DCBOOKS
Malayalam News Literature Website

പുറപ്പാടിന്റെ പുസ്തകം

ഒന്നിനൊന്ന് വ്യത്യസ്തമായ നോവലുകളും കഥകളുമാണ് സാഹിത്യത്തില്‍ വി.ജെ.ജയിംസ് എന്ന എഴുത്തുകാരന്റെ സ്ഥാനം ഉറപ്പിച്ചത്. പ്രമേയത്തിലോ ആഖ്യാനത്തിലോ മുമ്പ് പ്രസിദ്ധീകരിച്ച സ്വന്തം രചനകളുടെ വിദൂരഛായ പോലും വരാതിരിക്കാന്‍ ബദ്ധശ്രദ്ധനാണ് അദ്ദേഹം. പുറപ്പാടിന്റെ പുസ്തകം എന്ന ആദ്യനോവല്‍ മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പ്രണയോപനിഷത്ത് എന്ന കഥാസമാഹാരം വരെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.ഓരോ രചനയിലേക്കു കടക്കുമ്പോഴും കൈത്തഴക്കം സിദ്ധിച്ച, പ്രമേയ വൈവിധ്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്ന ഒരു എഴുത്തുകാരനെ നമുക്കു കാണാം.

മലയാള നോവലിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഒരു പ്രതിഭാശാലിയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ അഭിമാനത്തോടെയാണ് 1999ല്‍ ഡി സി ബുക്‌സ് രജതജൂബിലി നോവല്‍ മത്സരത്തില്‍ വി.ജെ ജയിംസിന്റെ പുറപ്പാടിന്റെ പുസ്തകം സമ്മാനാര്‍ഹമായി തിരഞ്ഞെടുത്തത്. പച്ചയായ മനുഷ്യജീവിതത്തെ ലാളിത്യത്തോടെ, എന്നാല്‍ തികഞ്ഞ വികാരതീവ്രതയോടെ ആവിഷ്‌കരിച്ച ആ ശൈലിയായിരുന്നു അന്ന് വിധികര്‍ത്താക്കളെ സ്വാധീനിച്ചത്. ആ തിരഞ്ഞെടുപ്പിനു തെറ്റു പറ്റിയിട്ടില്ല എന്ന് തെളിയിച്ചുകൊണ്ടാണ് വി.ജെ ജയിംസ് എഴുത്തിന്റെ സപര്യ തുടരുന്നത്.

ഒരു കാലത്ത് കേരളത്തിലെ ഏതൊരു ഗ്രാമവും പോലെ ഹരിതവും ജൈവ സമ്പല്‍സമൃദ്ധവുമായിരുന്ന പോട്ടത്തുരുത്ത് എന്ന ഗ്രാമത്തിന്റെ കഥയാണ് ആദ്യ നോവലിലൂടെ വി.ജെ.ജയിംസ് പറഞ്ഞത്. മിത്തുകളും അതീതയാഥാര്‍ത്ഥ്യങ്ങളും പരുക്കന്‍ മനുഷ്യന്റെ മാനസികാനുഭവങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്ന പുറപ്പാടിന്റെ പുസ്തകത്തില്‍ ആത്മീയത അന്തര്‍ധാരയായി വര്‍ത്തിക്കുന്നു.

1999ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ അതിവേഗം പ്രചാരമാര്‍ജ്ജിച്ചു. ഡി സി ബുക്‌സ് രജതജൂബിലി അവാര്‍ഡിനു പുറമേ മലയാറ്റൂര്‍ പ്രൈസും പുറപ്പാടിന്റെ പുസ്തകത്തെ തേടിയെത്തി.

 

Comments are closed.