DCBOOKS
Malayalam News Literature Website

എസ്.കെ.പൊറ്റെക്കാട്ടിന്റെ ജന്മവാര്‍ഷികദിനം

മലയാള സാഹിത്യത്തിലെ അതുല്യ സഞ്ചാര സാഹിത്യകാരന്‍, അധ്യാപകന്‍, നോവലിസ്റ്റ്, ഗ്രന്ഥകാരന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭാധനനായിരുന്നു എസ് കെ പൊറ്റെക്കാട്ട് എന്ന ശങ്കരന്‍ കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്. 1913 മാര്‍ച്ച് 14ന് കുഞ്ഞിരാമന്‍ പൊറ്റെക്കാടിന്റെ മകനായി കോഴിക്കോട് ജനനം.

കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. തുടര്‍ന്ന് കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തില്‍ 1937 മുതല്‍ 1939 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് യാത്രകളില്‍ താല്‍പര്യം ജനിക്കുന്നത്. 1939 ല്‍ ബോംബെയിലേക്കുള്ള യാത്രയില്‍ നിന്നാണ് പില്‍ക്കാലത്ത് ‘ലോകസഞ്ചാരങ്ങള്‍’ ആരംഭിക്കുന്നത്. ബോംബെയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്ന സമയത്താണ് ഇന്ത്യയിലുടനീളം സഞ്ചരിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചത്. 1949 ല്‍ കപ്പല്‍ മാര്‍ഗം അദ്ദേഹം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും നിരവധി തവണ അദ്ദേഹം സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തേയും സാധാരണ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിന് ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ് കെ പൊറ്റെക്കാട്ടിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്.

യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും നിരവധി തവണ സഞ്ചരിക്കുകയും അവിടത്തെ സാമാന്യ ജനങ്ങളുമായി ഇടപെടുകയും ചെയ്തു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാട്ടില്‍ നിന്നു ലഭിച്ച ഈടുറ്റ സഞ്ചാരകൃതികളാണ്.

1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. 1980ല്‍ എസ്.കെ.പൊറ്റക്കാട്ട് ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായി. അദ്ദേഹത്തിന്റെ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്. എസ്.കെ.പൊറ്റക്കാട്ടാകട്ടെ തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യകൃതികളാക്കി മാറ്റുക കൂടി ചെയ്തു. 1982 ഓഗസ്റ്റ് ആറിന് എസ്.കെ.പൊറ്റക്കാട്ട് അന്തരിച്ചു.

Comments are closed.