DCBOOKS
Malayalam News Literature Website

സ്വാമി അഗ്നിവേശ് അന്തരിച്ചു

Agnivesh
Agnivesh

ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സ്വാമി അഗ്‌നിവേശ് (81) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 2019 ജനുവരിയില്‍ നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടി പദ്മപ്രിയയോടൊപ്പമുള്ള സെഷനില്‍ സ്വാമി അഗ്‌നിവേശും പങ്കെടുത്തിരുന്നു.

പുരോഗമനാശയങ്ങളെ പിന്തുണച്ച് നിരന്തരം യാത്രയിലായിരുന്ന അദ്ദേഹം കേരളത്തിൽ പലവട്ടം എത്തിയിട്ടുണ്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്. അതു കൊണ്ട് തന്നെ നിരന്തരം വര്‍ഗീയ ശക്തികളുടെ ആക്രമണത്തിനും സ്വാമി അഗ്നിവേശ് ഇരയായിട്ടുണ്ടായിരുന്നു.എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്.

1939-ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു.  ആര്യസമാജത്തിൽ ചേർന്ന സ്വാമി അഗ്നിവേശ് 1970ൽ ആര്യസഭ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 1977ൽ ഹരിയാന നിയമസഭയിലേക്ക് മൽസരിച്ചു ജയിച്ച് വിദ്യാഭ്യാസ മന്ത്രിയായി. ഈ കാലയളവിലാണ് ഡൽഹിയിലും മറ്റും നിലനിൽക്കുന്ന അടിമവേലയ്ക്കെതിരെ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന രൂപവൽക്കരിച്ച് സാമൂഹിക പ്രവർത്തനത്തിലേക്ക് എത്തുന്നത്.

ആന്റി സ്ലേവറി പുരസ്കാരം-ലണ്ടൻ(1990) ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ്-സ്വിറ്റ്സർലന്റ്(1994) രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ദൽഹി(2004) റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (2004) എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം(2006) തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

Comments are closed.