DCBOOKS
Malayalam News Literature Website

സ്‌പെയ്‌സസ് ഫെസ്റ്റ് 2019: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഡി സി കിഴക്കെമുറി ഫൗണ്ടേന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന് തിരുവനന്തപുരത്ത് തുടക്കമായി. മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും. വൈകിട്ട് അഞ്ച് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. വിജയ് ഗാര്‍ഗ്( The Council Of Architecture-COA), രാകേഷ് ശര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, എ.സി മൊയ്തീന്‍, മേയര്‍ വി.കെ.പ്രശാന്ത്, ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചുനടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ലോകപ്രശസ്തരായ സാമൂഹികചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാ സാംസ്‌കാരിക പരിസ്ഥിതി രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഇന്ത്യയ്ക്ക് പുറമെ സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ആര്‍ക്കിടെക്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചരിത്രം, ഡിസൈന്‍, വാസ്തു, കല, രാഷ്ട്രീയം, തത്വചിന്ത, സാഹിത്യം, ആര്‍ക്കിടെക്ചര്‍, സമൂഹം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒരേ സമയം മൂന്ന് വേദികളിലായി നൂറിലേറെ സംവാദങ്ങള്‍ ഇവിടെ അരങ്ങേറുന്നു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍, ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, പ്രശസ്ത ആര്‍ക്കിടെക്ട് ബി.വി. ദോഷി, വികാസ് ദിലവരി, ജയാ ജയ്റ്റ്‌ലി, ശശി തരൂര്‍, ഐറ ത്രിവേദി, പ്രകാശ് രാജ്, ടി.എം. കൃഷ്ണ, എന്‍.എസ്. മാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര, ഡീന്‍ ഡിക്രൂസ്, റസൂല്‍ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മഞ്ജുനാഥ്, സാറാ ജോസഫ്, സുനില്‍ പി. ഇളയിടം, മനു എസ്.പിള്ള, ജി.എസ് പ്രദീപ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന സെഷനുകള്‍ക്ക് പുറമെ മുഖാമുഖങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, പരമ്പരാഗത തൊഴില്‍വിദഗ്ധരുടെ അനുഭവാഖ്യാനങ്ങള്‍ എന്നിവയും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടി.എം കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, തകര ബാന്‍ഡിന്റെ റോക്ക് ഷോ, എം.ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി കളം തീയറ്റര്‍ ആന്റ് റപ്രട്ടറി കേരളയുടെ ആഭിമുഖ്യത്തില്‍ പ്രശാന്ത് നാരായണന്‍ അണിയിച്ചൊരുക്കുന്ന നാടകം ‘മഹാസാഗരം’, കലാശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് എന്നിവയും കനകക്കുന്നിന്റെ സായാഹ്നങ്ങളെ കലാസാന്ദ്രമാക്കും. മേളയുടെ അവസാന ദിനമായ സെപ്റ്റംബര്‍ ഒന്നിന് ഡി സി കിഴക്കേമുറി സ്മാരകപ്രഭാഷണം മാഗ്‌സസെ പുരസ്‌കാര ജേതാവ് ടി.എം കൃഷ്ണ നിര്‍വഹിക്കും.

പ്രശസ്ത ചിത്രകാരനും ബിനാലെ സംഘാടകനുമായ റിയാസ് കോമുവിന്റെ പുസ്തക ഇന്‍സ്റ്റലേഷനും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോല്‍സവവും ഫെസ്റ്റിന്റെ മാറ്റ് കൂട്ടും. കവി കെ. സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറെന്ന നിലയില്‍ നേതൃത്വം നല്‍കുമ്പോള്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക്കാണ് ഫെസ്റ്റിവല്‍ ക്യുറേറ്റര്‍.

വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക 

Comments are closed.