DCBOOKS
Malayalam News Literature Website

തന്റെ വെളിപ്പെടുത്തൽ എല്ലാ മത നേതാക്കളെയും വിശ്വാസികളെയും ഒരു പക്ഷെ പ്രകോപിപ്പിച്ചേക്കാം…!

ഡാന്‍ബ്രൗണിന്‍റെ ‘ഒറിജിന്‍’ എന്ന പുസ്തകത്തിന് ശ്രീശോഭിൻ പി ഡി എഴുതിയ വായനാനുഭവം

“ചരിത്രം പരിശോധിക്കുക. ഭൂമിയിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ദൈവമക്കളാണ്. അവരുടെ ദൈവങ്ങൾ ഭീഷണിയിലാകുമ്പോൾ അവർ പ്രത്യേകിച്ചും അപകടകാരികളാകുന്നു.”

ഡാൻ ബ്രൗണിന്റെ റോബർട്ട് ലാങ്ഡൻ സീരീസിലെ അഞ്ചാമത്തെ പുസ്തകം ആണ് ഒറിജിൻ. മുൻപിലത്തെ ലാങ്ഡൻ കഥകൾ ആയ Angels and demons, Davinci code, Lost Symbol, Inferno എന്നിവയുടെ അതേ ഫോർമുലയിൽ വരുന്ന ഒരു ത്രില്ലർ തന്നെ ആണ് ഒറിജിൻ. പതിവ് പോലെ ഈ പുസ്തകത്തിലും പ്രതിപാദിച്ചിരിയ്ക്കുന്ന കല, വാസ്തുശില്പവിദ്യ, സ്ഥലം, ശാസ്ത്രം, മത സ്ഥാപനങ്ങൾ എല്ലാം തന്നെ യഥാർഥ്യത്തിൽ ഉള്ളത് തന്നെ ആണ്. പേര് സൂചിപ്പിയ്ക്കുന്ന പോലെ തന്നെ ഭൂമിയിലെ ജീവന്റെ ഉൽപ്പത്തി യെ ആധാരമാക്കിയാണു ഇത്തവണ ഡാൻ ബ്രൗൺ നമ്മെ വിസ്മയിപ്പിയ്ക്കുന്നത്.

ഒറ്റ രാത്രിയിൽ നടക്കുന്ന ഉദ്വേഗ ജനകമായ സംഭവങ്ങൾ തന്നെ ആണ് ഈ കഥയിലും. ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിലെ ചിഹ്ന ശാസ്ത്രജ്ഞൻ പ്രൊഫസർ ലാങ്ഡൻ, തന്റെ പൂർവ്വ കാല ശിഷ്യനും നിരീശ്വര വാദിയും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ആയ എഡ്മണ്ട് കീർഷിന്റെ ക്ഷണ പ്രകാരം സ്പെയിനിലേയ്ക്ക് ചെന്നെത്തുകയാണ്.

Textഈ ലോകത്തെ തന്നെ മാറ്റി മറിച്ചേക്കാവുന്ന തന്റെ ഒരു കണ്ടു പിടുത്തത്തെ ലോകർക്ക് മുൻപിൽ അവതരിപ്പിയ്ക്കാൻ (ഓൺലൈൻ ലൈവ് പ്രോഗ്രാം) വേണ്ടി ആയിരുന്നു വിശദാംശങ്ങൾ ആരെയും അറിയിയ്ക്കാത്ത ഈ ചടങ്ങ്. തന്റെ വെളിപ്പെടുത്തൽ എല്ലാ മത നേതാക്കളെയും വിശ്വാസികളെയും ഒരു പക്ഷെ പ്രകോപിപ്പിച്ചേക്കാം എന്ന ആശങ്കയും താൻ അപായപ്പെട്ടേക്കാം എന്ന സൂചനയും കീർഷ് ലാങ്ഡനെ അറിയിയ്ക്കുന്നു.

ലോക മതവിശ്വാസങ്ങളുടെ അടിത്തറ തന്നെ ഇളക്കാൻ തക്ക ശക്തമായ… എല്ലാ മതങ്ങളുടെയും നില നിൽപ്പിനു തന്നെ ആധാരമായ ചോദ്യങ്ങൾ… നൂറ്റാണ്ടുകൾ അല്ല, മാനവ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കം ചെന്ന രണ്ട് ചോദ്യങ്ങൾ… “നാം എവിടെ നിന്നു വരുന്നു? നാം എങ്ങോട്ട് പോകുന്നു?” ഈ രണ്ട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ തെളിവുകൾ ഉൾപ്പെടെ വെളിപ്പെടുത്തുവാൻ തുടങ്ങുന്ന അതെ നിമിഷത്തിൽ… കീർഷിന്റെ മറ്റൊരു കണ്ടുപിടുത്തം ആയ വിൻസ്റ്റൺ എന്നു പേരായ Artificial Intelligence ൽ പ്രവൃത്തിയ്ക്കുന്ന virtual computer ൽ നിന്ന് എന്തോ അപായ സൂചന കിട്ടുന്നു. ലാങ്ഡനു പക്ഷെ ഏതെങ്കിലും വിധത്തിൽ ഇടപെടാൻ ആകും മുൻപേ ഒരു കൊലയാളിയുടെ വെടിയേറ്റ് തന്റെ കണ്ടുപിടുത്തം വെളിപ്പെടുത്തുന്നതിനു തൊട്ട് മുൻപ് കീർഷ് കൊല്ലപ്പെടുകയാണ്.

കൊലപാതകി നിമിഷങ്ങൾക്കുള്ളിൽ രക്ഷപ്പെടുന്നു എങ്കിലും സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക സുരക്ഷാ വിഭാഗമായ ഗാർഡിയാ റിയൽ ഏജന്റ്സ് സംശയത്തിന്റെ പേരിൽ ലാങ്ഡനെയും ബിൽബാവോ മ്യൂസിയം ഡയറക്ടറും സ്പെയിനിന്റെ നിയുക്ത റാണിയും കൂടിയായ ആംബ്ര വിദാലിനെയും പിടിച്ചു നിർത്തുന്നു.

എന്നാൽ ഈ കൊലപാതകത്തിന്റെ സൂത്രധാരന്മാർക്ക് രാജകൊട്ടാരവുമായി എന്തോ ബന്ധമുണ്ടെന്നു സംശയം തോന്നുന്ന ആംബ്ര ലാങ്ഡന്റെ ഒപ്പം വിൻസ്റ്റന്റെ സഹായത്തോടെ മ്യൂസിയത്തിൽ നിന്ന് രക്ഷപ്പെടുകയാണ്. എത്രയും വേഗം കീർഷിന്റെ കണ്ടുപിടുത്തത്തെ ലോകർക്ക് മുൻപിൽ അനാവരണം ചെയ്യുക എന്നത് അവരുടെ കർത്തവ്യത്തോടൊപ്പം സ്വന്തം നിരപരാധിത്വം തെളിയിയ്ക്കേണ്ട ബാധ്യതയും കൂടി ആയി മാറുന്നു.

മത നേതാക്കളുടെ പ്രതിനിധികൾ ആയ ബിഷപ്പ് ആന്റോണിയോ വാൾഡെസ്‌പീനോ, റബ്ബി കോവെസ്, അല്ലാമ അൽ ഫദൽ എന്നിവരും സ്പെയിൻ രാജകുമാരൻ ഡോൺ ജൂലിയൻ, ഗാർഡിയ കമാന്റർ ഡീഗോ ഗാർസ, അഡ്മിറൽ അവീല, മോനിക മാർട്ടിൻ, മാർകോ, പാൽമേറിയൻ സഭയും മാർപ്പാപ്പയും, ഫാദർ ജോവാക്വിം ബെന, monte@iglesia.com എന്ന അജ്ഞാത ബ്ലോഗർ… അങ്ങനെ അനേകരിലൂടെ കഥ വികസിയ്ക്കുകയാണ്.

ഡാൻ ബ്രൗൺ കൃതികളും ശൈലിയും ഇഷ്ടപ്പെട്ടുന്ന ഒരാൾ എന്ന നിലയ്ക്ക് ഒറിജിൻ എന്നെ നിരാശപ്പെടുത്തിയില്ല. ഡാൻ ബ്രൗണിന്റെ വായനക്കാരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകൾ എല്ലാം ഇതിലും ഉണ്ട്.  ഒറ്റയടിയ്ക്ക് വായിച്ചു തീർക്കാൻ പ്രലോഭിപ്പിയ്ക്കുന്ന എല്ലാം ഒറിജിൻ എന്ന ഈ പുസ്തകം നമുക്കായി കാത്തു വയ്ക്കുന്നുണ്ട്.

ഒറിജിന്‍ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.