DCBOOKS
Malayalam News Literature Website

കര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

വിടവാങ്ങിയത് കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രമുഖന്‍

ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാര്‍ട്ടൂണ്‍ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം   കേരള കാർട്ടൂൺ അക്കാഡമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം.

അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍.  ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ യേശുദാസന്‍ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂണാണ്.  വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചതും യേശുദാസനാണ്.

1938 മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് യേശുദാസന്‍റെ ജനനം. ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. 1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു. ഇവിടെ നിന്ന് ജനയുഗത്തിലും. പിന്നീട് 1985-ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

 

Comments are closed.