DCBOOKS
Malayalam News Literature Website

സുഗതകുമാരിയുടെ പ്രകൃതിക്കവിതകളെ കുറിച്ച് പി.കെ. ഉത്തമന്‍

സുഗതകുമാരിയുടെ ‘ഒരു മറുനാടന്‍ കിനാവ്,’ മരത്തിനു സ്തുതി തുടങ്ങിയ ആദ്യകാല പ്രകൃതിക്കവിതകള്‍ വായിക്കുമ്പോള്‍തന്നെ എന്റെ മനസ്സില്‍ ചില ഛായാചിത്രങ്ങള്‍ തെളിഞ്ഞുവരുമായിരുന്നു. പില്‍ക്കാലത്ത്, ജെ. കൃഷ്ണമൂര്‍ത്തിയുടെ ‘ആള്‍ ദി മാര്‍വെലസ് എര്‍ത്ത്’ കണ്ടപ്പോള്‍ ആ ചിത്രങ്ങള്‍ ചേര്‍ന്ന് പുസ്തകരൂപം കൈക്കൊള്ളാന്‍ തുടങ്ങി.

രണ്ടുവര്‍ഷം മുമ്പ്, ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സുഗതകുമാരിട്ടീച്ചര്‍ക്ക് വായിക്കാന്‍ ഞാന്‍ കൊണ്ടുകൊടുത്ത പുസ്തകങ്ങളിലൊന്ന് ‘മാര്‍വെലസ് എര്‍ത്ത്’ ആയിരുന്നു. അത് വായിച്ച ടീച്ചര്‍ എന്റെ മനസ്സും വായിച്ചു. അങ്ങനെയാണ് ഈ ‘സഹ്യഹൃദയം‘ ഉരുവം കൊള്ളാന്‍ തുടങ്ങിയത്. ഈ ആശയം പ്രകൃതി ഛായാഗ്രാഹകരായ സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോള്‍ ആവേശകരമായ സ്വാഗതമാണ് ലഭിച്ചത്. തങ്ങളുടെ ഏതു ചിത്രം വേണമെങ്കിലും എടുത്തുകൊള്ളുവാന്‍ അവരെന്നെ അനുവദിച്ചു. ആയിരത്തിത്തൊള്ളായിരത്തിയെണ്‍പത്തിരണ്ടില്‍, ഞാനാദ്യം കുറിഞ്ഞിപ്പൂ കാണാന്‍ പോയപ്പോള്‍ ഞങ്ങളുടെ സംഘത്തില്‍ ടീച്ചറുടെ ഭര്‍ത്താവ് ഡോ. കെ. വേലായുധന്‍ നായരും ഉണ്ടായിരുന്നു.

ടീച്ചര്‍ക്കും കുറിഞ്ഞിപ്പൂ കാണാന്‍ ആഗ്രഹമുണ്ടണ്ടായിരുന്നെങ്കിലും, ഹൃദ്‌രോഗ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന സമയമായതിനാല്‍ കൊടൈക്കനാല്‍ മുതല്‍ മൂന്നാര്‍ വരെയുള്ള മലകയറ്റം താങ്ങാനാവുമായിരുന്നില്ല. തലേദിവസത്തെ മഴയില്‍ കഴുകിത്തുടച്ചെടുത്ത പ്രഭാതത്തിന്റെ കാഞ്ചനകാന്തിയില്‍ കുളിച്ച കുറിഞ്ഞിമലയുടെ മുകളില്‍, ചക്രവാളത്തോളം പരന്നുകിടക്കുന്ന നീലപ്പൂക്കടലിന്റെ നടുക്ക് നില്‍ക്കുമ്പോള്‍ ഞാന്‍ വേലായുധന്‍ നായര്‍ സാറിനോട് പറഞ്ഞു: ”ഈ സ്വര്‍ഗ്ഗീയദൃശ്യം കാണാന്‍ ടീച്ചറേയും കൊണ്ടു വരേണ്ടതായിരുന്നു.” ”ഓ, സുഗതയ്ക്കിത് കാണാന്‍ ഇവിടെ വരണമെന്നില്ല” എന്ന പ്രതികരണം അപ്പോള്‍ എനിയ്ക്കത്ര ദഹിച്ചില്ല. യാത്രകഴിഞ്ഞ് മടങ്ങിയെത്തി മൂന്നുനാലു ദിവസം കഴിഞ്ഞ് ഞാന്‍ ടീച്ചറെ കാണാന്‍ പോയത് കൈയിലൊരു ലേഖനവുമായിട്ടാണ്. ”ഇളം വെയിലില്‍ കുളിച്ച ആ നീലസാഗര
ത്തിലൂടെ, പൂക്കള്‍ ഇരുവശത്തേക്കും വകഞ്ഞുമാറ്റിക്കൊണ്ട്” കുറിഞ്ഞിമല കയറിയതൊക്കെ പിന്നീട് കലാകൗമുദി പ്രസിദ്ധീകരിച്ച, ആ ലേഖനത്തില്‍ ഞാന്‍ വിവരിച്ചിരുന്നു. ടീച്ചറുടെ ‘കുറിഞ്ഞിപ്പൂക്കള്‍’ എനിക്ക് വായിക്കാന്‍ തന്നിട്ടാണ് ടീച്ചര്‍ ലേഖനം വായിക്കാനെടുത്തത്.

”കിഴക്കന്‍ മാമലമുകളില്‍ എന്നാളും എനിക്ക് കേറുവാന്‍ നീലക്കുറിഞ്ഞി പൂക്കുന്നോരിടമുണ്ടെന്നാണവര്‍ പറയുന്നു!” ഈ വരികള്‍ വായിച്ചപ്പോള്‍ മനസ്സിലായി വേലായുധന്‍ നായര്‍ സാര്‍ കുറിഞ്ഞിമലയുടെ മുകളില്‍ വച്ച് പറഞ്ഞത് സത്യമാണെന്ന്. ”കടലു
പോല്‍ നീലക്കുറിഞ്ഞി പൂക്കുന്നോരിടം.” നോക്കെത്താദൂരത്തോളം കുറിഞ്ഞിച്ചെടികള്‍ പൂത്തുനില്‍ക്കുന്നത് നേരിട്ടുകണ്ട എനിക്ക് കിട്ടിയില്ല ഇത്രയും തെളിവാര്‍ന്നൊരു ദര്‍ശനം. ഇത് കവിയുടെ കാഴ്ച. ഓരോ ദൃശ്യംതന്നെ പ്രകാശത്തിന്റെ വ്യത്യസ്ത തീവ്രതകളില്‍ പകര്‍ത്തി ഒന്നിനുമേല്‍ ഒന്നായി സന്നിവേശിപ്പിക്കുന്ന ഒരു സമ്പ്രദായമുണ്ട് ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍. അതു പോലെ, കവിയുടെ കാഴ്ചയും ഛായാഗ്രാഹകന്റെ കാഴ്ചയും ഈ പുസ്തകത്തില്‍ സമന്വയിക്കുന്നു. അപ്പോള്‍ ചിത്രത്തിന് അല്പമെങ്കിലും മിഴിവേറുന്നുവെങ്കില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി. ആറാം കൂട്ടവംശനാശത്തിന്റെ, നടുവില്‍ നില്ക്കുമ്പോള്‍ പ്രകൃതിയെ എത്ര വാഴ്ത്തിയാലും അധികമാവില്ല.

സാഹിത്യത്തിനും കലകള്‍ക്കും വിദ്യാഭ്യാസത്തിനും മനുഷ്യന്റെ മനസ്സുമാറ്റാനുള്ള എന്തെങ്കിലും പ്രേരണാശക്തി ഉണ്ടെങ്കില്‍ അത് മുഴുവന്‍ എടുത്തുപയോഗിക്കേണ്ട സന്ദര്‍ഭം ഇതാണ്. ”കലകളില്‍ പ്രകൃതിക്ക് പ്രാമുഖ്യം നല്‍കുക” എന്ന് ആല്‍ഡസ് ഹക്‌സ്‌ലി ആഹ്വാനം ചെയ്തത് മനുഷ്യന്‍ ഭൂമിയെ കൊല ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയിട്ടാണ്. സുഗതകുമാരിട്ടീച്ചറുടെ മുറ്റത്ത് കൊല്ലംതോറും വിരുന്നുവരുന്ന ഒരു കാട്ടുവാലുകുലുക്കിയുണ്ട്. ആ പക്ഷിയെക്കുറിച്ചാണ് വിരുന്നുകാര്‍ എന്ന കവിത. ആ മുറ്റത്തുനിന്ന് അതേ പക്ഷിയുടെ അതേ വ്യക്തിയുടെ പടം ഞാനെടുത്തു. അതാണ് ആ കവിതയോടൊപ്പം ചേര്‍ത്തിട്ടുള്ളത്. ഇതൊരവിചാരിതമായ, ആകസ്മികമായ കൂടിക്കാഴ്ച. മറ്റ് ചില കവിതകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ക്കും തമ്മിലും ഏതെങ്കിലും തരത്തിലുള്ള പൊരുത്തം കാണാം. എന്നാല്‍, എല്ലാ കവിതകള്‍ക്കും ഛായാചിത്രഭാഷ്യം രചിക്കുക ദുഷ്‌കരമാണ്.

കവിതയുടെ ഭാവത്തിന് അനുരോധമാവണം ചിത്രങ്ങള്‍ എന്നേ ആഗ്രഹിച്ചിട്ടുള്ളൂ.സുഗതകുമാരിക്കവിതകള്‍ ശ്രദ്ധിച്ചു വായിച്ചാല്‍ കേരളപ്രകൃതിയുടെ ഒരു ഇംപ്രഷണിസ്റ്റിക് ആരാമം മനസ്സില്‍ വിടര്‍ന്നു വരും. സര്‍വസാധാരണമായ തുമ്പ മുതല്‍ അത്യപൂര്‍വമായ സ്വര്‍ണ്ണമുഖി (Ipsea malabarica) വരെയുള്ള സസ്യങ്ങള്‍, അണുവിലും അണുവായ ഉറുമ്പുമുതല്‍ മഹത്തിലും മഹത്തായ ആന വരെയുള്ള ജന്തുക്കള്‍, അനാഘ്രാതമായ മഴക്കാടുകള്‍ മുതല്‍ ഉഴുതുമറിച്ച വയലുകള്‍ വരെയുള്ള ആവാസവ്യവസ്ഥകള്‍ എല്ലാം ഇവിടെ കാണാം. മലയാളകവിതയില്‍ ഏറ്റവും കൂടുതല്‍ കാടുവളര്‍ത്തിയത്, സൈലന്റ്‌വാലി സമരം മുതലിങ്ങോട്ട് പ്രകൃതിധ്വംസനങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ മുന്നണിയില്‍ നില്‍ക്കുന്ന സുഗതകുമാരിയാണെന്നത് സ്വാഭാവികം മാത്രം. കവിതയിലെ ഈ ജൈവവൈവിധ്യം തന്നെയാണ് ഇങ്ങനെയൊരു കാവ്യചിത്രഗ്രന്ഥത്തിന് അഥവാ ചിത്രകാവ്യഗ്രന്ഥത്തിന് സംഗതിയായതും, വ്യത്യസ്തമാണെങ്കിലും, കേരള പ്രകൃതിയുടെ യഥാതഥമായൊരു പരിഛേദം അവതരിപ്പിക്കാനാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചത്. ”പരിസ്ഥിതിവിദ്യാഭ്യാസം നേടിയതിനുള്ള ശിക്ഷകളിലൊന്ന് മുറിവുകളുടെ ലോകത്ത് ഒറ്റപ്പെട്ടു ജീവിക്കുക എന്നതാണ്” എന്ന് ആല്‍ഡോ ലിയോപോള്‍ഡ് പറഞ്ഞിട്ടുണ്ട്.

ആദ്യം മുതല്‍ക്കേ സുഗതകുമാരിട്ടീച്ചറുടെ കവിതകളില്‍ മുറിവുകളുടെ വേദന തിങ്ങിവിങ്ങുന്നത് കാണാം. പൂങ്കടല്‍ത്തിരകളില്‍ ആറാടിത്തിമിര്‍ക്കുന്ന കവിമനസ്സില്‍, ”മഴുവും തീയുമായ്, കഴുകന്‍ കണ്ണുമായ് വരില്ലയോ മര്‍ത്ത്യനവിടെയും നാളെ?”എന്ന ആധിയും
നിറയുന്നു. നിങ്ങളെന്‍ ലോകത്തെ എന്തുചെയ്തു?, ആന, ചൂട്, നിര്‍ഭയ തുടങ്ങിയ പല പില്‍ക്കാല കവിതകളിലും വേദന മാത്രമാണുള്ളത്. മുറിവുകളുടെ ലോകത്ത് ഒറ്റപ്പെട്ട് ജീവിക്കുന്ന സമാനഹൃദയരാണ് ‘സഹ്യഹൃദയ’ വുമായി സഹകരിക്കുന്ന ഛായാഗ്രാഹകരും. ഒറ്റയൊറ്റച്ചിത്രങ്ങളില്‍, കവിതയിലെപ്പോലെ, രണ്ടുനിറങ്ങളും ഒന്നിച്ചുകൊണ്ടുവരാന്‍ കഴിയുകയില്ല. പക്ഷെ, ചിത്രങ്ങളുടെ സാകല്യത്തില്‍ പ്രകൃതിരമണീയത പ്രദാനം ചെയ്യുന്ന ഹര്‍ഷോന്മാദത്തോടൊപ്പം പ്രകൃത്യന്മൂലനം മനസ്സിലുണ്ടാക്കുന്ന തീവ്രവ്യഥയും
നിറയുന്നു.

Comments are closed.