DCBOOKS
Malayalam News Literature Website

മള്‍ബറിക്കാട്; കെ.എന്‍ പ്രശാന്ത് എഴുതിയ കഥ

''അവള് ഒറങ്ങീട്ട്ണ്ടാവില്ല. അങ്ങനെ ഒറങ്ങാനൊന്നും പറ്റില്ലല്ലോ?''

മഴക്കാലം കഴിഞ്ഞിരുന്നില്ല.വെയില്‍ തെളിഞ്ഞിരുന്നെങ്കിലും ഇടയ്ക്കിടെ കാര്‍മേഘങ്ങള്‍ കൂട്ടമായി മല ഇറങ്ങി വന്ന് വലിയ തുള്ളികളില്‍ ആര്‍ത്തു പെയ്ത് ഒന്നും അറിയാത്ത പോലെ എവിടേക്കോ പൊയിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഇരുട്ടിക്കഴിഞ്ഞാണ് വയലുകള്‍ക്കു നടുവില്‍, കുന്നുകളിലേക്ക് പോകുന്ന റോഡില്‍, അമലിന്റെ കാര്‍ നിന്നുപോയത്. പെയ്തു തോര്‍ന്ന ആകാശത്ത് നിലാവ് വിളറി നില്‍പ്പുണ്ടായിരുന്നു. ഇടവേളയില്ലാതെ ചീവീടുകളും തവളകളും വയലുകളുടെ പാട്ടുകള്‍ പാടുന്നത് അമല്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോഴും കാറിനകത്ത് പാടുന്ന ഏ ആര്‍ റഹ്മാന്റെ താളത്തിനൊത്ത് ചെറുതായി ചലിച്ച് വണ്ടി മുന്നോട്ട് നീക്കാനുള്ള ശ്രമത്തിലായിരുന്നു അവന്‍. അത് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലായപ്പോള്‍ അവന്‍ ഇംഗ്ലീഷില്‍ ഒരു ചെറിയ തെറിയും മലയാളത്തില്‍ മുഴുത്ത ഒന്നും വിളിച്ച് വളയത്തില്‍ ഇടിച്ചു. പാതിരാവൊന്നും ആയിട്ടില്ല, എങ്കിലും അടുത്ത് എവിടെയും ജനവാസമില്ല എന്ന് സംശയിക്കാന്‍ മാത്രം വിജനമായിരുന്നു ആ സ്ഥലം. കുറച്ചു നേരം അതേ ഇരിപ്പ് ഇരുന്നപ്പോള്‍ താന്‍ പെട്ടത് pachakuthira dcbooksഎവിടെയാണെന്ന് അവന് മനസ്സിലായി. പെരുമഴയായി വരാന്‍ തുടങ്ങിയ ഓര്‍മ്മകളെ തടയാനെന്നോണം അവന്‍ താമരയെ ഓര്‍ത്തു.

”മോശം ഓര്‍മ്മകള്‍ കാഴ്ച്ചക്കാര്‍ക്ക് റോള്‍ ഒന്നും ഇല്ലാത്ത സിനിമകള്‍ പോലെയാണ്. തെറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയാത്ത പക്ഷം കണ്ടു മറക്കുകയാല്ലാതെ വേറെ വഴിയോന്നുമില്ല” അവളുടെ തിയറിയോര്‍ത്തപ്പോള്‍ മറക്കേണ്ടതൊക്കെ കൂടുതല്‍ ശക്തിയോടെ അവന്റെ
മനസ്സിലേക്ക് ഇരച്ച് വരികയാണുണ്ടായത്. ഓര്‍മ്മയില്‍ മുഴുവന്‍ ആ നാട് ആണെങ്കിലും അവിടത്തെ ഇപ്പോഴത്തെ അവസ്ഥയോ നാട്ടുകാരെയോ അവന് അറിയില്ലായിരുന്നു. എന്നിട്ടും അവന്‍ ഫോണെടുത്ത് ആരെയിങ്കിലും കിട്ടുമോ എന്ന് പരിശോധിച്ചു. പക്ഷേവയസ്സായ ചില ബന്ധുക്കളുടെ നമ്പരുകള്‍ ഒഴികെ ആ നാടുമായി ബന്ധപ്പെട്ട ഒന്നുംഅവനു കണ്ടെത്താന്‍ കഴിഞ്ഞില്ല.കുട്ടിക്കാലത്ത് കൂടെ പഠിച്ചവരുടേയും കളിച്ചവരുടേയും കുറച്ചു പേരുകള്‍ ഓര്‍ത്തെടുക്കാനായതില്‍ സന്തോഷം തോന്നിയെങ്കിലും ആ ഇരുട്ടില്‍ നിന്നും തന്നെ പുറത്തു കടത്താന്‍ ആരുമില്ലെന്ന് അവനു മനസ്സിലായി. എത്ര കാലത്തിനു ശേഷമാണ് ചുരം കയറി അവിടേക്ക് വരുന്നത് എന്ന് അവന്‍ അതിശയത്തോടെ ഓര്‍ത്തു. പിന്നെ വിളിക്കേണ്ടത് താഴെ നഗരത്തില്‍ ഉള്ള സുഹൃത്തുക്കളെയാണ്. അവരില്‍ മിക്കവരേയും എഞ്ചിനിയറിംഗ് കഴിഞ്ഞതിനു ശേഷം ആദ്യമായാണ് കാണുന്നത്.ഗെറ്റ് ടുഗദറില്‍ പങ്കെടുത്തത് താമരയുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ്. ലോക്ഡൗണ്‍ കഴിഞ്ഞപ്പോഴേക്കും അവന് മനുഷ്യരുടെ എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ടു എന്നവള്‍ കളിയായി പറഞ്ഞത് കൊണ്ടു മാത്രമല്ല ഒന്ന് പുറംലോകം
കാണാനും ആരോടെങ്കിലും മിണ്ടാനും അവന്‍ ആഗ്രഹിച്ചിരുന്നു. താമരയെകൂടെ കൂട്ടാമായിരുന്നു എന്നോര്‍ത്ത് അമല്‍ ഇരുട്ടിലേക്ക് നോക്കി നേരത്തേ വിളിച്ച തെറികള്‍ ആവര്‍ത്തിച്ചു. അവിടേക്ക് വരാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് അവന്‍ നിരാലംബനായി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു.

വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കൂടെ ആരോ ഉണ്ടെന്ന് അവനു തോന്നി. റോഡിനിരുവശവും ഇരുണ്ട് പരന്നു കിടക്കുന്ന വയലുകളും മുകളില്‍ ദുഖസാന്ദ്രമായ ചാരനിറയാകാശവും അവനെ കരച്ചിലിന്റെ വക്കിലെത്തിച്ചു. നനഞ്ഞ
റോഡില്‍ എന്തു ചെയ്യണമെന്നറിയാതെ അവന്‍ നിന്നു. അങ്ങു ദൂരെ കാണുന്നത് ഉണര്‍ന്നിരിക്കുന്ന വീടുകളില്‍ നിന്നുള്ള വെളിച്ചങ്ങളാണോ അതോ മിന്നാമിനുങ്ങുകളോ? അല്ല നക്ഷത്രങ്ങളാണ്!. അടുത്തെവിടെയെങ്കിലും വീടുകള്‍ ഉണ്ടോ?. ഏത്
ദിശയിലേക്ക് നടക്കണം എന്ന സംശയത്തില്‍ നിന്നപ്പോള്‍ വയലില്‍ നിന്നും തണുത്ത കാറ്റ് വന്ന് അവനെ ചുറഞ്ഞു. ദൂരെ എവിടെയോ ഒരു വണ്ടിയുടെ ഇരമ്പല്‍ കേട്ടെന്നു തോന്നിയപ്പോള്‍ അവന്‍ അതിന്റെവെളിച്ചത്തിനായി ഏറെനേരം കാത്തുനിന്നു. മനുഷ്യരുടെ കാര്യം ഇത്രയേ ഉള്ളൂ. എത്രവലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും അവ നിന്നു പോയാല്‍ ചെന്നു വീഴുന്നത് ശിലായുഗത്തിലേക്ക് തന്നെയാണ്. അതു വഴി ഒന്നും വന്നില്ല. അവന്‍ നിരാശയോടെ മുന്നോട്ട് നടന്നു. വയലുകള്‍ക്കു നടുവിലുള്ള കലുങ്കിനടിയിലൂടെ ചെറിയ ശബ്ദത്തില്‍ വെള്ളം ഒഴുകുന്നു. അതിനു മുകളില്‍ ഒരാള്‍ ഇരിപ്പുണ്ടോ?. ബീഡികത്തിച്ചാലുണ്ടാകുന്ന ചുവന്ന വെളിച്ചപ്പൊട്ട് അവിടെ മിന്നുന്നതായി അവനു തോന്നി. പെട്ടന്ന് തന്റെ ഓര്‍മ്മയുടെ കല്ലുകള്‍ ആരോ ഇളക്കി മാറ്റിയതായും അവയ്ക്കടിയില്‍ നിന്നും ഇരുണ്ട രൂപങ്ങള്‍ പതിയെ ഇഴഞ്ഞു കയറുന്നതായുംഅറിഞ്ഞ് അവന്റെ രോമങ്ങള്‍ എല്ലാം എഴുന്നു നിന്നു. ലഹരിയുടെ കെട്ട് അഴിഞ്ഞു പോകുന്നത് അറിഞ്ഞു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  സെപ്റ്റംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.