DCBOOKS
Malayalam News Literature Website

ഓര്‍മ്മകളും ചിന്തകളും പങ്കുവെച്ച് ജോസഫ് അന്നംകുട്ടി ജോസ്

എല്ലാവരുടേയും ജീവിതത്തില്‍ ഒരു കാമുകിയോ കാമുകനോ ഉണ്ടായിരിക്കും. എല്ലാവര്‍ക്കും മറക്കാനാകാത്ത ഒരു പരാജയവും കൈപിടിച്ചുകയറ്റിയ ഒരു വ്യക്തിയുമുണ്ടാകും. എല്ലാവരേയും സ്വാധീനിച്ച ഒരു അദ്ധ്യാപകനോ അദ്ധ്യാപികയോ ഉണ്ടാകും. അത്തരം വ്യക്തികളെക്കുറിച്ചുള്ള വിവരണങ്ങളാണ് തന്റെ കൃതിയായ ബറീഡ് തോട്ട്‌സ് എന്ന പുസ്തകമെന്ന് എഴുത്തുകാരനും നടനും ബ്ലോഗറും ആര്‍.ജെയുമായ ജോസഫ് അന്നംകുട്ടി ജോസ്.

പുസ്തകത്തിന്റെ പേര് സൂചിക്കുന്നതുപോലെ, മറവിയുടെ കാണാപ്പുറങ്ങളില്‍ കുഴിച്ചുമൂടാനായി കാത്തുവച്ച ഓര്‍മ്മകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ പുസ്തകം. തന്നെ സ്‌നേഹിച്ചവരെക്കുറിച്ചും തനിക്ക് സ്‌നേഹിക്കാന്‍ കഴിയാത്തവരെക്കുറിച്ചും തന്നെ കബളിപ്പിച്ചവരെക്കുറിച്ചും താന്‍ കബളിപ്പിച്ചവരെക്കുറിച്ചും തന്നെ ബഹുമാനിച്ചവരെക്കുറിച്ചും തനിക്ക് ബഹുമാനിക്കാന്‍ കഴിയാത്തവരെക്കുറിച്ചുമാണ് ഈ പുസ്തകം.

തന്റെ ആത്മകഥ വാങ്ങി വായിക്കണമെന്ന് ആരോടും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം, ചുറ്റും നിറയുന്ന സംഭവങ്ങളുടെയും വ്യക്തികളുടെയും നേരെ കണ്ണുതുറന്നിരിക്കാന്‍ സാധിക്കണം. ചുറ്റും കാണുന്നതെല്ലാം ധൈര്യസമേതം ഉറക്കെ വിളിച്ചുപറയാനുമുള്ള തന്റേടവും നമുക്കുണ്ടാകണം. ഏതെങ്കിലുമൊക്കെ വ്യക്തികള്‍ക്ക് തുറന്നുപറച്ചിലുകള്‍ കൊണ്ട് പ്രയോജനമുണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ബറീഡ് തോട്ട്‌സ്’ (കുഴിച്ചുമൂടപ്പെട്ട ഓര്‍മ്മകള്‍) എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ പ്രകാശനം ചെയ്യപ്പെട്ടു. റൈറ്റേഴ്‌സ് ഫോറത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ജോസഫ് അന്നംകുട്ടി ജോസില്‍ നിന്ന് അദ്ദേഹത്തിന്റെ പിതാവ് പുസ്തകം ഏറ്റുവാങ്ങി.

 

Comments are closed.