DCBOOKS
Malayalam News Literature Website

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; പുസ്തക പൂരത്തിന് മേളമൊരുക്കി മനോജ് കുറൂർ

ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ മൂന്നാം ദിനമായ നവംബർ 5 വെള്ളിയാഴ്ച പുസ്തകോത്സവ നഗരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവമൊരുക്കിയാണ് എഴുത്തുകാരൻ മനോജ് കുറൂരുമായുള്ള മുഖാമുഖം നടന്നത്. വൈകിട്ട് 7.15 മുതൽ 8.15 വരെ ഇന്റലെക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ, മനോജ് കുറൂരിന്റെ  ‘എഴുത്ത്‘ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പുസ്തകം ഏറ്റുവാങ്ങി.

കവിതയിൽ സ്വാഭാവികമായി ലയിച്ചിരിക്കുന്ന താള സാന്നിദ്ധ്യത്തെ തിരിച്ചറിയുക പ്രധാനമാണെന്ന് മേള വിദ്വാൻ കൂടിയായ മനോജ് കുറൂർ ചൂണ്ടിക്കാട്ടി. കുഞ്ചൻ നമ്പ്യാർ മുതൽ കടമ്മനിട്ട വരെയുള്ള കവികളുടെ കൃതികളിൽ അറിഞ്ഞും അറിയാതെയും ഈ താളസാന്നിധ്യം നാം അനുഭവിക്കുന്നുണ്ട്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്വന്തം കവിത അവതരിപ്പിച്ചും സ്വയം ചെണ്ട വാദനം നടത്തിയും അദ്ദേഹം ആസ്വാദകർക്ക് പുതിയൊരു അനുഭവം ഒരുക്കി.

ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ നാലാം ദിനമായ നവംബർ 6 ശനിയാഴ്ച, പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം നടക്കും. വൈകിട്ട് 8 മണിമുതൽ 9 മണിവരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ പുസ്തകത്തിന്റെ എഴുത്തു വഴികളെക്കുറിച്ച് എഴുത്തുകാരൻ ആസ്വാദകരോട് സംവദിക്കും.

വൈകിട്ട് 7.15 മുതൽ 8.15 വരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ്‌വി ‘എ റൂഡ് ലൈഫ്’ എന്ന തന്റെ പുതിയ കൃതിയെ ആസ്വാദകർക്ക് പരിചയപ്പെടുത്തും. ദൈനംദിന ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി നിരന്തരം എഴുതുന്ന ഒരാളെന്ന നിലയിലും അദ്ദേഹം സദസ്സിനോട് സംവദിക്കും.

സാധാരണ മലയാളിയുടെ മുന്നിലേക്ക് ലോകത്തിന്റെ ജാലകം തുറന്നിട്ട സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിധ്യവും ശനിയാഴ്ച ആസ്വാദകർക്ക് ആവേശമാകും. 8.30 മുതൽ 9.30 വരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ തന്റെ ലോക സഞ്ചാരത്തെക്കുറിച്ചും ബഹിരാകാശ വിനോദയാത്രയ്ക്കായി രുപീകരിച്ച വിർജിൻ ഗാലക്ടിക് സ്ഥാപനവുമായി ബന്ധപ്പെട്ടതിനെക്കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കും.

അഞ്ചാം ദിനമായ നവംബർ 7 ഞായറാഴ്ച, വൈകിട്ട് 8.00 മുതൽ 9.00 മണിവരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഇന്ത്യൻ വ്യവസായി ഹർഷ് മരിവാലാ സംസാരിക്കുന്നു.  ഭക്ഷ്യരംഗത്തു പ്രവർത്തിച്ചിരുന്ന കുടുംബ സംരംഭത്തെ ‘മാരി കോ’ എന്ന വൻ വ്യവസായ ശൃഖലയാക്കി മാറ്റിയ കഥ അദ്ദേഹം സദസ്സിനോട് പ ങ്കുവയ്ക്കും.

ശനിയും ഞായറുമായി നടക്കുന്ന പ്രധാന പരിപാടികൾ 

നവംബർ 6 ശനി 

1. വേദി : ഇൻറലക്ച്വൽ ഹാൾ
7.15 PM- 8.15 PM : വീർ സംഘ്‌വി.
ഇന്ത്യൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ്‌വി ‘എ റൂഡ് ലൈഫ്’ എന്ന തന്റെ പുതിയ കൃതിയെക്കുറിച്ച് സംസാരിക്കുന്നു.

2. വേദി : ബാൾ റൂം
8.00 PM- 9.00 PM : ചേതൻ ഭഗത്.
പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം. പുസ്തകത്തിന്റെ എഴുത്തു വഴികളെക്കുറിച്ച് എഴുത്തുകാരന്റെ സംവാദവും.

3. വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.45 PM : സന്തോഷ് ജോർജ് കുളങ്ങര.
തന്റെ ലോക സഞ്ചാരത്തെക്കുറിച്ചും ബഹിരാകാശ വിനോദയാത്രയ്ക്കായി രുപീകരിച്ച വിർജിൻ ഗാലക്ടിക് സ്ഥാപനവുമായി ബന്ധപ്പെട്ടതിനെക്കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നു.

നവംബർ 7 ഞായർ 

വേദി : ഇന്റലെക്ച്വൽ ഹാൾ
8.00 PM- 9.00 PM : ഹർഷ് മരിവാലാ.
പ്രമുഖ ഇന്ത്യൻ വ്യവസായി ഹർഷ് മരിവാലാ സംസാരിക്കുന്നു. ഭക്ഷ്യരംഗത്തു പ്രവർത്തിച്ചിരുന്ന കുടുംബ സംരംഭത്തെ ‘മാരി കോ’ എന്ന വൻ വ്യവസായ ശൃഖലയാക്കി മാറ്റിയ കഥ പങ്കുവയ്ക്കുന്നു.

പുസ്തകമേള  നവംബർ  13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കും. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്.

ഇന്ത്യയിൽ നിന്നുള്ള പ്രസാധകരിൽ പ്രധാനിയും മലയാള പ്രസാധക രംഗത്തെ പ്രമുഖരുമായ ഡി സി ബുക്സ് ഇത്തവണയും വൈവിധ്യമാർന്ന വൻ പുസ്തക ശേഖരവുമായി മുൻനിരയിലുണ്ട്. ഹാൾ നമ്പർ 6 ലും 7 ലുമായി 30 സ്റ്റാളുകളിലായാണ് ആസ്വാദകർക്കായി ഡി സി ബുക്സ് പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇനി വരുന്ന 10 ദിവസങ്ങളിൽ വിവിധ സാഹിത്യ, കലാ, സാംസ്‌കാരിക രംഗത്തു നിന്നുള്ള പ്രമുഖർ പുസ്തകോത്സവ നഗരിയിൽ ആസ്വാദകരോട് സംവദിക്കും. ഒപ്പം, യൂ ട്യൂബ് അടക്കമുള്ള നവമാധ്യമ രംഗത്തെ ജനപ്രിയ താരങ്ങളും ഇത്തവണ മേളയിലുണ്ട്. മലയാളത്തിൽ നിന്ന്, പ്രഗത്ഭ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പിഎഫ് മാത്യൂസ്, കവിയും വാദ്യ വിദ്വാനുമായ മനോജ് കൂറൂർ, സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, എഴുത്തുകാരി ദീപ നിശാന്ത് എന്നിവർ ഇത്തവണ മേളയിൽ സംബന്ധിക്കും. ഡിസി ബുക്സ് പുറത്തിറക്കുന്ന തങ്ങളുടെ പുതിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കും.

കടപ്പാട്-സോണിയ ഷിനോയ് പുല്‍പ്പാട്ട്

Comments are closed.