DCBOOKS
Malayalam News Literature Website

ജനകീയ ഗായകൻ വി കെ ശശിധരന്‍ വിടവാങ്ങി

കവിതാലാപനത്തില്‍ വേറിട്ട വഴി സ്വീകരിച്ച വി.കെ ശശിധരന്‍ വികെഎസ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു

സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ
വി കെ ശശിധരന്‍ (വി കെ എസ്) അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു. കവിതാലാപനത്തില്‍ വേറിട്ട വഴി സ്വീകരിച്ച വി.കെ ശശിധരന്‍ വികെഎസ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

1938 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. ആലുവ യു സി കോളേജിലെ പഠനത്തെ തുടര്‍ന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് 6 വര്‍ഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കല്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടുകയുണ്ടായി.

1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ ‘ശിവൻശശി’ എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകിയിട്ടുണ്ട്.

ബർതോൾത് ബ്രഹത്, ഡോ.എം പി പരമേശ്വരൻ, മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു.

ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി, മാനവീയം മിഷൻ, സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ആഡിയോ ആൽബങ്ങൾ പ്രസിദ്ധീകരിച്ചിട്ടിണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു.

 

Comments are closed.