DCBOOKS
Malayalam News Literature Website

ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം ബഹുസ്വരതയുടെ മാഗ്‌നാകാര്‍ട്ട: അബ്ദുസമദ് സമദാനി

ബഹുസ്വരതയുടെ മൂല്യസങ്കല്‍പവും ആവിഷ്‌കരണവും പ്രയോഗവും ഏറ്റവും ഉദാത്തമായി വര്‍ണ്ണിച്ചത് ശ്രീനാരായണഗുരുവാണെന്നും, അദ്ദേഹത്തിന്റെ ആത്മോപദേശശതകം ബഹുസ്വരതയുടെ എക്കാലത്തേക്കുമുള്ള മാഗ്‌നാകാര്‍ട്ടയാണെന്നും എം.പി.അബുസമദ് സമദാനി.മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് നടന്ന ‘ബഹുസ്വരതയുടെ കലാസാഹിത്യമാനങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘അവനവനാത്മസുഖത്തിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം’ എന്ന ശ്രീനാരായണഗുരുവിന്റെ ഉത്‌ബോധനം ബഹുസ്വരതയുടെ ഏറ്റവും മഹത്തായ പ്രഖ്യാപനമാണ്. ലാകത്തിന്റെ ബഹുസ്വരതയുടെ ഈറ്റില്ലവും പോറ്റില്ലവുമാണ് ഇന്ത്യ. മഹാത്മാഗാന്ധിയുടെ ഇന്ത്യ എന്നും വിജയിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്. ബഹുസ്വരതയില്‍ വേരുറപ്പിച്ച ഇന്ത്യക്ക് ഒരിക്കലും തോല്‍ക്കാനാകില്ല.

ആദികാവ്യമെഴുതിയ വാത്മീകി മഹര്‍ഷി ആദ്യം ഉച്ചരിച്ചത് ‘അരുത്’ എന്നാണ്. അപരന്‍ എന്ന ചിന്തയില്‍ നിന്നാണ് രാമായണം ജനിക്കുന്നത്. അപരന്‍ എന്നതിന്റെ അര്‍ത്ഥം മറ്റുള്ളവനെന്നും ഞാനല്ലാത്തവനെന്നുമാണ്. അപരനു പകരം അന്യന്‍ എന്ന പദം പ്രയോഗിക്കുമ്പോള്‍ അത് നിഷേധാത്മകമായി മാറുന്നു. അപരബോധത്തില്‍ നിന്നാണ് കല ജനിക്കുന്നത്. അപരചിന്തയിലാണ് കലാകാരന്മാരും എഴുത്തുകാരും ആവിഷ്‌കാരം നടത്തുന്നത്. അപരന്‍ എന്നത് ബഹുസ്വരത എന്ന സങ്കല്പത്തിന്റെയും വിഷയത്തിന്റെയും കേന്ദ്രബിന്ദുവും താക്കോലുമാണ്. അപരത്വനിര്‍മ്മിതി നിഷേധാത്മകമായി മാറുമ്പോള്‍ അപകടകരമായ അസഹിഷ്ണുതയുണ്ടാകുന്നു. അസഹിഷ്ണുതയുടെ നേരെ ‘അരുത് കാട്ടാളാ’ എന്ന് പറയുമ്പോഴാണ് ബഹുസ്വരതയുണ്ടാകുന്നത്.

വനവാസം ആരംഭിച്ച ശ്രീരാമചന്ദ്രനെ കാണാനെത്തിയ ഭരതനോട് രാമന്‍ ചോദിക്കുന്നത്, തന്റെ രാജ്യത്തെ പ്രജകളില്‍ ന്യൂനപക്ഷമായ ചര്‍വ്വാകന്മാര്‍ക്ക് സൗഖ്യമല്ലേയെന്നാണ്. ലങ്കയിലെത്തിയ ശ്രീരാമചന്ദ്രന്‍, അഭയം പ്രാപിച്ചെത്തിയ വിഭീഷണനെ സ്വീകരിക്കണമോയെന്ന് ശങ്കിച്ചപ്പോള്‍, രാവണസഹോദരനായ വിഭീഷണനെ സ്വീകരിക്കുന്നതിന് അദ്ദേഹത്തിന്റെ ഗുണകര്‍മ്മങ്ങള്‍ കണക്കിലെടുത്താല്‍ മതിയെന്ന് പറഞ്ഞ ഹനുമാന്റെ മാതൃകയും നമുക്ക് മുന്നിലുണ്ട്.

സംസ്‌കാരം എന്നും സമ്മിശ്രമാണ്. അതൊരിക്കലും ഏകശിലാഖണ്ഡമല്ല. ന്റെ ഭക്ഷണം കഴിക്കാത്തവനെയും എന്റെ വസ്ത്രം ധരിക്കാത്തവനെയും എന്റെ ഭാഷ സംസാരിക്കാത്തവനെയും എന്റെ വിശ്വാസം അനുഷ്ഠിക്കാത്തവനെയും തിരസ്‌കരിക്കാന്‍ തോന്നുന്നത് ഒരു രോഗമാണ്. ബഹുസ്വരതയെ മുറുകെപ്പിടിച്ചുകൊണ്ട് വേണം ഈ രോഗത്തെ ചികിത്സിക്കേണ്ടത്. തന്നെ സന്ദര്‍ശിച്ച വിദേശിയായ അതിഥി മാംസാഹാരം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ആശ്രമത്തില്‍ വച്ചുതന്നെ ആ അതിഥിക്ക് മാംസം വിളമ്പിയ ഗാന്ധിജിയെ സമദാനി അനുസ്മരിച്ചു.

ഭൂമിയിലൂടെ നടക്കുന്ന ഒരു മൃഗവും ഇരുചിറകിന്മേല്‍ പറക്കുന്ന ഒരു പറവയും നിങ്ങളെപ്പോലുള്ള സമുദായങ്ങളാണ് എന്ന വിശുദ്ധ ഖുറാനിലെ വചനം ബഹുസ്വരതയുടെ ദൈവികപ്രഖ്യാപനമാണ്. സംഗീതത്തിലെ ബഹുസ്വരതയേക്കുറിച്ച് പരാമര്‍ശിക്കവേ, കര്‍ണ്ണാടകസംഗീതചക്രവര്‍ത്തി ത്യാഗരാജ സ്വാമികളെയും ഉറുദ്ദു മഹാകവി അലാമ ഇഖ്ബാലിനെയും അദ്ദേഹം അനുസ്മരിച്ചു. വാക്കുകളുടെ കൊടുക്കല്‍വാങ്ങലുകള്‍ അഭംഗുരം നടത്തിപ്പോരുന്ന ലോകഭാഷകളിലെല്ലാം നമുക്ക് ബഹുസ്വരത ദര്‍ശിക്കാന്‍ കഴിയും.

മാനവരാശിയുടെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളുടേയും പിന്നിലെ ചാലകശക്തി മനുഷ്യര്‍ തമ്മിലുളള സഹകരണമാണ്. സഹകരണം മൂലമാണ് കുടുംബങ്ങളും ദേശങ്ങളും മഹാപ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും ലോകവും ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും. സഹകരണമാണ് ബഹുസ്വരതയുടെ മര്‍മ്മം.ബഹുസ്വരതയുടെ ഉത്തമോദാഹരണങ്ങളായി നമ്മള്‍ വാഴ്ത്തുന്ന, യു.എ.ഇയിലും ലോകമെമ്പാടും ഇന്ന് കാണുന്ന പ്രവാസീസമൂഹങ്ങള്‍ അതാത് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സഹകരണം മൂലമാണ് സാദ്ധ്യമാകുന്നത്.

ബഹുസ്വരതയുടെ ഏറ്റവും മികച്ച പ്രയോഗകേന്ദ്രം സ്വന്തം കുടുംബം തന്നെയാണ്. വൈവിധ്യം നിറഞ്ഞവരാണ് അതിലെ അംഗങ്ങള്‍. അവരെയെല്ലാം കോര്‍ത്തിണക്കുമ്പോഴാണ് കുടുംബം നിലനില്‍ക്കുന്നത്. ബഹുസ്വരതയ്ക്ക് പകരം ഏകസ്വരം ഉയരണമെന്ന് ശഠിച്ചാല്‍ കുടുംബം തകരും. ഏകസ്വരതയ്ക്കായി വാദിക്കുന്നവര്‍ നൈസര്‍ഗ്ഗികതയെ ഇല്ലാതാക്കാനാണ് പരോക്ഷമായി ശ്രമിക്കുന്നത്. ബഹുസ്വരതയില്‍, പക്ഷേ ശത്രുക്കളോ പ്രതിയോഗികളോ ഇല്ല.ഒരു സംസ്‌കാരത്തിനും ഒരു മതത്തിനും മറ്റൊന്നിനെ കീഴടക്കാനോ തോല്‍പ്പിക്കാനോ ശ്രമിക്കേണ്ട ആവശ്യമില്ല.

സ്വരാജ് വൈകിയാലും രാജ്യത്തെ ഹിന്ദു-മുസ്‌ലിം മൈത്രി നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച മൗലാന അബ്ദുള്‍ കലാം ആസാദിനെക്കുറിച്ച് വിവരിച്ച അബ്ദുസമദ് സമദാനി, രാജ്യത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്ന ആസാദിന്റെ ഖബറില്‍ പോയി നെഹ്‌റു കരയുമായിരുന്നെന്ന് പറഞ്ഞു. സ്വന്തം വിശ്വാസപരിസരങ്ങള്‍ വ്യക്തികള്‍ക്കും ബഹുസ്വരയ്ക്കും എത്രമാത്രം പ്രധാനമാണെന്ന് സൂചിപ്പിക്കാന്‍ അദ്ദേഹം ചെറുകാടിനെ ഉദ്ധരിച്ചു. തനിക്ക് ആകാശം കാണാന്‍ ആഗ്രഹമുണ്ടെന്നും, പക്ഷേ അത് തന്റെ വീട്ടുമുറ്റത്തെ മുരിങ്ങമരച്ചുവട്ടില്‍ നിന്നുകൊണ്ടാകണമെന്നുമാണ് ചെറുകാട് എഴുതിയത്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും പി.ഭാസ്‌കരന്റെയും കൃതികള്‍ പരാമര്‍ശിച്ചുകൊണ്ട് സാഹിത്യത്തിലെ ബഹുസ്വരത എങ്ങനെയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂതിരിയെ അരിയിട്ടുവാഴിക്കുന്ന സൈനുദ്ദീന്‍ മഹ്ദുവിനെയും, നിലപാടുതറയില്‍ സാമൂതിരിക്ക് സമീപസ്ഥനാകുന്ന കുഞ്ഞാലി മരയ്ക്കാറിനെയും അബ്ദുസമദ് സമദാനി അനുസ്മരിച്ചു.

പ്രളയജലം കേരളത്തില്‍ നിന്ന് ഒഴുക്കിക്കൊണ്ടുപോയത് തിന്മകളെയാണെന്നും, നമ്മുടെ നാടിന്റെ ബഹുസ്വരത അപകടഘട്ടങ്ങളില്‍ കൂടുതല്‍ മിഴിവുള്ളതായിത്തീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. നടരാജഗുരുവിനെയും നിത്യചൈതന്യയതിയെയും ബാലമുരളീകൃഷ്ണയെയും എസ്.പി. ബാലസുബ്രമണ്യത്തെയും ഗസല്‍ ഗായകന്‍ ഉമ്പായിയെയും വയലിനിസ്റ്റ് ബാലഭാസ്‌കറെയും കലയിലെയും സാഹിത്യത്തിലെയും ബഹുസ്വരതയുടെ കാവലാളുകളായി വാഴ്ത്തിയ അബ്ദുസമദ് സമദാനി ‘നീ നിന്റെ ശരീരമൊന്ന് സ്വയം തൊട്ടുനോക്കിയാല്‍ നിനക്കെന്നെ മനസ്സിലാകും’ എന്ന അര്‍ത്ഥം വരുന്ന ഹിന്ദുസ്ഥാനി കവിത ചൊല്ലിയാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

പുസ്തകമേളയോടനുബന്ധിച്ച് ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ നടന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ നിരവധി പേരാണ് എത്തിയത്.

Comments are closed.