DCBOOKS
Malayalam News Literature Website

കേരളത്തെ ചലിപ്പിക്കുന്നതു പ്രവാസികളുടെ പണം: നടന്‍ സിദ്ദിഖ്

ഷാര്‍ജ: പ്രവാസികള്‍ എന്നും പ്രവാസികളായിത്തന്നെ തുടരാനാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് നടന്‍ സിദ്ദിഖ്. പ്രവാസികളുടെ പണമാണ് കേരളത്തെ ചലിപ്പിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് പ്രവാസമലയാളികള്‍ നാട്ടിലേക്കയയ്ക്കുന്ന പണം ബംഗാളികള്‍ക്ക് കൈമാറുന്ന പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ തന്റെ ആത്മകഥയായ അഭിനയമറിയാതെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും കണ്ടുമുട്ടിയ വ്യക്തികളും സംഭവങ്ങളുമാണ് പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. പുസ്തകത്തെയും തന്റെ അഭിനയജീവിതത്തെയും കുറിച്ച് സിദ്ദിഖ് സദസ്സിനോട് സംവദിച്ചു.

തന്റെ അനുകരണകലയോടും സിനിമാഭിനയത്തോടും പിതാവിന് യോജിപ്പുണ്ടായിരുന്നില്ല. സ്ഥിരവരുമാനമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തന്നെ കാണാനായിരുന്നു പിതാവിന് ആഗ്രഹം. ഉപ്പയുടെ മുന്നിലാണ് ആദ്യത്തെ മിമിക്രി കാണിച്ചത്. ആരേയും അനുകരിച്ച് പരിഹസിക്കരുതെന്ന് ഉപ്പ പറഞ്ഞിരുന്നു.

താന്‍ ഒന്നിനും മുന്‍കൂട്ടി പദ്ധതിയിടാറില്ല. സിനിമയില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ അവസരമന്വേഷിച്ച് തുടര്‍ന്നും നടക്കുമായിരുന്നു. സിനിമാതാരമെന്ന നിലയില്‍ ആഡംബരജീവിതം നയിക്കാന്‍ തനിക്ക് താത്പര്യമില്ല. സാധാരണക്കാരോടൊത്ത് ഇടപഴകാനാണ് താത്പര്യം. മലയാളസിനിമയില്‍ തന്റെ സ്ഥാനം മറ്റു പലരേയുംകാള്‍ താഴെയാണെന്ന ബോധ്യമുണ്ട്. മോഹിച്ചതിനേക്കാള്‍ ഉയരത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ടെലിവിഷന്‍ പരിപാടികളുടെ അവതാരകന്‍ എന്ന നിലയില്‍ പ്രശംസ ലഭിച്ചത് താന്‍ നല്ലൊരു കേള്‍വിക്കാരനായതിനാലാകാമെന്ന് സിദ്ദിഖ് പറഞ്ഞു. ചെറിയ ചോദ്യങ്ങള്‍ ചോദിച്ച് വലിയ മറുപടികള്‍ സൃഷ്ടിക്കുകയാണ് നല്ല അവതാരകന്‍ ചെയ്യേണ്ടത്. അഭിനയിക്കാനറിയില്ലെന്ന് സ്വയം തോന്നിയ നിമിഷങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. താനൊരു ബോണ്‍ ആക്ടറല്ല, ഡെവലപ്പ്ഡ് ആക്ടര്‍ ആണ്. മെതേഡ് ആക്ടര്‍ ആയി മാറാനാണ് ആഗ്രഹം.

സിനിമയില്‍ മദ്യപാനരംഗങ്ങള്‍ കൂടുതലായി കാണുന്നത്, സമൂഹത്തിന്റെ പ്രതിഫലനമെന്ന നിലയില്‍ കണ്ടാല്‍ മതി.സോഷ്യല്‍ മീഡിയയില്‍ നെഗറ്റിവിറ്റിക്ക് കൂടുതല്‍ സ്ഥാനം കിട്ടുന്നത്, ആളുകള്‍ പൊതുവെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്താന്‍ എപ്പോഴും ശ്രമിക്കുന്നതുകൊണ്ടാണ്.

പുസ്തകമെഴുതിക്കൂടേയെന്ന് മുന്‍പ് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും, എഴുതാന്‍ തക്കവണ്ണം എന്തെങ്കിലും അനുഭവങ്ങള്‍ തനിക്കുണ്ടെന്ന് കരുതിയിട്ടില്ല. പക്ഷേ ‘അഭിനയമറിയാതെ’ എന്ന പുസ്തകമെഴുതിയ അവസരത്തിലാണ് എഴുതാന്‍ തനിക്ക് ധാരാളം കാര്യങ്ങളുണ്ടെന്ന് തോന്നിത്തുടങ്ങിയത്. ഇനിയും പുസ്തകമെഴുതാന്‍ തനിക്ക് ആഗ്രഹമുണ്ട്.എല്ലാവരും എന്തെങ്കിലുമൊക്കെ, ഒരു പ്രേമലേഖനമെങ്കിലും എഴുതണമെന്നും, നന്നായി വായിക്കണമെന്നും സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു.റേഡിയോ അവതാരക തന്‍സി ഹാഷിര്‍ സംവാദത്തില്‍ മോഡറേറ്ററായിരുന്നു.

 

Comments are closed.