DCBOOKS
Malayalam News Literature Website

ജയിച്ചവരേക്കാള്‍ തോറ്റുപോയവരാണ് ഈ ലോകം മനോഹരമാക്കിയത്: ജി.എസ്.പ്രദീപ്

ഈ ലോകം ജയിച്ചവരേക്കാള്‍ തോറ്റുപോയവരാണ് കൂടുതല്‍ മനോഹരമാക്കിയതെന്ന് ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്.പ്രദീപ്. ആകാശവാണിയില്‍ നിന്ന് ആദ്യശ്രമത്തില്‍ തിരസ്‌കൃതനായ കെ.ജെ.യേശുദാസിനെയും, മ്യൂണിക് സര്‍വ്വകലാശാലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഐന്‍സ്റ്റീനെയും പോലുള്ളവരാണ് നമ്മുടെ ലോകത്തെ കൂടുതല്‍ മനോഹരമാക്കിയത്. ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി.എസ്.പ്രദീപ്. ജി.എസ്.പ്രദീപിന്റെ പ്രശസ്തമായ അശ്വമേധം പരിപാടിയിലെ റിവേഴ്‌സ് ക്വിസും അദ്ദേഹം കാണികള്‍ക്കായി അവതരിപ്പിച്ചു.

യു.എ.ഇ.യില്‍ മലയാളികളോട് സംവദിക്കുമ്പോള്‍ കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നില്‍ക്കുന്നതുപോലെയാണ് തനിക്ക് അനുഭവപ്പെടാറുള്ളത്. കേരളീയരുടെ ഏറ്റവും വലിയ പ്രത്യേകത, നന്മക്ക് വേണ്ടി തോറ്റുകൊടുത്ത വ്യക്തികളുടെ ഒപ്പം അവര്‍ എന്നും നില്‍ക്കുമെന്നതാണ്. പറഞ്ഞ വാക്ക് പാലിക്കാനായി, വാമനന്റെ ചവിട്ടടിക്കായി ശിരസ്സ് കുനിച്ചുകൊടുത്ത് പാതാളത്തിലേക്ക് പോയ മഹാബലിയുടെ ഓര്‍മ്മയ്ക്ക് ഓണമെന്ന ദേശീയോത്സവം ആഘോഷിക്കുന്നവരാണ് മലയാളികള്‍.

ഗ്രാന്റ് മാസ്റ്റര്‍ ചോദിച്ച പ്രാഥമികചോദ്യങ്ങള്‍ക്ക് സദസ്സില്‍ നിന്ന് ഉത്തരം പറഞ്ഞവരെയാണ് അശ്വമേധത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചത്. ജോ ആന്റണി, അനസ് അബ്ദുള്‍ മജീദ് എന്നിവര്‍ പരിപാടിയുടെ നിരീക്ഷകരായിരുന്നു. പരിപാടി വീക്ഷിക്കാനെത്തിയ ഡോ. എം.കെ. മുനീര്‍ ‘എവിടെയോ കളഞ്ഞുപോയ കൗമാരം’ എന്ന ഗാനമാലപിച്ചു.കവിതാശകലങ്ങളും, പ്രേക്ഷകരുമായുള്ള തന്റെ സ്വതസിദ്ധമായ സംവാദങ്ങളും കൊണ്ട് ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് അശ്വമേധം അവിസ്മരണീയമാക്കി.

 

Comments are closed.