DCBOOKS
Malayalam News Literature Website

കെ ജിഎസ് വഴികൾ: ലാവണ്യാത്മകതയുടെയും വർത്തമാനകാലത്തിന്റെയും അടയാളം

ശ്രീകല ചിങ്ങോലി
റിസർച്ച് ഓഫീസർ
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം

നവോത്ഥാനത്തിന്റെ പ്രത്യക്ഷീകരണത്തിനുശേഷം കേരളത്തിന്റെ ധൈഷണിക ചിന്താഗതികളിൽ സാരമായ മാറ്റങ്ങൾ പ്രകടമാകുകയുണ്ടായി.അത് യുവത്വത്തെയും കവിത്വത്തെയുമൊക്കെ ഒരുപാട് മാറ്റിമറിച്ചു എന്നു പറയാം. ഇങ്ങനെ ധൈഷണിക യുവത്വത്തെ കവിത്വത്തിലൂടെ പ്രചോദിപ്പിച്ച, പ്രതികരണ സജ്ജമാക്കിയ കവികളിൽ അഗ്രഗണ്യനാണ് കെ ജി ശങ്കരപ്പിള്ള. അറുപതുകളുടെ ഒടുവിൽ ഇന്ത്യൻ ഗ്രാമീണതയിൽ, കേരളത്തിലെ ഉൾനാടൻ ഉൾത്തുടിപ്പുകളിൽ ഉയർന്നുവന്ന രാഷ്ട്രീയ ബോധത്തിൽ ശങ്കരപ്പിള്ളയുടെ കവിതകൾക്ക് ശക്തമായ ഇടപെടലുകൾ ഉണ്ടായി. വിപ്ലവോന്മുഖരായി നിന്ന ജനതയ്ക്ക് ചിന്തകൊണ്ട് ആവേഗവും ബിംബാവലികൾ കൊണ്ട് വികാരതീവ്രതയും പകർന്നുകൊടുത്ത ആളാണ് ശങ്കരപ്പിള്ള.

പഴകിയ പ്രമാണങ്ങൾക്കും വിശ്വാസങ്ങൾക്കും പരമ്പരാഗതശൈലികൾക്കും വിടനൽകി പുതിയ ദർശനാഭിമുഖ്യത്തിലേക്ക് കവിത പടർന്നിറങ്ങിയതിന്റെ സൂചകങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ നമുക്ക് വായിക്കാം.രാഷ്ട്രീയവും സാമൂഹികകാഴ്ചപ്പാടും പഴഞ്ചൻ ആശയങ്ങളും ചേർന്നു കുരുക്കിയ പാശങ്ങളുടെ ഊരാക്കുടുക്കിൽ നിന്ന് ചിന്തകൊണ്ടും പ്രബുദ്ധതകൊണ്ടും ഇന്ത്യൻ യുവത്വം മോചനം നേടാൻ ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്ത കാലഘട്ടത്തിന് ശങ്കരപ്പിള്ളയുടെ കവിതകൾ ഏറെ പ്രചോദനങ്ങൾ ആയി വർത്തിച്ചു.

എന്തിനെക്കുറിച്ചും എഴുതി ആടി സ്വയം മറന്നു തിമിർക്കുന്ന കാല്പനിക ധാരണകളിൽ നിന്നും മാറി, മിഥ്യ ദാർശനികതയെ പുറംതള്ളി, സർഗാത്മക ദർശനത്തിന്റെ ആവിഷ്കാര രൂപങ്ങൾ തന്റെ കവിതകളിൽ കുടിയിരുത്തിയ കവിയാണ് കെ ജി ശങ്കരപ്പിള്ള.

സ്വന്തമായ ആവാസവ്യവസ്ഥയിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെടുന്ന മനോഹര സ്ഥലങ്ങളിലൂടെ ആ മനസ്സ് സഞ്ചരിക്കുകയും പരിസ്ഥിതി ബോധത്തിന്റെ പാഠങ്ങൾ ജനതയ്ക്ക് പകരുകയും, ജീവിതത്തിൽ നാം പകർത്തുന്ന കൃത്രിമ പ്രൗഢികളുടെ നൈമിഷികതയെ വെളിപ്പെടുത്തുകയും ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കവിതകളിൽ അധികവും. കാടിനെ വിഴുങ്ങിയും മലകളെ തുരന്നും പുഴയെ വിറ്റും കങ്കാണികളാകുന്ന സ്വാർത്ഥൻമാരുടെ കുടിലത അദ്ദേഹത്തിന്റെ മിക്ക കവിതകളിലും വെളിപ്പെടുന്നുണ്ട്.വികലമായ വ്യവഹാരവല്ക്കരണവും വൈദേശികമായ അധീശത്വവും കമ്പോള സംസ്കാരവും ആഗോളീകരണവും കൊണ്ട് മനുഷ്യജീവിതം കലുഷിതമായതിന്റെ പ്രത്യക്ഷവും പ്രകടവൂമായ ചിത്രങ്ങൾ അദ്ദേഹം തന്റെ കവിതകളിലൂടെ വരഞ്ഞിട്ടു.

കവിതയെ കേവല കാല്പനികതയുടെ കുത്തൊഴുക്കിൽ നിന്ന് പരുഷമായ ഗദ്യ രചനയുടെ നവീന സങ്കേതത്തിലൂടെ, ഇന്ന് നാം ജീവിക്കുന്ന ലോകസാഹചര്യത്തിന്റെ മൂർത്ത വിചാരണയിലൂടെ ജീവിത പരിസരത്തിലേക്ക് ഒഴുക്കി വിടുകയാണ് കെ. ജി ചെയ്തത്.

സമകാലീനരായ കവികളുടെ സൃഷ്ടികളിൽ നിന്ന് വ്യത്യസ്തമായി കവിത എന്നത് കേവല കാല്പനികതയുടെ മഞ്ഞുരുകിയ പ്രളയ ജലധിയുടെ മൗന പ്രവാഹം അല്ലെന്നും,മറിച്ച് മനുഷ്യ മസ്തിഷ്കത്തിന്റെ ബൗദ്ധികവ്യവഹാരങ്ങൾ ആവശ്യപ്പെടുന്ന ചരിത്ര രാഷ്ട്രീയ സംവാദമാണ് കവിതയെന്നും സ്ഥാപിച്ച കവിയാണ് കെ ജി ശങ്കരപ്പിള്ള.

വ്യതിരിക്തതയുടെ,ലാവണ്യാത്മകതയുടെ,വർത്തമാനകാല ജീവിതത്തിന്റെ, അടയാളമാണ് കെ.ജി.എസ് കവിതകൾ.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.