DCBOOKS
Malayalam News Literature Website

ഹേബര്‍മാസ് മുതല്‍ അരിസ്റ്റോ ജംഗ്ഷന്‍ വരെ

ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പെയ്‌സസ് ഫെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ‘അപ്രത്യക്ഷമാകുന്ന സ്ഥലം: പങ്കിട്ട ഇടങ്ങളുടെ ചക്രവാളങ്ങള്‍ കുറയുന്നു; വായനശാല, ചായക്കട, ഷാപ്പ്’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം.എ ബേബി, നടന്മാരായ ഇന്ദ്രന്‍സ്, അരിസ്‌റ്റോ സുരേഷ് എന്നിവര്‍ പങ്കെടുത്തു. ചിത്രം വിചിത്രം, ഡെമോക്രേസി എന്ന ഹാസ്യാത്മക പരിപാടികളിലൂടെ ശ്രദ്ധേയനായ കെ.വി മധുവാണ് പരിപാടിയില്‍ മോഡറേറ്ററായത്.

സംവാദത്തില്‍ പങ്കെടുത്ത നാലുപേരും ഈ വിഷയം പരിപാടിയിലേക്ക് ഉള്‍പ്പെടുത്തിയതിനെ പ്രത്യേകമായി അഭിനന്ദിച്ചു. പണ്ടുകാലങ്ങളിലെ ചര്‍ച്ചകള്‍ ചായക്കടകളിലും കള്ളുഷാപ്പുകളിലും വായനശാലകളിലും മാത്രമായിട്ടല്ലാതെ കടത്തുവള്ളങ്ങള്‍, കാളവണ്ടികള്‍ തുടങ്ങി വിവിധയിടങ്ങളില്‍ വലിയൊരു ശൃംഖല തന്നെ ഉണ്ടായിരുന്നുന്നതായി അവര്‍ അഭിപ്രായപ്പെട്ടു. ഒരുകാലത്ത് സമൂഹത്തില്‍ മോശമായ പ്രതിഛായ ഉണ്ടായിരുന്ന കള്ള് ഷാപ്പുകളും ചായക്കടകളും 1950കളോടുകൂടി പരിണാമങ്ങള്‍ക്ക് വിധേയമായി. ഈ കാലഘട്ടത്തില്‍ ജനിച്ചു വളര്‍ന്നവരായിരുന്നു സംവാദത്തില്‍ പങ്കെടുത്ത മൂന്നുപേരും. ഇത് ആ കാലഘട്ടത്തെക്കുറിച്ച് കാണികള്‍ക്ക് കൂടുതല്‍ അറിയാന്‍ സഹായകരമായി.

മുന്‍പെല്ലാം  ഉത്സവസ്ഥലങ്ങളും പള്ളിപെരുന്നാളുമെല്ലാം  ഒരു സാമൂഹിക ഇടമായിരുന്നുവെന്ന് എം.എ ബേബി അഭിപ്രായപ്പെട്ടു. പക്ഷേ ഈ അടുത്ത കാലത്ത് അതൊരു പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന ആശങ്കയും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു.

Comments are closed.