DCBOOKS
Malayalam News Literature Website

കെവിന്റെ മരണം ദുരഭിമാനകൊലയെന്ന് കോടതി; വിചാരണ ആറുമാസത്തിനകം

കോട്ടയം: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധം ദുരഭിമാനകൊലയെന്ന് കോടതി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുഴുവനും അംഗീകരിച്ചാണ് കെവിന്റെ കൊലപാതകം ദുരഭിമാനകൊലയാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തിയത്. കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍, സവര്‍ണ്ണ ക്രൈസ്തവ വിഭാഗത്തിലെ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം, പ്രോസിക്യൂഷന്റെ വാദങ്ങള്‍ പ്രതിഭാഗം എതിര്‍ത്തു. എന്നാല്‍ പ്രോസിക്യൂഷന്റെ മുഴുവന്‍ വാദങ്ങളും ശരിവെച്ച സെഷന്‍സ് കോടതി കെവിന്‍ വധം ദുരഭിമാനകൊലയാണെന്ന് അംഗീകരിക്കുകയായിരുന്നു. വിശദമായ വാദം കേട്ട കോടതി കേസ് ദുരഭിമാന കൊലയായി പരിഗണിച്ച് അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ ആറു മാസത്തിനുള്ളില്‍ കേസില്‍ കോടതി വിധിപറയും.

2018 മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ .പി. ജോസഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ച ദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ ബന്ധുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

Comments are closed.