DCBOOKS
Malayalam News Literature Website

മലയാളസിനിമയില്‍ വര്‍ഗ്ഗീതയയില്ല, ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം മാത്രം: ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്ന ആരോപണത്തെ തള്ളി പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. പേരിനൊപ്പം മേനോന്‍, പിള്ള, നായര്‍ എന്നൊക്കെ ചേര്‍ക്കുന്നത് വര്‍ഗ്ഗീയവാദികളാണെങ്കില്‍ സത്യനും പ്രേംനസീറും യേശുദാസുമൊന്നും മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് മെഡിക്കല്‍ കോളെജില്‍ വെച്ച് നടന്‍ ബിനീഷ് ബാസ്റ്റിനു നേരിടേണ്ടിവന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്ന്

മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും. പേരിന്റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല. മുസ്ലീങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായാത്? ജാതിയും മതവുമല്ല, പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം. ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല. മനുഷ്യനെ അറിയുക; മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും.

Comments are closed.