DCBOOKS
Malayalam News Literature Website

ശ്രീജീവിന്റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് പോലീസ് കംപ്ലൈന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍

ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് പോലീസ് കംപ്ലൈന്റ് അതോറിറ്റി മുന്‍ ചെയര്‍മാനും റിട്ട. ജഡ്ജിയുമായ കെ.നാരായണകുറുപ്പ് വ്യക്തമാക്കി. കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചു. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇത് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജിവിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 21 ന് ഇയാള്‍ മരിക്കുകയായിരുന്നു. ലോക്കപ്പില്‍ വച്ച ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, അയല്‍വാസിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീജീവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയതായാണ് ബന്ധുക്കളുടെ ആരോപണം.

ഈ സംഭവത്തില്‍ 700 ലേറെ ദിവസങ്ങളിലായി ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും നിരവധിയാളുകളാണ് ശ്രീജിത്തിന് പിന്തുണയുമായി എത്തിയത്. ഈ സാഹചര്യത്തിലാണ് പോലീസ് കംപ്ലൈന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ നാരായണകുറുപ്പിന്റെ അഭിപ്രായ പ്രകടനം പുറത്തുവരുന്നത്.

അന്ന്, പാറശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഗോപകുമാര്‍, അഡിഷണല്‍ എസ്‌ഐ ഫിലിപ്പോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവരാണ് ശ്രീജിവീന്റെ മരണത്തിന് കാരണക്കാര്‍ എന്ന് പോലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മരണവുമായി ബന്ധപ്പെട്ടു മഹസര്‍ തയാറാക്കിയ സബ് ഇന്‍സ്‌പെക്ടര്‍ ഡി. ബിജുകുമാര്‍ വ്യാജ രേഖ ചമച്ചതായും അതോറിറ്റി കണ്ടെത്തി.

Comments are closed.