DCBOOKS
Malayalam News Literature Website

‘പ്രതിഭയുള്ളവര്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാതെ പ്രവര്‍ത്തിച്ച് വിജയിക്കണം’; സോഹ അലി ഖാന്‍

എഴുത്തുകാരിയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബോളിവുഡ് നടി സോഹ അലി ഖാന്‍. ചെറുപ്പത്തില്‍ ഒരു ഡിറ്റക്റ്റീവ് ആകുകയെന്നതായിരുന്നു ആഗ്രഹം. പിന്നീടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകയാകുക എന്നതായി. അല്പം കൂടി മുതിര്‍ന്നപ്പോള്‍ അഭിഭാഷകയാകുന്നതാണ് നല്ലതെന്ന് തോന്നി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍വസത്തില്‍ സോഹയുടെ കൃതിയായ പെരില്‍സ് ഓഫ് ബീയിംഗ് മോഡറേറ്റ്‌ലി ഫേമസ് എന്ന കൃതിയെക്കുറിച്ചുള്ള സംവാദത്തിനിടെയായിരുന്നു സോഹയുടെ തുറന്നുപറച്ചില്‍.

അഭിനയത്തിലെത്തുന്നതിന് മുമ്പ് താന്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ അഭിനയമാണ് തൊഴില്‍. നാളെയെന്താകുമെന്ന് അറിയില്ല. സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന ചിന്ത കുട്ടിക്കാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. സ്വന്തം വീക്ഷണമനുസരിച്ച് ജീവിതത്തെ സമീപിക്കണമെങ്കില്‍ സാമ്പത്തികമായ സ്വയംപര്യാപ്തത ആവശ്യമാണ്. സിനിമാ താരമായിരുന്ന മാതാവ് ഷര്‍മ്മിള ടാഗോറിന്റെ ഉപയോഗം കഴിഞ്ഞ മേയ്ക്കപ്പ് വസ്തുക്കള്‍ വീടുമായി അടുപ്പമുള്ള സ്ത്രീകള്‍ക്ക് വിറ്റ് ചെറിയ തോതില്‍ സമ്പാദ്യമുണ്ടാക്കിയിരുന്ന കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ സോഹ അലി ഖാന്‍ സദസ്സുമായി പങ്കുവച്ചു. സമീപകാലത്തെ ‘മീ റ്റൂ’ ക്യാംപെയ്‌നിനെക്കുറിച്ച് പരാമര്‍ശിക്കവേ, സ്ത്രീകള്‍ ധൈര്യം സംഭരിച്ച് മുന്നോട്ടുവരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഏത് രംഗത്തും കഴിവും പ്രതിഭയുമുള്ളവര്‍ക്ക്, ചൂഷണങ്ങള്‍ക്ക് വിധേയരാകാതെ പ്രവര്‍ത്തിച്ച് വിജയിക്കാന്‍ കഴിയണം.

താന്‍ ആദ്യമായാണ് ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. അക്ഷരങ്ങളേയും ആശയങ്ങളേയും ജീവനു തുല്യം കരുതുന്ന ഷാര്‍ജയിലെത്താനും, ലോകത്തിലെ തന്നെ ഏറ്റവും വലിയ മേളകളിലൊന്നായ ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 2019-ലെ ലോകത്തിന്റെ പുസ്തകതലസ്ഥാനമായി ഷാര്‍ജ തെരഞ്ഞെടുക്കപ്പെട്ടത് ആ സന്തോഷം ഇരട്ടിപ്പിക്കുന്നു. മികച്ച സംവേദനക്ഷമതയുള്ള വായനക്കാരുമായി തന്റെ പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അഭിമാനമുണ്ട്.

സോഹയുടെ ആദ്യപുസ്തകമാണ് ‘ദി പെരില്‍സ് ഓഫ് ബീയിംഗ് മോഡറേറ്റ്‌ലി ഫേമസ്.’ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകളായും ഷര്‍മ്മിള ടാഗോറിന്റെ പുത്രിയായും സെയ്ഫ് അലി ഖാന്റെ സഹോദരിയായും കരീന കപൂറിന്റെ ഭര്‍തൃസഹോദരിയായും അറിയപ്പെടുന്നതിനിടയില്‍ സ്വന്തം വ്യക്തിത്വം തിരിച്ചറിയാനുള്ള ശ്രമമാണ് പുസ്തകത്തിന്റെ ഇതിവൃത്തമെന്ന് സോഹ അലി ഖാന്‍ പറഞ്ഞു. രാജ്യത്തെ പ്രശസ്തമായ കുടുംബാംഗമെന്ന നിലയില്‍ താന്‍ ജീവിച്ചുപോന്ന ഭൂമികകളെക്കുറിച്ച് എഴുത്തുകാരി പുസ്തകത്തില്‍ വിവരിക്കുന്നു. പട്ടൗഡി കുടുംബത്തിന്റെ ധാരാളം അപൂര്‍വ്വചിത്രങ്ങളും പുസ്തകത്തിലുണ്ട്. നര്‍മ്മരസത്തോടെയാണ് സോഹ അലി ഖാന്‍ തന്റെ കോളേജ് ജീവിതവും സോഷ്യല്‍ മീഡിയ കാലഘട്ടത്തിലെ സമൂഹത്തിന്റെ ഇടപെടലുകളും വിവരിച്ചിരിക്കുന്നത്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഇന്റലക്ച്വല്‍ ഹാളിലായിരുന്നു പരിപാടി.മികച്ച ആസ്വാദകപങ്കാളിത്തമായിരുന്നു സോഹ അലി ഖാന്‍ പങ്കെടുത്ത പരിപാടിക്കുണ്ടായിരുന്നത്.

Comments are closed.