന്നതാണതിന്റെ കാതല്‍.

നാരായണഗുരു പറയുന്നു: തന്റെ അഭിപ്രായമാണ് ഏറ്റവും ശരിയെന്നു പറയുന്നത് കേവലം അഹന്തയാലാണ്. ഒരഭിപ്രായത്തിനും അതെത്ര തന്നെ ഉച്ചത്തിൽ ആവർത്തിച്ചാലും മുഴുവൻ സത്യത്തെയും വെളിപ്പെടുത്താനാവില്ല. ആനയെക്കണ്ട അന്ധരുടെ കഥപോലെയാണത്.

‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ഡി സി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഒരു മനുഷ്യന്റെ മതം അയാളുടെ വ്യക്തിപരമായ ബോധ്യത്തിന്റെ ഫലമാണ്. അത് ഓരോ മനുഷ്യന്റെയും വികാസപരിണാമങ്ങൾക്കൊത്ത് വ്യത്യസ്തമായിരിക്കും. ആ നിലയ്ക്ക് ഓരോ മനുഷ്യനും ഓരോ മതമാണെന്നോ രണ്ടു മനുഷ്യർക്ക് ഒരേ മതം ഉണ്ടാകില്ലെന്നോ കരുതാം.

അതേസമയം, ലോകത്തിലെ എല്ലാ മതങ്ങളും അവയുടെ അന്തഃസത്തയിൽ യോജിക്കുന്നു. സത്യത്തിനും ധർമത്തിനുമായാണ് അവയെല്ലാം നിലകൊള്ളുന്നത്. അവയ്ക്കെല്ലാം പൊതുവായ ലക്ഷ്യമാണുള്ളത്.

മനുഷ്യനെന്തിനാണ് തന്റെ വിശ്വാസത്തിനായി പോരടിക്കുന്നത്? അത് അജ്ഞതമൂലമാണ്. മനുഷ്യൻ അഭിപ്രായഭിന്നതകൾക്ക് വശപ്പെടരുത്. മറിച്ച്, എല്ലാവരും ആത്മസുഖത്തിനായാണ് പ്രയത്നിക്കുന്നതെന്നറിഞ്ഞ് ശാന്തരായി കഴിയണം.

ആളുകൾ പലതരം വസ്ത്രങ്ങൾ ധരിക്കുന്നു. ചിലർക്ക് താടിവെക്കാൻ ഇഷ്ടമാണ്. മറ്റു ചിലർ മുടിവടിച്ചവരാണ്. വിവരമുള്ളവർ ഇതിന്റെയൊന്നും പേരിൽ ശണ്ഠകൂടില്ല. അതുപോലെ ഭാഷകൾ വ്യത്യസ്തമായിരിക്കുന്നു. എങ്കിലും മനുഷ്യരാശി ഒന്നാണെന്നുകാണാൻ പ്രത്യേകിച്ച് തെളിവിന്റെയൊന്നും ആവശ്യമില്ല. പിന്നെന്തിനാണ് മനുഷ്യൻ ഭിന്നിക്കുന്നതും വിദ്വേഷം പരത്തുന്നതും?

എല്ലാം വെറുതെ. പോരടിക്കുന്നതുകൊണ്ട് നാശമേ ഉണ്ടാകൂ എന്ന് മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ലളിതമായ ഈ സത്യം അറിഞ്ഞാൽ പിന്നെ അവൻ പോരടിക്കില്ല.

ഗുരുവിന്റേതായി നിരവധി വചനങ്ങളാണ് നാം കേട്ടുശീലിച്ചിട്ടുള്ളത്. അവയൊക്കെ ഒരു നൂറ്റാണ്ടിന് ശേഷവും ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും വ്യക്തി ശുചിത്വം, ആര്‍ഭാട രഹിത വിവാഹം എന്നിവയെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകള്‍.വ്യക്തി ശുചിത്വത്തില്‍ ഏറെ മുന്‍പന്തിയിലാണ് കേരള സമൂഹം.കൊറോണക്കാലത്ത് ഇത് അനിവാര്യതയുമായി മാറി. എന്നാല്‍ ഇത്തരൊരു ശീലത്തിന് മലയാളിയില്‍ അടിത്തറയിട്ടതിനു പിന്നില്‍ ഗുരുദേവന്റെ ഉപദേശവുമുണ്ട്.ദിവസേന രണ്ടു നേരം കുളിക്കുക, കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക, അതു പോലെ തന്നെ ആഡംബര പൂർണ്ണ മായ വിവാഹങ്ങൾ ഒഴിവാക്കുക,വസ്ത്രത്തിന്റെ ഭംഗിയെക്കാൾ വൃത്തി ശുചിത്വത്തിന് പ്രാധാന്യം നൽകുക .ശുദ്ധമായ ആഹാര പദാർത്ഥങ്ങൾ കഴിക്കുക, തുടങ്ങി ഗുരുദേവൻ അന്ന് പറഞ്ഞ പല കാര്യങ്ങളും ഇന്ന് മലയാളികൾ ഈ കോവിഡ് കാലത്ത് നടപ്പിലാക്കി വരുന്നു.
അതു പോലെ തന്നെ ഇന്ന് കണ്ടു വരുന്ന മറ്റൊരു ദുരന്തമാണ് ഗാർഹിക പീഡനകളും, അതുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യകളും കൊലപാതകങ്ങളും. വിവാഹത്തിന് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് ഒരു നൂറ്റാണ്ടു മുൻപേ ഗുരു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് എത്രയോ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.. കേരളം വിദ്യാഭ്യാസത്തിലൊന്നാമത് എന്നു പറയുമ്പോൾ, സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് ആരാണ് ഉത്തരവാദി.? വിദ്യാസമ്പന്നരായ നമ്മളിൽ നിന്ന് തുടങ്ങണം വ്യക്തിത്വവികാസം.

” മനമലർ കൊയ്ത്തു മഹേശ പൂജ ചെയ്യും
മനുജന് മറ്റൊരു വേല ചെയ്‌തിടേണ്ട
വനമലർ കൊയ്ത് മതല്ലയായ്ക്കിൽ മായാ
മനുവുരുവിട്ടു മിരിക്കിൽ മായമാറും. ”
എന്ന ആത്മോപദ്ദേശക ശതകത്തിൽ ഇരുപതിയൊമ്പതാമത്തെ ശ്ലോകം മനനം ചെയ്താലും മനുജന് ഈ സംസാര സമുദ്രത്തിൽ നിന്ന് എന്നന്നേക്കുമായി മുക്തനാകാൻ സാധിക്കുമെന്ന് സ്നേഹർദ്രമായി പരമഗുരു നമ്മെ ഓർമ്മ പെടുത്തുകയാണ്. ഇവിടെ ചിലർക്ക് ഒരു തെറ്റായ ധാരണയുണ്ട്. ദേവത ഉപാസനയെന്നു ഗുരു സൂചിപ്പിക്കുന്നുണ്ടോ എന്നു?എന്നാൽ യഥാർത്ഥത്തിൽ മഹേശ പൂജ എന്നത് ബാഹ്യ പൂജയല്ല, മറിച്ചു ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിച്ചു സംഹരിച്ചു പോരുന്ന പരം പോരുളാണ് അല്ലെങ്കിൽ ദൈവ ദശകത്തിൽ ഗുരു പറയുന്ന ദൈവമാണ്. മനസാക്കുന്ന പുഷ്‌പ്പത്തെ അറുത്തെടുക്കാൻ ഗുരു പറയുമ്പോൾ ഉദ്ദേശിക്കുന്നത് മനസ്സിന്റെ മാലിന്യത്തെയെല്ലാം അറുത്തു മാറ്റുക എന്നതാണ്. മനസ്സിന്റെ മാലിന്യം എന്നത് കാമ ക്രോധലോഭ മോഹമദമാത്സര്യങ്ങളാണ്. ഇതിനെ വേരോടെ പിഴിതു മാറ്റുക എന്ന ശ്രമകരമായ ജോലിയാണ് നമ്മുടെ ഓരോരുത്തരുടെയും മുന്നിലുള്ളത്.

1922 നവംബര്‍ 15ന് ശിവഗിരിയിലെത്തിയ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ യുഗ പ്രഭാവനായ ഗുരുവിനെ കുറിച്ച് സന്ദര്‍ശക ഡയറിയില്‍ കുറിച്ചതും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ്. ‘ശ്രീ നാരായണഗുരുവിനു തുല്യനായ, അദ്ദേഹത്തെക്കാള്‍ മികച്ച ഒരു മഹാപുരുഷനെയും എനിക്കു ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാന്‍ ഒരുകാലത്തും മറക്കുകയില്ല’.

ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ ജനങ്ങളെ വേർതിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗുരുവിന്റെ ദർശനകളും, വഴികളും മാതൃകയാക്കി മാറ്റങ്ങൾ സൃഷ്ടിക്കാൻ നമുക്കും സാധിക്കട്ടെ. സ്നേഹവും സമത്വവും, സഹോദര്യവും ഉയർത്തിയെടുക്കാൻ ശ്രീനാരായണ ഗുരു ദർശനങ്ങൾ വഴി തെളിക്കട്ടെ.

 ‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ഡി സി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.