DCBOOKS
Malayalam News Literature Website

ജി.ആര്‍. ഇന്ദുഗോപന്റെ യാത്രാവിവരണം ‘സ്‌പെസിബ’

 

പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ജി. ആര്‍. ഇന്ദുഗോപന്റെ റഷ്യന്‍ യാത്രാനുഭവമാണ് സ്‌പെസിബ. വൈരുദ്ധ്യങ്ങളെ മുഖമുദ്രയാക്കിയ സമകാലികലോകക്രമത്തില്‍ റഷ്യ എവിടെനില്‍ക്കുന്നു എന്ന് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണവ്യഗ്രതയോടെ ആരായുകയാണ് ലേഖകന്‍. അതുകൊണ്ടുതന്നെ ഒരു സാധാരണയാത്രികന്റെ കാഴ്ചകളെക്കാളുപരി സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തില്‍, റഫറന്‍സ് പുസ്തകങ്ങളിലൊന്നും വായിക്കാനാകാത്ത ശൈലിയില്‍ ഒട്ടേറെ അറിവുപകര്‍ന്നുതരുന്നു സ്‌പെസിബ.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ആദ്യമായി റഷ്യ ഇന്ത്യയില്‍നിന്നും കലാ-സാഹിത്യ-പത്രപ്രവര്‍ത്തക രംഗങ്ങളിലുള്ള ചെറുപ്പക്കാരുടെ ഒരു സംഘത്തെ ക്ഷണിച്ചുവരുത്തിയതിന്റെ ഭാഗമായാണ് ഇന്ദുഗോപനും മറ്റ് ആറുപേരും ഔദ്യോഗിക അതിഥികളായി റഷ്യയ്ക്ക് പുറപ്പെടുന്നത്. റെഡ്‌സ്‌ക്വയര്‍ ചത്വരം, ഭൂഗര്‍ഭറെയില്‍, മോസ്‌കോ സര്‍വ്വകലാശാലയ്ക്കു മുന്നിലെ വ്യൂപോയിന്റ്, റഷ്യ ടുഡെ ചാനല്‍ ഓഫീസ്, മോസ് ഫിലിം സ്റ്റുഡിയോ, സൂസ് ഡാല്‍ തുടങ്ങി പല പ്രധാന കാഴ്ചകളിലേക്കും ജി. ആര്‍. ഇന്ദുഗോപന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. എല്ലാ വിവരങ്ങളിലും ഒരു സവിശേഷമായ അനുഭവ സ്പര്‍ശമുണ്ടെന്നത് ഈ വായനയെ അനന്യമാക്കുന്നു.

റഷ്യന്‍ യാത്രയെ തന്റെ ജീവിതാനുഭവങ്ങളുമായി കോര്‍ത്തിണക്കിയാണ് ഇന്ദുഗോപന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഏറെ കൗതുകകരവും വ്യത്യസ്തവുമായ പല വിവരണങ്ങളും ഈ പുസ്തകത്തിന്റെ വായനയെ ആസ്വാദ്യകരമാക്കുന്നു. അതിലൊന്നാണ് ഒരു റഷ്യന്‍ വിമാനത്തില്‍ യുഎഇയില്‍ നിന്നും പാകിസ്ഥാനിലേക്കു പറന്ന ബാലു എന്ന സുഹൃത്തിന്റെ കഥ. ഭൂഗര്‍ഭറെയിലില്‍ വഴിതേടിയലയവെ സഹായത്തിനെത്തിയ അമ്മാവന്‍, വോഡ്കമാന്‍, വഴികാട്ടിയായ ഇവ്ഗിനിയ അങ്ങനെ എത്രപേര്‍ ഒരു ചെറുകഥയുടെ ഒഴുക്കിനുള്ളിലെന്നപോലെ ഈ യാത്രാവിവരണത്തില്‍ ഇടംപിടിച്ചിരിക്കുന്നു.

റഷ്യന്‍ ബാലസാഹിത്യവും സോവിയറ്റ് ലാന്റ് മാസികയില്‍ പുസ്തകം പൊതിഞ്ഞ് സ്‌കൂളിലെത്തിയിരുന്ന സുഹൃത്തുക്കളുടെ ഓര്‍മ്മ സ്‌പെസിബയിലും ഇടം പിടിക്കുന്നു.ഇന്ദുഗോപന്റെ യാത്രയ്ക്ക് സമകാലികമായിത്തന്നെ റഷ്യയുടെ മറ്റു ചില പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കഥാകൃത്ത് ബി. മുരളിയുടെയും പ്രധാനമന്ത്രിയുടെ സംഘത്തോടൊപ്പം റഷ്യയിലേക്കു പോയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സണ്ണി ജോസഫിന്റെ കുറിപ്പുകളും സ്‌പെസിബയുടെ വായനയെ നിറവുള്ളതാക്കിത്തീര്‍ക്കുന്നു. റഷ്യയുടെ ഭൂവിശാലതയും കാലാവസ്ഥാ വൈവിധ്യവും ഈ കുറിപ്പുകളിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നു.

Comments are closed.