DCBOOKS
Malayalam News Literature Website

അല്ലിയുടെ കവിതകളെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ പഠനം

 

പ്രശസ്ത ചിത്രകാരന്മാരായ മധുമടപ്പള്ളി, ജോളി എന്‍ സുധന്‍ എന്നിവരുടെ മകളും ആര്‍കിടെക്റ്റുമായ അല്ലി എഴുതിയ കവിതാസമാഹാരമാണ് ‘നിന്നിലേക്കുള്ള വഴികള്‍’. പ്രണയം ജ്ഞാനമായിനിറയുന്ന അല്ലിയുടെ കവിതകള്‍ പ്രണയഋതു, വെയില്‍ത്തുമ്പികള്‍ എന്നീ രണ്ട് വിഭാഗമായാണ് സമാഹരിച്ചിരിക്കുന്നത്. മൗലീകമായ നവീനതയും വ്യത്യസ്തതയും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. മാത്രമല്ല ഈ കവിതകള്‍ക്ക് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ പഠനവും പുസ്തകത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്.

അല്ലിയുടെ കവിതകളെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ പഠനം; പ്രണയത്തിന്റെ ജ്ഞാനവും പ്രബുദ്ധതയും

അല്ലിയുടെ കവിതകള്‍ നിറയെ പ്രണയത്തിന്റെ സംഗീതവും സൗന്ദര്യവും ത്യാഗവും സൗരഭ്യവുമാണ്. ഈ കവിതകള്‍ വായിച്ചുകൊണ്ടിരിക്കെ, ഓഷോ രജനീഷ് എവിടെയോ പറഞ്ഞ വരികള്‍ ഓര്‍മ്മയില്‍ വന്നു:

”നിങ്ങളുടെ മുഴുവന്‍ ലോകവും അസ്തിത്വവും പ്രേമമയമായിത്തീരട്ടെ. അത്രയുമായാല്‍ ധാരാളമായി.  ബുദ്ധിയുടെ ഉപദ്രവത്തെ വിട്ടുകളയൂ. പ്രേമത്തിന്റെ സൗന്ദര്യത്തിലേക്ക് ഇറങ്ങിവരൂ.”

അല്ലിയുടെ കവിതകളും അങ്ങനെ നിങ്ങളെ ക്ഷണിക്കുന്നു. മസ്തിഷ്‌കംകൊണ്ടല്ല,

നിന്നിലേക്കുള്ള വഴികള്‍

ഹൃദയം കൊണ്ടെഴുതിയതാണീ കവിതകള്‍. അവ ഹൃദയത്തെ വന്നു തൊടുന്നു.

‘മത്സ്യകന്യക’ എന്ന കവിത വായിക്കുക:

”കടല്‍ കയറി വന്നൊരുമീനുണ്ട്, കഥകളില്‍…മനുഷ്യത്തി മീന്‍…നീന്തിനടന്ന ചിറകുകളൊക്കെയുംഅവനുവേണ്ടി മാത്രംകൈകളാക്കി മാറ്റിയവള്‍…”

ഉടലുകളെപ്പോലും പരിണാമവിധേയമാക്കിത്തീര്‍ക്കുന്ന ഈ ത്യാഗത്തിന്റെ ഉത്സവത്തില്‍ പ്രണയം ഉയിരുകളുടെ സംഗീതമായിത്തീരുന്നു.

”നീയെന്നെ പ്രണയത്തിന്റെ പച്ചയില്‍ കുളിപ്പിച്ചുഎന്നിട്ട്,ഞാന്‍ മുഴുവനായി നനഞ്ഞുനിന്നപ്പോള്‍എന്നെ വിട്ടു പറന്നുപോയി.”– എന്ന് തൂവെള്ള നിറമുള്ള ഒരു ശലഭം പ്രണയത്തിന്റെ ചതിയെ ഓര്‍മ്മപ്പെടുത്തുന്നതും അല്ലിയുടെ കവിതകളില്‍ നാമറിയുന്നു (ശലഭം).ഞാന്‍ നീയറിയാതെയും നീ ഞാനറിയാതെയും, കളഞ്ഞുകിട്ടിയ കത്തിയുമായി പ്രണയത്തിന്റെ നൂല്‍പ്പാലം മുറിക്കാന്‍ തുടങ്ങുന്നതും കവിത അറിയുന്നു (നമ്മള്‍).പ്രണയത്തിന്റെ അധരസിന്ദൂരംകൊണ്ടാണ് അല്ലി എപ്പോഴും കവിതകളെഴുതുന്നത്.

”ഇളം റോസു നിറമുള്ളനേര്‍ത്ത ചുണ്ടുകള്‍കൊണ്ട്നീയെന്നെ ആദ്യമായി ചുംബിച്ചപ്പോള്‍പ്രണയത്തിന്റെ നിറമുള്ള കനമില്ലാത്ത ഒരു നേര്‍ത്തമേഘംനമുക്കിടയില്‍ തൂങ്ങിയാടി.” (കിസ് ഓഫ് ലവ്)

പ്രണയം അല്ലിയുടെ കവിതകളില്‍ ഒരു ജ്ഞാനമാണ്. പ്രബുദ്ധതയാണ്. അതീന്ദ്രിയ വികാരമാണ്. അനുഭവങ്ങളെയും വികാരങ്ങളെയും ഭാഷയുടെ അബോധത്തില്‍ നിക്ഷേപിച്ചുകൊണ്ട് വരികളില്‍ പ്രണയത്തിന്റെ രഹസ്യകവിത രചിക്കുകയാണ് അല്ലി ചെയ്യുന്നത്. അതു കൊണ്ടാണ് പ്രണയം അല്ലിക്ക് ഒരേസമയം വിരഹവും മരണവും കൂടിയായിത്തീരുന്നത്. കവിതയില്‍ പ്രണയിക്കുന്ന രണ്ടുപേര്‍ എതിര്‍ദിശ യിലോടുന്ന തീവണ്ടിയില്‍ കയറിപ്പോവുന്നത്.’എതിര്‍ദിശയിലോടുന്ന തീവണ്ടിയില്‍ കുടുങ്ങിപ്പോയ പ്രണയം നൈരാശ്യത്താല്‍ ജീവനൊടുക്കിയേക്കാം, എന്നും കവയിത്രി വിഷാദിച്ചുപോവുന്നു (തീവണ്ടികളില്‍ നഷ്ടമാവുന്നത്.)

”എന്റെയേകധനമങ്ങ് ജീവന-ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും എന്റെ യീശ! ദൃഢമീപദാംബുജ-ത്തിന്റെ സീമ, അതുപോകലില്ല ഞാന്‍.”എന്ന് കുമാരനാശാന്റെ നളിനിയെപ്പോലെ അല്ലിയുടെ പ്രണയിനി ഒരിയ്ക്കലും കാമുകനു മുന്നില്‍ സര്‍വ്വാത്മസമര്‍പ്പണം നടത്തുന്നില്ല.’

‘എന്റെ പൊട്ടക്കാമുകാ,നമുക്കു പ്രണയിച്ചു മരിക്കണം മരിക്കാത്ത പ്രണയത്തിനായിവീണ്ടും ജനിക്കണം.”എന്ന് ആശിക്കുമ്പോഴും എന്റെ പ്രണയത്തിന്റെ വല, നിനക്ക് രക്ഷപെട്ടു പോകാവുന്ന ഒന്നല്ല എന്ന് കാമുകനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, പ്രണയിനി.”

എന്റെ മീന്‍കുട്ടീ,അറിയുകനിന്റെ ആത്മഹത്യയായിരുന്നുനിന്റെ പ്രണയം,നിന്റെ ജീവിതവും.”ചുരുക്കത്തില്‍ പ്രണയഋതുക്കളുടെ ആര്‍ദ്രചലനത്തില്‍ മറഞ്ഞിരിക്കുന്ന മരണത്തിന്റെയും വിരഹത്തിന്റെയും അനേക ഋതന്തര സൗന്ദര്യങ്ങളെ വാക്കുകള്‍ക്കുള്ളില്‍ വരകളായി അല്ലി ലയിപ്പിക്കുന്നു.

ഒന്നാംതരം ചിത്രകാരികൂടിയായതിനാലാണ് നിശ്ശബ്ദമായ പ്രണയത്തിന്റെ ആത്മഗതങ്ങളെയും ആനന്ദനിമിഷങ്ങളെയും മൂര്‍ത്തമായി വരച്ചു വെക്കുവാന്‍ അല്ലിക്കു കഴിയുന്നത്.പ്രണയം, പ്രണയമായിരിക്കുമ്പോള്‍ത്തന്നെ വിനാശവും കൊതിയും ചതിയും പ്രതികാരവും രതിയും നിര്‍വ്വേദവുമൊക്കെയായിത്തീരുന്നത് അല്ലിക്കവിതകളില്‍ ആഴത്തില്‍ വരച്ചുവെച്ചിരിക്കുന്നുണ്ട്. ആഖ്യാനശില്പത്തിന് ഏറ്റവും നവീനമായ ഭാവുകത്വത്തെ അവലംബിക്കുമ്പോഴും ഭാഷയില്‍ ലാളിത്യവും, ആന്തരസംഗീതവും ദീക്ഷിക്കുന്നു. മൗലികമായ നവീനതവും വ്യത്യസ്തതയും അല്ലിയുടെ കവിതകളില്‍ പ്രകാശിക്കുന്നുണ്ടെന്ന് ധൈര്യപൂര്‍വ്വം പറയാം. അല്ലി അവകാശപ്പെടുന്നതുപോലെതന്നെ, ഒന്നിലുമിഴുകിച്ചേരാതെ, എല്ലാത്തിലും മുഴച്ചിരിക്കുന്നൊരല്ലിയുണ്ടിതില്‍.അല്ലിക്കും, ‘നിന്നിലേക്കുള്ള വഴികള്‍‘ എന്ന കാവ്യസമാഹാരത്തിനും ഭാവുകാശംസകള്‍.

Comments are closed.